Skip to main content

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് തുടക്കമായി 

വിഷരഹിത പച്ചക്കറി ഉദ്പാദനം വര്‍ധിപ്പിക്കുന്നതിനായി കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും ഹരിത കേരള മിഷനും ചേര്‍ന്ന് നടത്തുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം പടിഞ്ഞാറത്തറ ഡബ്ല്യു.എം.ഒ ഗ്രീന്‍മൗണ്ട് പബ്ലിക് സ്‌കൂളില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ഓണത്തിന് ആവശ്യമായ പച്ചക്കറികള്‍ വിഷരഹിതമായി ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 10 രൂപ വിലയുള്ള 59000 പച്ചക്കറി വിത്ത് പാക്കറ്റുകള്‍ കര്‍ഷകര്‍ക്കും 1,51,000 വിത്ത് പാക്കറ്റുകള്‍ വിദ്യാര്‍ഥികള്‍ക്കും 10,000 പാക്കറ്റുകള്‍ എന്‍ജിഒകള്‍ വഴി കൂട്ടായ്മകള്‍ക്കും വിതരണം ചെയ്യും. കൂടാതെ 70 ലക്ഷം പച്ചക്കറികളും 2000 രൂപ വിലയുള്ള 25 ഗ്രോബാഗുകള്‍ അടങ്ങിയ ആയിരം യൂണിറ്റുകളും ചെറിയ തുക ഈടാക്കി കര്‍ഷകര്‍ക്ക് ലഭ്യമാക്കും. 70 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷിത്തോട്ടം നടപ്പാക്കും. പച്ചക്കറി വികസന പദ്ധതിക്കായി 2019-20 വര്‍ഷത്തില്‍ ജില്ലയില്‍ 3.10 കോടി രൂപ ചിലവഴിക്കും.
പച്ചപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ഓണക്കാലത്ത് ആവശ്യമായ പച്ചക്കറികള്‍ വിഷരഹിതമായി ഉല്‍പാദിപ്പിക്കുന്നതിന് വീട്ടുകൂട്ടങ്ങളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പച്ചക്കറി വിത്ത് വിതരണത്തിന്റെ ഉദ്ഘാടനം ഇതോടൊപ്പം നടത്തി. പച്ചക്കറി കൃഷിയില്‍ മികവുപുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കും സ്‌കൂളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കര്‍ഷകര്‍ക്കും ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ഒരു ലക്ഷ്യം രൂപ വരെയുള്ള പുരസ്‌കാരങ്ങളും എര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ലാല്‍ ടി ജോര്‍ജ് പദ്ധതി വിശദ്ദീകരിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ മമ്മൂട്ടി, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്   വൈസ് പ്രസിഡന്റ് നസീമ പൊന്നാണ്ടി, സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.ഇ ഹാരിസ്, ഉഷാ വര്‍ഗീസ്, ഡബ്ല്യു.എം.ഒ ഗ്രീന്‍മൗണ്ട് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.എച്ച് നൗഷാദ്, പടിഞ്ഞാറത്തറ കൃഷി ഓഫീസര്‍ വി.സായൂജ് തുടങ്ങിയവര്‍ സംസാരിച്ചു.
 

date