Skip to main content

വിദേശജോലി തട്ടിപ്പ് :  നാലാഴ്ചക്കകം നടപടി വേണം

വിദേശത്ത് ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് പണം ഈടാക്കിയ ശേഷം വഞ്ചിച്ച സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവി വിഷയത്തിൽ ഇടപെട്ട് യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. നാലാഴ്ചയ്ക്കകം നടപടി സ്വീകരിക്കണം. സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ട് ലഭിച്ചശേഷം കേസ് തൃശൂരിൽ നടക്കുന്ന സിറ്റിങിൽ പരിഗണിക്കും. ചാലക്കുടി കോടശ്ശേരി സ്വദേശി ടിജോ പോൾ നൽകിയ പരാതിയിലാണ് നടപടി. തിരുവനന്തപുരം സ്വദേശി അഹമ്മദ് കബീർ, ഭാര്യ അസ്‌നാകബീർ, കോട്ടയം ടി.ബി. റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിന്റെ മാനേജർ മുഹമ്മദ് ആഷിക്, രഞ്ജിത്ത് എന്നിവർ ചേർന്ന് കാനഡയിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് 460000 രൂപ വാങ്ങിയ ശേഷം വഞ്ചിച്ചെന്നാണ് പരാതി. പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയെടുക്കാത്തതിനെ തുടർന്ന് ചാലക്കുടി ഫസ്റ്റ്ക്ലാസ്സ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പരാതിക്കാരൻ കേസ് ഫയൽ ചെയ്തു. സംഭവം അനേ്വഷിക്കാൻ കോടതി നിർദ്ദേശിച്ചിട്ടും യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസ് വൈമുഖ്യം കാണിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. എതിർകക്ഷികൾ 50 ലധികം വ്യക്തികളിൽ നിന്നും വിദേശജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചിട്ടുള്ളതായും പരാതിയിൽ പറയുന്നു. 

date