Skip to main content

പകര്‍ച്ചവ്യാധി പ്രതിരോധം : ജലസ്രോതസുകള്‍ മലിനമാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന് നിര്‍ദേശം

 

ജലസ്രോതസുകള്‍ മലിനമാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങളും പൊലീസും ശക്തമായി ഇടപെടണമെന്ന് നിര്‍ദേശം. രണ്ടു വര്‍ഷത്തെ തടവും മൂന്നു ലക്ഷം രൂപ പിഴയും ചുമത്താവുന്ന കുറ്റമാണ് ജലസ്രോതസുകളിലെ മാലിന്യ നിക്ഷേപം. ജില്ലയിലെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന് ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എ ഡി എം ക്ലമെന്റ് ലോപ്പസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗമാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. എംഎല്‍എമാരായ അഡ്വ. മാത്യു ടി തോമസ്, വീണാ ജോര്‍ജ്, ഡിഎംഒ(ആരോഗ്യം) ഡോ. എഎല്‍ ഷീജ,  ഡിഎംഒ(ഹോമിയോ) ഡോ. ഡി. ബിജുകുമാര്‍,  ഡിഎംഒ(ആയുര്‍വേദം) ഡോ. അജൂറ, ഡെപ്യൂട്ടി ഡിഎംഒ(ആരോഗ്യം) ഡോ. സിഎസ് നന്ദിനി, എന്‍എച്ച്എം ഡിപിഎം ഡോ.എബി സുഷന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പകര്‍ച്ചവ്യാധി  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന്് യോഗം വിലയിരുത്തി.  മുന്‍ വര്‍ഷങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടായ സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഡെങ്കിപ്പനി സാധ്യത കണക്കിലെടുത്ത് കാട് പിടിച്ചു കിടക്കുന്ന പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കാത്ത പക്ഷം ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കി വൃത്തിയാക്കുന്നതിന് കര്‍ശന നിര്‍ദേശം നല്‍കും. താഴെത്തട്ടിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാണെന്ന് ഉറപ്പാക്കുന്നതിന് വാര്‍ഡ്തല ആരോഗ്യ അവലോകന യോഗങ്ങള്‍ ചേരും. 

വാര്‍ഡുകളിലെ ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തി ആക്ഷന്‍ പ്ലാന്‍ തയാറാക്കി പ്രവര്‍ത്തിക്കും. ഇതിനു തുടര്‍ച്ചയെന്നോണം പഞ്ചായത്ത് തല ആരോഗ്യ അവലോകന യോഗങ്ങളും ചേരും. വൃത്തിഹീനമായി കിടക്കുന്ന പി ഐ പി, കെ എ പി  കനാലുകള്‍ ശുചീകരിക്കുന്നതിന് നടപടി സ്വീകരിക്കും. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ആഴ്ചയില്‍ ഒരു ദിവസം ഡ്രൈ ഡേ ആയി ആചരിക്കും. മഴക്കാലത്തിനു മുന്നോടിയായി എല്ലാ കുടിവെളള സ്ത്രോസുകളും വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണ വകുപ്പ് മുഖേന നടപ്പാക്കും. ഫുഡ് സേഫ്റ്റി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ , റവന്യൂ, പോലീസ് തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തില്‍ കുടിവെള്ളം, ഭക്ഷണം എന്നിവയുടെ ഗുണനിലവാരം  ഉറപ്പു വരുത്തുന്നതിന് പരിശോധനകള്‍ നടത്തും. 

 ഇതര സംസ്ഥാന തൊഴിലാളികളികള്‍ താമസിക്കുന്ന ഇടങ്ങളിലെ ശുചിത്വം, മാലിന്യ നിക്ഷേപം എന്നിവ പരിശോധിക്കുന്നതിന് നടപടിയായി. ബോധവത്കരണത്തിന്റെ ഭാഗമായി അലോപ്പതി, ആയുര്‍വേദം, ഹോമിയോ വകുപ്പുകളുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. വെച്ചൂച്ചിറ, വല്ലന, ഏനാദിമംഗലം, ഇലന്തൂര്‍, കോന്നി എന്നിവിടങ്ങളില്‍ എലിപ്പനി, മഞ്ഞപ്പിത്ത എന്നിവയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ജില്ലയില്‍ ഇതുവരെ നിപ്പ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജില്ലയിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ഐസോലേഷന്‍ വാര്‍ഡ് സജീകരിച്ചിട്ടുണ്ട്. രോഗികള്‍ക്ക് അവശ്യമായ മരുന്നുകളും ലഭ്യമാക്കിയിട്ടുണ്ട്. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളിലൂടെ പകര്‍ച്ചവ്യാധികള്‍ ഇല്ലാതാക്കാനും മരണങ്ങള്‍ ഒഴിവാക്കാനുമാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.          (പിഎന്‍പി 1346/19)

date