Skip to main content

അക്ഷരവിത്ത് നട്ട് ജില്ലാതല സ്‌കൂള്‍ പ്രവേശനം

അക്ഷരങ്ങളുമായി കൂട്ടുകൂടാനെത്തിയ കുരുന്നുകള്‍ക്ക് ഉല്‍സവച്ഛായ നിറഞ്ഞ അന്തരീക്ഷത്തില്‍ രാജകീയ വരവേല്‍പ് നല്‍കി ആയിത്തറ മമ്പറം ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍. കളിചിരികളുടെയും പുത്തനുടുപ്പുകളുടെയും വര്‍ണ കടലാസുകളുടെയും സന്തോഷം നിറഞ്ഞുനിന്ന ചുറ്റുപാടില്‍ സ്‌കൂള്‍ പ്രവേശനം ഗ്രാമത്തിന്റെ ഉത്സവമായി മാറി. എസ് എസ് എല്‍ സി പരീക്ഷയില്‍ തുടര്‍ച്ചയായി 13 വര്‍ഷം 100 ശതമാനം വിജയം കൈവരിച്ച ഒരു ഗ്രാമീണ സര്‍ക്കാര്‍ വിദ്യാലയത്തിന് ലഭിച്ച വലിയ അംഗീകാരമായി ജില്ലാതല പ്രവേശനോത്സവം മാറി. 
മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ താളമേളത്തിന്റെയും വാദ്യഘോഷത്തിന്റെയും അകമ്പടിയോടെയാണ് ഓരോ കുട്ടിയെയും സ്‌കൂളിലേക്ക് വരവേറ്റത്. സംസ്ഥാനത്താദ്യമായി അക്ഷരവിത്ത് എന്ന പരിപാടിക്ക് തുടക്കം കുറിച്ചു എന്ന പ്രത്യേകതയും ഈ സ്‌കൂളിനു സ്വന്തം. പഠനവും കലാപരമായ കഴിവുകളും മാത്രമല്ല  കൃഷിയോടുള്ള താല്‍പര്യവും കുട്ടികളില്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പരിപാടിയാണ്് അക്ഷരവിത്ത്്. സ്‌കൂളിന്റെ മുറ്റത്ത് 51 മലയാള അക്ഷരങ്ങള്‍ എഴുതിയ ചെടിച്ചട്ടികളില്‍ നെല്ലും മുളക്, തക്കാളി, വെണ്ട, വെള്ളരി തുടങ്ങി വിവിധയിനം പച്ചക്കറികളുടെ വിത്തുകള്‍ നട്ടാണ് അക്ഷരവിത്ത് പദ്ധതിക്ക് തുടക്കം കുറിച്ചത്. നാട്ടുകാരില്‍ നിന്നും, പിടിഎ അംഗങ്ങളില്‍ നിന്നുമാണ് വിത്തുകള്‍ ശേഖരിച്ചത്. വരും വര്‍ഷങ്ങളില്‍ സ്‌കൂളിലേക്കാവശ്യമായ പച്ചക്കറികള്‍ ഇവിടെ നിന്നുതന്നെ ഉദ്പാദിപ്പിക്കാനാകുമെന്ന ശുഭപ്രതീക്ഷയിലാണിവര്‍.
സ്‌കൂളിലെ കൊച്ചുമിടുക്കികള്‍  മനോഹരമായ നൃത്താവിഷ്‌ക്കാരത്തിലൂടെ പ്രവേശനോത്സവഗാനം അവതരിപ്പിച്ചു. പരിപാടിയില്‍ സമഗ്ര ശിക്ഷാ കേരളയുടെ മട്ടന്നൂര്‍ ബി ആര്‍ സി യുടെ നേതൃത്വത്തില്‍ ജില്ലാ തല പവലിയന്‍ തയ്യാറാക്കിയിരുന്നു. സുരിലി ഹിന്ദി, ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം തുടങ്ങി പഠനപോഷണ പരിപാടികളുടെ പാനലുകളും വിദ്യാലയങ്ങള്‍ക്ക് നല്‍കിയ വിവിധ കൈപുസ്തകങ്ങള്‍ , വായന കാര്‍ഡ്, ഹലോ ഇംഗ്ലീഷ് ടീച്ചേഴ്സ് ജേണല്‍, ഗണിത ലാബ് മോഡല്‍ എന്നിവയുടെ മാതൃകയും സ്റ്റാളില്‍ സജ്ജമാക്കിയിരുന്നു. ഭിന്നശേഷി വിഭാഗം കുട്ടികളുടെ പഠന സഹായ ഉപകരണങ്ങളായ പസില്‍സ്, പെഗ് ബോര്‍ഡ്, ത്രീഡി ബീഡ്, തുടങ്ങിയവയും പ്രദര്‍ശനത്തിനുണ്ടായിരുന്നു.
പി എന്‍ സി/1859/2019
 

date