Skip to main content

അട്ടപ്പാടിയില്‍ മാനസികമായി തളര്‍ന്നവര്‍ക്ക് കൈത്താങ്ങാകാന്‍ 'പുനര്‍ജനി' ഒരുങ്ങുന്നു

 

മാനസികരോഗബാധിതരായ ആദിവാസികള്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനും തുടര്‍ചികിത്സ നടത്തുന്നതിനുമായി അട്ടപ്പാടിയില്‍ 'പുനര്‍ജനി' ഒരുങ്ങുന്നു. മണ്ണാര്‍ക്കാട് താലൂക്കിലും അട്ടപ്പാടി മേഖലയിലും മാനസികമായി തളരുന്നവരെ കണ്ടെത്തി താമസിപ്പിച്ച് ചികിത്സ നല്‍കുന്നതിനും തുടര്‍ചികിത്സ നടത്തുന്നതിനുമായാണ് പുനര്‍ജനി എന്നപേരില്‍ പുനരധിവാസകേന്ദ്രം ഒരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ആദിവാസി യുവാവ് മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് പാലക്കാട് മുക്കാലിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകനയോഗത്തിനിടെ സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ക്ക് നല്‍കിയ നിര്‍ദേശപ്രകാരമാണ് പുനരധിവാസകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. 
അട്ടപ്പാടി മേഖലയില്‍ മാനസിക സന്തുലനം നഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായുള്ള അട്ടപ്പാടി ട്രൈബല്‍ ഹെല്‍ത്ത് നോഡല്‍ ഓഫീസറുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നാഷ്ണല്‍ ഹെല്‍ത്ത് മിഷന്‍ 165 ഓളം പട്ടികവര്‍ഗ്ഗ ഊരുകളില്‍ സര്‍വ്വേ നടത്തി. ഇതുപ്രകാരം ഫ്രാങ്ക് സൈക്കോസിസ് മുതല്‍ മൂഡ് ഡിസോഡര്‍, ഷിസ്വോഫീനിയ എന്നീ അവസ്ഥകള്‍ പലരിലും കണ്ടെത്തി. ഇവരില്‍ നല്ലൊരുപങ്കും ചികിത്സ ലഭിക്കാത്തവരും പലകാരണങ്ങളാലും തുടര്‍ ചികിത്സ നടത്താത്തവരുമാണ്. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന ഇവരുടെ പുനരധിവാസത്തിനാണ് പുനര്‍ജനി ഒരുക്കുന്നത്. 
         നിര്‍മ്മിതികേന്ദ്രയുടെ മേല്‍നോട്ടത്തില്‍ അട്ടപ്പാടി കാവുണ്ടിക്കലിലെ കാരുണ്യാശ്രമം നവീകരിച്ചാണ് പുനര്‍ജനി നിര്‍മ്മിച്ചിരിക്കുന്നത്. സാമൂഹ്യനീതി വകുപ്പ്, ആരോഗ്യവകുപ്പ്, പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ മേല്‍നോട്ടച്ചുമതല ജില്ലാ സാമൂഹ്യനീതി വകുപ്പിനാണ്. പുനര്‍ജനിയില്‍ 50 ഓളം പേരെ താമസിപ്പിച്ച് ചികിത്സിക്കുന്നതിനുള്ള സൗകര്യമുണ്ടാവും. ചികിത്സാ സേവനത്തിനുപുറമെ രോഗികള്‍ക്കുള്ള ഭക്ഷണം, വസ്ത്രം തുടങ്ങിയവയും പുനര്‍ജനിയില്‍ സൗജന്യമായി ലഭിക്കും.

date