Skip to main content

പനി ബാധിതര്‍ക്ക് അതിവേഗ ചികിത്സയുമായി ഹോമിയോ വകുപ്പ് 

 

പകര്‍ച്ചവ്യാധി പ്രതിരോധ നടപടിയുടെ ഭാഗമായി ജില്ലയിലെ എല്ലാ സര്‍ക്കാര്‍-സ്വകാര്യ ഹോമിയോ ചികിത്സാ സ്ഥാപനങ്ങളിലും പനി ബാധിതര്‍ക്ക് ഫാസ്റ്റ് ട്രാക്ക് ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തിയതായി ഡിഎംഒ(ഹോമിയോ) ഡോ.ഡി. ബിജുകുമാര്‍ അറിയിച്ചു. ജില്ലയിലെ പകര്‍ച്ച വ്യാധി പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹോമിയോപ്പതി വകുപ്പിന്റെ ജില്ലാ പ്രതിരോധ ഘടകമായ റീച്ചിന്റെ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. തുടര്‍ന്ന് കളക്ടറേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലെ നിര്‍ദേശങ്ങള്‍ കൂടി  പരിഗണിച്ചാണ് ഹോമിയോപ്പതി വകുപ്പിന്റെ പകര്‍ച്ചവ്യാധി പ്രതിരോധ നടപടികള്‍ക്ക് രൂപം നല്‍കിയത്. ഇതുപ്രകാരം രോഗികള്‍ക്ക് എത്രയും വേഗം വേഗം ചികിത്സ ലഭ്യമാക്കും. 

എല്ലാ സ്ഥാപനങ്ങളും പ്രത്യേകം പനി ചികിത്സാ രജിസ്റ്ററുകള്‍ സൂക്ഷിക്കുകയും  ദിവസേനയുള്ള ചികിത്സാ വിവരങ്ങള്‍ ഡി എം ഒയെ അറിയിക്കുകയും ചെയ്യും.  പനിയോടൊപ്പം മറ്റ് ഗുരുതര രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്ന രോഗികള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനായി അത്തരം കേസുകള്‍ ഡി എം ഒയ്ക്ക് റിപ്പോര്‍ട്ട് ചെയ്യും.  ഡിഎംഒ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് ഐസൊലേഷന്‍ സംവിധാനം ഉള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ അത്തരം രോഗികള്‍ക്ക് വിദഗ്ധ ചികിത്സ അടിയന്തിരമായി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. 

പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ജനറല്‍ ഹോമിയോ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തും. മുന്‍കാലങ്ങളില്‍ ഡെങ്കിപ്പനി, ചിക്കന്‍ ഗുനിയ എന്നീ രോഗങ്ങള്‍ ജില്ലയില്‍ വ്യാപകമായി കണ്ടിരുന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു  പ്രതിരോധ മരുന്നുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു പ്രതിരോധ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി വിതരണം ചെയ്യും. പ്രതിരോധ മരുന്നുകള്‍ എല്ലാ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളിലും ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഡിഎംഒ അറിയിച്ചു.          (പിഎന്‍പി 1347/19)

date