Skip to main content

ഓറഞ്ച് അലർട്ട്: ഇന്നും നാളെയും വില്ലേജ് ഓഫീസുകൾ താലൂക്കുകളിൽ 24 മണിക്കൂർ കൺട്രോൾ റൂം · ദുരിതാശ്വാസ കേന്ദ്രങ്ങൾ കണ്ടെത്താൻ നിർദ്ദേശം · സ്‌കൂളുകളെ ഒഴിവാക്കണം · പൊലീസ് കൺട്രോൾ റൂം · പഞ്ചായത്ത്- വില്ലേജ് ഓഫീസുകൾ ഒന്നിച്ചു നീങ്ങും · സതുറന്ന് പ്രവർത്തിക്കും

·
 ആലപ്പുഴ: ജില്ലയിൽ ഇന്നും നാളെയും (8,9) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കനത്ത മഴയെ തുടർന്നുണ്ടാകാവുന്ന അടിയന്തര സാഹചര്യം നേരിടാൻ എല്ലാ ജീവനക്കാരും സന്നദ്ധരായിരിക്കണമെന്ന് എ.ഡി.എം ഐ.അബ്ദൂൾ സലാം. ഓറഞ്ച് അലർട്ടിന്റെ പശ്ചാത്തലത്തിൽ ഇന്നും നാളെയും വില്ലേജ് ഓഫീസുകൾ തുറന്ന് പ്രവർത്തിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. ആവശ്യമായ താലൂക്കുകളിൽ ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവർത്തിക്കാനാവുന്ന കെട്ടിടങ്ങൾ കണ്ടെത്താനും സ്‌കൂളുകളെ പരമാവധി ഈ പട്ടികയിൽ നിന്ന് ഒഴിവാക്കാനും നിർദ്ദേശമുണ്ട്. ഇതേക്കുറിച്ചാലോചിക്കാൻ വിളിച്ചു ചേർന്ന യോഗത്തിലാണ് എ.ഡി.എമ്മിന്റെ നിർദ്ദേശം.

താലൂക്ക് ആസ്ഥാനങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ജില്ലാ ആസ്ഥാനത്തെ ദുരന്തനിവാരണ വിഭാഗത്തിലെ കൺട്രോൾ റൂമിനു പുറമെ പൊലീസ് ആസ്ഥാനത്തും  കൺട്രോൾ റൂം തുറക്കും. കൺട്രോൾ റൂമിൽ 24 മണിക്കുറൂം ജീവനക്കാരുണ്ടെന്ന് ഉറപ്പാക്കണം.

ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ടി വന്നാൽ അവിടങ്ങളിൽ പുറമെ നിന്നുള്ള ഭക്ഷണപൊതിയുൾപ്പെടയുള്ളവ സ്വീകരിക്കില്ല. ഭക്ഷണത്തിനാവശ്യമായവ സിവിൽ സപ്ലൈസ് വഴി സംഭരിക്കാൻ നടപടിയുണ്ടാകും. ജില്ല സപ്ലൈ ഓഫീസ് ഇത്തരം കേന്ദ്രങ്ങളിൽ ആവശ്യത്തിന് പാചകവാതകം ഉറപ്പാക്കണമെന്നും എ.ഡി.എം. നിർദ്ദേശിച്ചു.

ആവശ്യമായ ആരോഗ്യപരിരക്ഷ ഉറപ്പാക്കാൻ ജില്ല മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ സംവിധാനമൊരുക്കും. വിവിധ ആരോഗ്യ വിഭാഗങ്ങളെ ഏകോപിപ്പിച്ചായിരിക്കും പ്രവർത്തനം. കുട്ടനാട് പോലുള്ള ഭാഗങ്ങളിലേക്ക് ആരോഗ്യ പ്രവർത്തകർക്ക് പോകനാവശ്യമായ ബോട്ടുൾപ്പെടയുള്ള ഗതാഗത സൗകര്യവുമൊരുക്കും.

 മഴ ശക്തമായാൽ അതത് ദിവസം വൈകീട്ട് മൂന്നിനകം നാശനഷ്ടം സംബന്ധിച്ച കണക്ക് കളക്ടറേറ്റിൽ ലഭ്യമാക്കണം. വീടുകളുടെ നഷ്ടം റവന്യൂ വകുപ്പ് കണക്കാക്കുമെങ്കിലും യഥാർഥനഷ്ടം കണക്കാക്കാൻ പഞ്ചായത്തുകളെയാണ് സർക്കാർ ചുമതലപ്പെടുത്തയിട്ടുള്ളത്. ഈ സാഹചര്യത്തിൽ ഇരു വകുപ്പുകളും ഏകോപിച്ച് പ്രവർത്തിക്കണമെന്നും എ.ഡി.എം നിർദ്ദേശിച്ചു. കൃഷി, കന്നുകാലി തുടങ്ങിയവയ്ക്കുണ്ടാകുന്ന നഷ്ടവും ബന്ധപ്പെട്ട വകുപ്പുകൾ അതത് ദിവസം റിപ്പോർട്ട് ചെയ്യണം.

ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറക്കുമ്പോൾ അവിടേക്കാവശ്യമായ കുടിവെള്ളം  ജല അതോറിട്ടി എത്തിക്കാനും ഇതിന്റെ വിതരണം പഞ്ചായത്തിനെ ഏൽപിക്കാനും തീരുമാനമായി. പൊലീസ്, അഗ്നിരക്ഷ വകുപ്പുകൾ ആവശ്യമായ സംവിധാനങ്ങളോടെ സർവസജ്ജരായ നിലയുറപ്പിക്കും. അപകട ഭീഷണിയുയർത്തുന്ന വൃക്ഷങ്ങളുടെ ചില്ലകൾ പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ സഹായത്തോടെ വെട്ടിമാറ്റണം.

ജില്ലയിലെ സ്‌കൂളുകൾ ഉൾപ്പെടയുള്ള പൊതു സ്ഥാപനങ്ങളുടെ ക്ഷമത അടിയന്തരമായി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ എ.ഡി.എം., പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ക്ഷമതയില്ലാത്ത കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ അടപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. മഴക്കാലത്ത് ജില്ലയിലെത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കാവശ്യമായ നടപടികൾ സ്വീകരിക്കാൻ ഡി.ടി.പി.സി.യെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

ഓറഞ്ച് അലർട്ട് ഉൾപ്പെടയുള്ള മുന്നറിയിപ്പ് ഉള്ളപ്പോൾ ഒരുകാരണവശാലും മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നില്ലെന്നുറപ്പാക്കാൻ മത്സ്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കടലിൽ ആവശ്യമായ രക്ഷാദൗത്യത്തിനുള്ള സജ്ജീകരണവും ഏർപ്പെടുത്തണം. വൈദ്യുതി രംഗത്തെ പ്രശ്‌നങ്ങൾ നേരിടാൻ രണ്ടു സർക്കിളുകളിലായി അടിയന്തരി കർമ്മസേനയെ സജ്ജമാക്കുന്നതായി കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
 

date