Skip to main content

അടിമാലിയില്‍ പ്രവേശനോത്സവം

 അടിമാലി ഉപജില്ലക്ക് കീഴിലെ വിവിധ വിദ്യാലയങ്ങളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു.അറിവിന്റെ അക്ഷരമുറ്റത്തേക്ക് പിച്ചവയ്ക്കുന്ന കുരുന്നുകളെ വരവേല്‍ക്കാന്‍ എല്ലാ വിദ്യാലയങ്ങളിലും വര്‍ണ്ണാഭമായ പ്രവേശനോത്സവ ആഘോഷങ്ങളായിരുന്നു ഒരുക്കിയിരുന്നത്.അടിമാലി പഞ്ചായത്തുതല ഉദ്ഘാടനം ചില്ലിത്തോട് സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ രാജിവ് നിര്‍വഹിച്ചു.28 കുട്ടികള്‍ ഈ പൊതു വിദ്യാലയത്തില്‍ പുതിയതായി പ്രവേശനം നേടി. കല്ലാര്‍കുട്ടി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലായിരുന്നു വെള്ളത്തൂവല്‍ പഞ്ചായത്തുതല പ്രവേശനോത്സവം ഒരുക്കിയിരുന്നത്.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി ആര്‍ ബിജി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.106 കുട്ടികളാണ് ഇത്തവണ സ്‌കൂളില്‍ പുതിയതായി പ്രവേശനം നേടിയത്.അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ നടന്ന പ്രവേശനോത്സവ ചടങ്ങുകള്‍ ജില്ലാ പഞ്ചായത്തംഗം ഇന്‍ഫന്റ് തോമസ് നിര്‍വഹിച്ചു.145 കുട്ടികള്‍ അടിമാലിയില്‍ മാത്രം പ്രവേശനം നേടിയെന്നും പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം എടുത്ത കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുള്ളതായും അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലെ പ്രഥമാധ്യാപകന്‍ സക്കീര്‍ ഹുസൈന്‍ പറഞ്ഞു.110 കുട്ടികള്‍ പുതിയതായി എത്തിയ ആയിരമേക്കര്‍ ജനത യുപി സ്‌കൂളിലെ പ്രവേശനോത്സവ ഉദ്ഘാടനവും വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി ആര്‍ ബിജി നിര്‍വഹിച്ചു.അക്ഷരവെളിച്ചം നുകരാന്‍ എത്തിയ കുരുന്നുകള്‍ക്കായി വിവിധ കലാപരിപാടികള്‍ വിദ്യാലയത്തില്‍ ഒരുക്കി.പ്രളയാഘാതത്തെ അതിജീവിച്ച ആനവിരട്ടി സര്‍ക്കാര്‍ എല്‍പി സ്‌കൂളിലും തോട്ടം മേഖലയോടു ചേര്‍ന്നുള്ള കല്ലാര്‍ സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലും അടിമാലി എസ്എന്‍ഡിപി ഹയര്‍സെക്കണ്ടറി സ്‌കൂളിലും വിപുലമായ പ്രവേശനോത്സവ ആഘോഷങ്ങളായിരുന്നു സംഘടിപ്പിച്ചത്.അടിമാലി ഉപജില്ലക്ക് കീഴില്‍ 19 ഏകാധ്യാപക സ്‌കൂളുകള്‍ ഉള്‍പ്പെടെ 85 വിദ്യാലയങ്ങളാണുള്ളത്.അധ്യായന വര്‍ഷാരംഭത്തിന് മുന്നോടിയായി എല്ലാ വിദ്യാലയങ്ങളും നവാഗതരെ വരവേല്‍ക്കാന്‍ സജ്ജമാക്കിയിരുന്നു.
 

date