Skip to main content
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന റവന്യൂ അവലോകന യോഗത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു സംസാരിക്കുന്നു.

പ്രളയാനന്തര ഭവനപുനര്‍നിര്‍മാണം: നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം

 പ്രളയത്തെത്തുടര്‍ന്ന് ജില്ലയില്‍ തകര്‍ന്ന വീടുകള്‍ക്കു പകരം പുതിയവ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ചു ഇന്നലെ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍, സബ്കളക്ടര്‍ ഡോ. രേണു രാജ്, എഡിഎം അനില്‍ ഉമ്മന്‍, ആര്‍ഡിഒ എംപി വിനോദ് എന്നിവരും തഹസില്‍ദാര്‍മാരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. 
 പ്രളയത്തില്‍ ജില്ലയില്‍ വിവിധ താലൂക്കുകളിലായി 992 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. കെയര്‍ഹോം പദ്ധതി പ്രകാരം 212 വീടുകള്‍ പണി പൂര്‍ത്തിയായി. 755 വീടുകളുടെ നിര്‍മാണത്തിനു ആദ്യഗഡു സഹായം നല്‍കി. രണ്ടാംഗഡു- 429 വീടുകള്‍, മൂന്നാംഗഡു-201 വീടുകള്‍  എന്നിങ്ങനെ  സഹായം നല്‍കി. ഇതുവരെ ആകെ 20.29 കോടി രൂപയാണു വിതരണം ചെയ്തത്. 
 വീടു നിര്‍മാണത്തിനു ഗഡുക്കള്‍ കൊടുക്കുന്ന നടപടികള്‍ വേഗത്തിലാക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശിച്ചു. വീടുകളുടെ നിര്‍മാണത്തിനു ആവശ്യത്തിനു കരിങ്കല്ല് കിട്ടാനില്ലാത്തതു വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നു തഹസില്‍ദാര്‍മാര്‍ അറിയിച്ചു. പീരുമേട്, ദേവികുളം ഉള്‍പ്പെടെയുള്ള മേഖലകളിലേക്ക് അടിമാലിയില്‍ നിന്ന് കല്ല് എത്തിക്കേണ്ട സ്ഥിതിയാണ്. കൂടുതലും വീടുകള്‍ മലനിരകളിലാണ്. ഇതു ഭാരിച്ച ചെലവിനു കാരണമാകുന്നുണ്ട്. ഇക്കാര്യം പരിശോധിച്ച് ക്വാറികള്‍ക്കായി വസ്തുനിഷ്ഠമായി ലഭിച്ച അപേക്ഷകള്‍ പരിഗണിക്കണമെന്നു പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു. 
 പട്ടയത്തിനു ലഭിച്ച അപേക്ഷകള്‍  പരിശോധിച്ചു അവ എളുപ്പത്തില്‍ തീര്‍പ്പാക്കണം. ഓരോമാസവും നിശ്ചിത ലക്ഷ്യം വച്ച് പട്ടയം അനുവദിക്കാന്‍ നടപടികള്‍ സ്വീകരിക്കണം. അര്‍ഹതപ്പെട്ടവര്‍ക്കും പ്രശ്നങ്ങളില്ലാത്തതുമായ അപേക്ഷകര്‍ക്കു വേഗത്തില്‍ പട്ടയം അനുവദിക്കണം. ഇക്കാര്യത്തില്‍ പാവപ്പെട്ടവര്‍ക്കു മുന്‍ഗണന നല്‍കണമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശിച്ചു. 
 

date