Skip to main content

ഒരുമയുടേയും ഐക്യത്തിന്റെയും പ്രതീകമായി ധനമന്ത്രി വൃക്ഷതൈനട്ടു

ചെങ്ങന്നൂർ : നാടും, നാട്ടുകാരും  കക്ഷി, രാഷട്രീയത്തിന് അതീതമായി  നാടിന്റെ പച്ചപ്പ് വീണ്ടെടുക്കാനും, ജലസംരക്ഷണത്തിനുമായി ഒത്തു കൂടിയപ്പോൾ അവർക്കൊപ്പം സംസ്ഥാന സർക്കാർ പ്രതിനിധിയായി ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കും. പ്രധാന നദികളായ അച്ചൻകോവിലാറിനേയും, പമ്പയാറിനേയും ബന്ധിപ്പിക്കുന്ന കുട്ടമ്പേരൂർ ആറിന്റെ രണ്ടാം ഘട്ട നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പരിസ്ഥതി ദിനത്തിൽ ആറിന്റെ ഇരുവശങ്ങളിലുമായി ബണ്ടുകളിൽ അയ്യായിരത്തോളം ഔഷധച്ചെടികളും, ഫലവൃക്ഷതൈകളുമാണ് നട്ടുപിടിപ്പിച്ചത്. 
കുട്ടമ്പേരൂർ ആറിന്റെ  രണ്ടാംഘട്ട നവീകരണപ്രവർത്തനങ്ങൾ എണ്ണയ്ക്കാട് പാപ്പാടി കടവ് മുതൽ  വലിയപറമ്പിൽ  കടവുവരെ  പൂർത്തിയായിവരികയാണ്. സജിചെറിയാൻ എം.എൽ.എ., നിയുക്ത എം.പി.  കൊടിക്കുന്നിൽ സുരേഷ്, ബുധനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. വിശ്വംഭരപണിക്കർ, വൈസ് പ്രസിഡന്റ് പുഷ്പലത മധു എന്നിവർക്കൊപ്പം വള്ളത്തിലാണ് യോഗം നടക്കുന്ന എണ്ണയ്ക്കാട്-കുട്ടമ്പേരൂർ കടവിൽ മന്ത്രി എത്തിയത്. ആയിരക്കണക്കിന് ആളുകൾ മന്ത്രിയെ വായ്ക്കുരവകളുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത്. 
ഉളുന്തിയിൽ തുടങ്ങി  മാന്നാർ ,ബുധനൂർ ഗ്രാമ പഞ്ചായത്ത് അതിർത്തികളിലൂടെ  ഒഴുകുന്ന കുട്ടമ്പേരൂർ ആറിന് 12 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. പോളയും, കുളവാഴയും  നിറഞ്ഞും കൈയ്യേറ്റത്താലും  അനാഥമായ ആറിനെ വീണ്ടെടുക്കുകെയെന്ന ലക്ഷ്യത്തോടെ  ബുധനൂർ ഗ്രാമ പഞ്ചായത്താണ്  പദ്ധതി ആവിഷ്‌കരിച്ചത്.  2016 ഡിസംബർ 21ന്  ആറിന്റെ നവീകരണ പ്രവർത്തനം   പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. 20 മീറ്റർ മുതൽ 120 മീറ്റർ വരെ വീതിയുണ്ടായിരുന്ന  ആറ് നവീകരണപ്രവർത്തനങ്ങളുടെ  ഭാഗമായി   വീണ്ടെടുക്കാൻ കഴിഞ്ഞു. . തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 700 തൊഴിലാളികൾ 90 ദിവസം അധ്വാനിച്ചാണ് ഈ വിജയം നേടിയത്.  പദ്ധതിയുടെ പ്രവർത്തനവും  വിജയവും അറിഞ്ഞ് ഇതു മനസിലാക്കാനും, പഠിക്കാനും  സ്വദേശത്തുനിന്നും വിദേശത്തുനിന്നും നിരവധി സംഘങ്ങൾ എത്തി.   കേന്ദ്ര സർക്കാരിന്റെ ഉൾപ്പെടെ നിരവധി അവാർുഡുകളും, അംഗീകാരവും കുട്ടമ്പേരൂർ ആറുമായി ബന്ധപ്പെട്ട് ബുധനൂർ ഗ്രാമപഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്. 
ആറിന്റെ രണ്ടാംഘട്ടത്തിന്റെ പുനരുദ്ധാരണത്തിന് നാലുകോടി രൂപയുടെ അനുവാദം ലഭിച്ചിട്ടുണ്ട്. ടൂറിസം വികസനത്തിലൂടെ  പ്രാദേശിക വികസനം ലക്ഷ്യമാക്കി ഒട്ടേറെ പദ്ധതികളും അനുബന്ധമായി നടപ്പാക്കാൻ ഉദ്ദേശ്യമുണ്ടെന്ന് ബുധനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി വിശ്വംഭരപണിക്കർ പറഞ്ഞു. രാവിലെ അച്ചൻകോവിൽ ആറിലേക്കും, വൈകിട്ട് പമ്പയാറ്റിലേക്കും ഒഴുകുന്ന ആറെന്ന പ്രത്യേകതകൂടി കുട്ടമ്പരൂർ ആറിനുണ്ടെന്നും, ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്ന ഏറ്റവും ദൂരത്തുനിന്നും എത്തുന്ന ചെന്നിത്തല പള്ളിയോടം പോകുന്നതും കുട്ടമ്പേരൂർ ആറിലൂടെയാണെന്നതും ഇതിന്റെ വിനോദസഞ്ചാര സാധ്യതകൾ വർധിപ്പിക്കും. 
  
വനം വന്യ ജീവി വകുപ്പ്
പരിസ്ഥിതി   ദിനാഘോഷം

പറവൂർ : വനം വന്യ ജീവി സാമൂഹ്യ വനവത്കരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിന്റെ  ജില്ലാതല ഉദ്ഘടനം പറവൂർ ജി.എച്.എസ്.എസിൽ നിയുക്ത എം.പി.  എ.എം. ആരിഫ്  നിർവഹിച്ചു. പറവൂർ ലൈബ്രറിയിൽ നിന്ന് ആരംഭിച്ച പരിസ്ഥിതി ദിന റാലി ഗ്രന്ഥശാല പ്രവർത്തകരും യുവത, ബാലവേദി പ്രവർത്തകരും അണിനിരന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ജുനൈദ്, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസെർവേറ്റർ ഫെൻ ആന്റണി, പുന്നപ്ര വടക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു.

പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി.

അമ്പലപ്പുഴ: പരിസ്ഥിതി ദിനത്തിൽ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി. ജില്ലയിൽ എല്ലാ പഞ്ചായത്തുകളിലും വാർഡുകൾ കേന്ദ്രീകരിച്ച് വൃക്ഷത്തൈകൾ നട്ടുവളർത്തി ചെറുവനങ്ങൾ രൂപപ്പെടുത്തിയെടുക്കുന്ന പദ്ധതിക്കാണ് ഹരിത കേരള മിഷൻ തുടക്കമിട്ടത്. തണൽ മരങ്ങളും ഔഷധസസ്യങ്ങളുമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തെ നേരിടുന്നതിനുള്ള പ്രാദേശിക പ്രതിരോധ മാതൃകയായാണ് പച്ചത്തുരുത്ത് ആരംഭിച്ചത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തിൽ നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ പദ്ധതിയുടെ ഉദ്ഘാടനം ചെയ്തു.  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ലാൽ അധ്യക്ഷത വഹിച്ചു.ഹരിത കേരള മിഷൻ ജില്ല കോ-ഓർഡിനേറ്റർ കെ.എസ്.രാജേഷ് പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് ശ്രീജ രതീഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ: ആർ.ശ്രീകുമാർ ,ശോഭ ബാലൻ, രതിയമ്മ, അംഗങ്ങളായ രമാദേവി, മായ, സബിത, സെക്രട്ടറി എം.പി.ഹരികൃഷ്ണൻ, ഡോ. ഡാർളി ജയിംസ്, ഡോ. പ്രസീത, പാർവതി, വിദ്യ, ഉഷ. പ്രത്യുഷ എന്നിവർ പങ്കെടുത്തു.

കാർ/ജീപ്പ്  വാടകയ്ക്ക് ആവശ്യമുണ്ട്

    ആലപ്പുഴ: സാമൂഹിക നീതി വകുപ്പിനു കീഴിലുള്ള പട്ടണക്കാട് ഐ.സി.ഡി.എസ് പ്രൊജക്ട്  ഓഫീസിന്റെ ആവശ്യങ്ങൾക്കായി കാർ/ജീപ്പ്  വാടകക്ക് നൽകാൻ സന്നദ്ധതയുള്ളവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 20. വിശദവിവരത്തിന് ഫോൺ: 0478-2562413, 828199144.

അന്ത്യോദയ വിഭാഗക്കാർക്ക് ഈമാസം
സൗജന്യമായി 30 കിലോ അരി

ആലപ്പുഴ: എ.എ.വൈ വിഭാഗത്തിൽപ്പെട്ടവർക്ക് കാർഡിന് 30 കിലോഗ്രാം അരിയും അഞ്ചു കിലോഗ്രാം ഗോതമ്പും സൗജന്യമായും ഒരു കിലോഗ്രാം പഞ്ചസാര 21 രൂപ നിരക്കിലും ലഭിക്കും. മുൻഗണന വിഭാഗത്തിൽപ്പെട്ട കാർഡുകളിലെ ഓരോ അംഗത്തിനും നാലു കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും കിലോഗ്രാമിന് രണ്ടു രൂപ നിരക്കിൽ ലഭിക്കും. പൊതുവിഭാഗം സബ്സിഡി വിഭാഗത്തിൽപ്പെട്ടവർക്ക് കിലോഗ്രാമിന് നാലു രൂപ നിരക്കിൽ ഓരോ അംഗത്തിനും രണ്ടു കിലോഗ്രാം അരിയും കാർഡൊന്നിന് കിലോയ്ക്ക് 17 രൂപ നിരക്കിൽ മൂന്നു കിലോഗ്രാം ആട്ടയും ലഭിക്കും. പൊതുവിഭാഗത്തിൽപ്പെട്ടവർക്ക് ആറു കിലോഗ്രാം ഭക്ഷ്യധാന്യം കിലോയ്ക്ക് 10.90 രൂപ നിരക്കിലും, കിലോയ്ക്ക് 17 രൂപ നിരക്കിൽ 3 കിലോഗ്രാം ആട്ടയും ലഭിക്കും. വൈദ്യുതീകരിച്ച വീടുളള കാർഡുകൾക്ക് ഒരു ലിറ്റർ മണ്ണെണ്ണയും വൈദ്യുതീകരിക്കാത്ത വീടുളള കുടുംബങ്ങൾക്ക് നാലു ലിറ്റർ മണ്ണെണ്ണയും  ലഭിക്കും.  കൂടുതൽ വിവരത്തിന് ഫോൺ :താലൂക്ക് സപ്ലൈ ഓഫീസ്, ചേർത്തല :0478-2823058,അമ്പലപ്പുഴ   :0477-2252547, കുട്ടനാട് :0477-2702352, കാർത്തികപ്പളളി :0479-2412751,   മാവേലിക്കര :0479-2303231, ചെങ്ങന്നൂർ :0479-2452276,ആലപ്പുഴ :0477-2251674

date