Skip to main content

കനാലിൽ നിന്നുള്ള ചെളിയും മണ്ണും വേണ്ടവർക്ക് തിങ്കളാഴ്ച നാലുവരെ അപേക്ഷ നൽകാം

ആലപ്പുഴ: ടൗൺ കനാൽ നവീകരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ  ചേർന്ന യോഗത്തിൽ കനാലിൽ നിന്നും കുഴിച്ചെടുക്കുന്ന ചെളിയും മണലും നിബന്ധനകൾ പ്രകാരം പാടശേഖര സമിതികൾക്കും വ്യക്തികൾക്കും കൃഷിയാവിശ്യങ്ങൾക്കായി  നൽകാൻ തീരുമാനിച്ചു. തിങ്കളാഴ്ച വൈകിട്ട് നാലു മണി വരെ ആലപ്പുഴ ഇറിഗേഷൻ ഡിവിഷൻ, എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ അപേക്ഷ സമർപ്പിക്കാം. ഇവിടെ ലഭിക്കുന്ന  അപേക്ഷയുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച മുതൽ പാടശേഖര സമിതിക്കും കൃഷി ആവശ്യങ്ങൾക്കുമായി മണലും ചെളിയും നൽകും. നിബന്ധനകൾ കൂടാതെ സത്യവാങ്ങ്മൂലവും കാര്യാലയത്തിൽ നൽകണം. നേരത്തെ ഈ കാര്യാലയത്തിൽ അപേക്ഷ സമർപ്പിച്ചവർക്കും ഇത് ബാധകമാണ്.  മഴക്കാലപൂർവ്വ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടനാടൻ പാടശേഖരങ്ങളുടെ പുറം ബണ്ടുകൾ ബലപ്പെടുത്തി പ്രളയ പ്രതിരോധം തീർക്കുന്നതിന് ബന്ധപ്പെട്ട പാടശേഖര സമിതികൾ അപേക്ഷ സമർപ്പിക്കുന്ന മുറയ്ക്ക് സൗജന്യമായി മണൽ നൽകും.  കോമളപുരം സ്പിന്നിംഗ് മില്ലിൽ കിടക്കുന്ന അധിക ചെളി അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ കൃഷിക്കാർക്ക് കൃഷി ആവിശ്യങ്ങൾക്കായി സൗജന്യമായി നൽകും. ഇങ്ങനെ ചെളി അനുവദിക്കുന്നതിന് ബന്ധപ്പെട്ട കൃഷി ആഫീസറിൽ നിന്നും ശൂപാർശ സഹിതം ആലപ്പുഴ ഇറിഗേഷൻ ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ അപേക്ഷ സമർപ്പിക്കണം. . ചെളി അനുവദിക്കുന്നതിനു മുമ്പ് പാടശേഖര സമിതികൾ ടി ചെളി മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കില്ലായെന്ന് സത്യവാങ്ങ്മൂലം നൽകണം. ചെളി നൽകുന്നതിന് ആലപ്പുഴ ഇറിഗേഷൻ ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയറെയാണ് ചുമതലപ്പെടുത്തി. സൗജന്യമായി നൽകുന്ന ചെളി കാർഷികാവശ്യങ്ങൾക്ക് മാത്രം ഉപയോഗപ്പെടുത്തേണ്ടതും മറ്റ് ഏതെങ്കിലും പ്രവൃത്തികൾക്കായി ഇത് ഉപയോഗപ്പെടുത്തുന്നില്ല എന്ന് ബന്ധപ്പെട്ട കൃഷി ആഫീസർമാർ ഉറപ്പ് വരുത്തേണ്ടതാണ്.  . ചെളിയുമായി പോകുന്ന വാഹനങ്ങളിൽ കർഷകർ/പാടശേഖര സമിതികൾ ലഭിച്ചിട്ടുളള അനുമതി പത്രത്തിന്റെയും മറ്റ് രേഖകളുടെയും പകർപ്പുകൾ സുക്ഷിക്കേണ്ടതും തങ്ങൾക്ക്  അനുമതി ലഭ്യമായിട്ടുളള പ്രദേശത്തെയ്ക്ക് മാത്രം വാഹനം കൊണ്ടുപോകുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. അപേക്ഷ സമർപ്പിക്കുന്നതിനോടൊപ്പം കൃഷി സ്ഥലത്തിന്റെ വിസ്തീർണ്ണവും കൃഷി രീതിയും അതിനാവശ്യമായ ചെളിയുടെ അളവും കൃഷി ആഫിസറെകൊണ്ട് ശൂപാർശ ചെയ്യിക്കേണ്ടതാണ്. 

date