Skip to main content

ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാം ജില്ലയില്‍ 77 കോടിയുടെ  പദ്ധതികള്‍

      ആസ്പിരേഷണല്‍ ഡിസ്ട്രിക് പ്രോഗാമില്‍ ജില്ലയില്‍ 77 കോടി രൂപയുടെ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. 46.2 കോടിയുടെ ജില്ലാ കര്‍മ്മ പദ്ധതിയും 31 കോടിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ടിനും വേണ്ടിയുളള പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതിനായുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് നീതി ആയോഗിന് സമര്‍പ്പിക്കാന്‍  സ്റ്റേറ്റ് നോഡല്‍ ഓഫീസറും  പ്ലാനിംഗ് ആന്റ് എക്കണോമിക് അഫേഴ്‌സ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഡോ.എ.ജയതിലക് നിര്‍ദ്ദേശിച്ചു. ആസൂത്രണ ഭവനില്‍ ചേര്‍ന്ന ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാം അവലോകനയഗോത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യം, വിദ്യാഭ്യാസം, കൃഷിയും ജലവിഭവവും, ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍,നൈപുണ്യവികസനം,പശ്ചാത്തല വികസനം എന്നീ പദ്ധതിയുടെ ആടിസ്ഥാന മേഖലകളിലെ കൈവരിച്ച പുരോഗതിയാണ് യോഗം വിലയിരുത്തിയത്. ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ഹഡ്‌കോ, ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍ എന്നിവരാണ് സി.എസ്.ആര്‍ ഫണ്ടിംഗ് നല്‍കുന്നത്.   ആസ്പിരേഷണല്‍ ഡിസ്ട്രിക് പ്രോഗാമില്‍ ഉള്‍പ്പെടുത്തി പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മാത്രമായി ഐ.ടി.ഐ സ്ഥാപിക്കുന്നതിനുളള സാധ്യത പരിശോധിക്കണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. ജൂണ്‍ 15 ന് നടക്കുന്ന നീതി ആയോഗ് ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം അവതരിപ്പിക്കുമെന്ന് ഡോ.എ.ജയതിലക് പറഞ്ഞു.  ജില്ലയുടെ പുരോഗതിക്ക് സഹായകരമാകുന്ന ആശയങ്ങളും വിവിധ വകുപ്പ് തലങ്ങളില്‍ നിന്നും ആരാഞ്ഞു. 
      രാജ്യത്ത് വയനാട് ഉള്‍പ്പെടെ 117 ജില്ലകളെയാണ്    ആസ്പിരേഷണല്‍ ഡിസ്ട്രിക് പ്രോഗാമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് വയനാട് ജില്ല മാത്രമാണുളളത്. കേന്ദ്ര സംസ്ഥാന പദ്ധതികളുടെ ഏകോപനവും സഹകരണവും വികസന രംഗത്ത് ജില്ലകള്‍ തമ്മിലുളള ആരോഗ്യകരമായ മത്സരവും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഓരോ ജില്ലയുടെയും  റാങ്ക് നിര്‍ണ്ണയിക്കാന്‍ നീതി ആയോഗ് അടിസ്ഥാന  മേഖലയില്‍ 49 സൂചകങ്ങളിലായി 81 ഡാറ്റാ പോയിന്റുകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മേഖലയുടെ പുരോഗതിക്കനുസരിച്ച് ജില്ലകളുടെ റാങ്കിംഗ് മെച്ചപ്പെടുത്താനുള്ള  സോഫ്ട്‌വെയര്‍ തയ്യാറാക്കിയിട്ടുണ്ട്. 2018 ഏപ്രില്‍ മാസം മുതലാണ് പദ്ധതി തുടങ്ങിയത്. ജില്ലാകളക്ടറാണ് പദ്ധതിയുടെ ജില്ലാതല നോഡല്‍ ഓഫീസര്‍. യോഗത്തില്‍ ജില്ലാ പോലീസ് മേധാവി ആര്‍.കറപ്പസാമി, സബ്കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.എം സുരേഷ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date