Skip to main content

നിറപ്പകിട്ടില്‍ പ്രവേശനോത്സവം വിദ്യാഭ്യാസ മേഖലയില്‍ ഗുണപരമായ മാറ്റങ്ങള്‍ തുടരും-മന്ത്രി പി. തിലോത്തമന്‍

ഒന്നു  മുതല്‍ 12  വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ ഒന്നിച്ചു പങ്കെടുത്ത ആദ്യ പ്രവേശനോത്സവം അവിസ്മരണീയമാക്കി കോട്ടയം ജില്ലയിലെ സ്കൂളുകള്‍. വാദ്യഘോഷങ്ങളും വര്‍ണ്ണക്കുടകളും പാട്ടും കളികളുമൊരുക്കിയും മധുരം നല്‍കിയുമാണ് സ്കൂളുകള്‍ വിദ്യാര്‍ഥികളെ വരവേറ്റത്.  അധ്യാപകര്‍ക്കൊപ്പം രക്ഷിതാക്കളും പ്രവേശനോത്സവാഘോഷത്തില്‍ പങ്കാളികളായി. 

പനമറ്റം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ജില്ലാതല പ്രവേശനോത്സവം ഭക്ഷ്യ-പൊതു വിതരണ വകുപ്പു മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ ഗുണപരമായ മാറ്റങ്ങള്‍ക്ക് വഴിതെളിഞ്ഞ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി തുടരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

പഠന സൗകര്യങ്ങളിലും ഭൗതിക സാഹചര്യങ്ങളിലും ഗണ്യമായ പുരോഗതി കൈവരിക്കാന്‍ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ഹൈടെക് ക്ലാസ്മുറികളും നിലവാരമുള്ള കളിസ്ഥലവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ എല്ലാ സ്കൂളുകളിലും സജ്ജമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മിടുക്കരായ പുതുതലമുറയെ സൃഷ്ടിക്കുന്നതിനു ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ അധ്യാപകര്‍ സമര്‍പ്പിത മനോഭാവത്തോടെ പങ്കാളികളാകണം-അദ്ദേഹം നിര്‍ദേശിച്ചു. 

ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു മുഖ്യപ്രഭാഷണം നടത്തി. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം. പി സുമംഗലാദേവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിദ്യാര്‍ഥികള്‍ക്കായുള്ള വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ. പ്രസാദ് വായിച്ചു. 

പനമറ്റം ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കഴിഞ്ഞ  എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍  എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു. 
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു പൂവേലില്‍, സൂര്യമോള്‍, ഹയര്‍ സെക്കന്‍ഡറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സി. ബീനുകുമാരി, എസ്.എസ്.എ ഡിപിഒ സാബു ഐസക്, ജില്ലാ വിദ്യാഭ്യസ ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതല വഹിക്കുന്ന സി.കെ രാജ്, കാഞ്ഞിരപ്പള്ളി ഡി.ഇ.ഒ കെ. ആശിഷ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.കെ. ഹരികൃഷ്ണന്‍,  ഹെഡ്മാസ്റ്റര്‍ മുഹമ്മദ് അലി, പിടിഎ പ്രസിഡന്‍റ് എസ്. മനോജ്, പ്രൊഫ. എം.കെ. രാധാകൃഷ്ണന്‍, ഡോ. അജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

date