Skip to main content

പച്ചത്തുരുത്ത് പദ്ധതിക്ക് ജില്ലയില്‍ തുടക്കം

തരിശ്ഭൂമിയല്‍ പച്ചപ്പൊരുക്കാനുള്ള ഹരിതകേരളം മിഷന്റെ 'പച്ചത്തുരുത്ത്' പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. വിവിധ ഗ്രാമപഞ്ചായത്തുകളിലായി 150 ഏക്കറിലാണ് ജില്ലയില്‍ പദ്ധതി നടപ്പാക്കുന്നത്. പൊതുസ്ഥലങ്ങളിലുള്‍പ്പടെ തരിശ് സ്ഥലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉള്‍പ്പെടുത്തി സ്വാഭാവിക ജൈവവൈവിധ്യ തുരുത്തുകള്‍ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കാനാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ജൈവവൈവിദ്ധ്യ ബോര്‍ഡ്, കൃഷിവകുപ്പ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, വനം വകുപ്പിന്റെ സാമൂഹ്യ വനവത്ക്കരണ വിഭാഗം, പരിസ്ഥിതി സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പച്ചത്തുരുത്ത് സൃഷ്ടിക്കുന്നത്. ചുരുങ്ങിയത് അര സെന്റ് മുതല്‍ കൂടുതല്‍ വിസ്തൃതിയുള്ള ഭൂമിയിലാണ് പച്ചത്തുരുത്തുകള്‍ സ്ഥാപിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഇതിനായി സ്ഥലങ്ങള്‍ കണ്ടെത്തുന്നത്. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ ഭൂമി, പുറമ്പോക്കുകള്‍, നഗരഹൃദയങ്ങളിലും മറ്റും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളെല്ലാം പച്ചത്തുരുത്തുകള്‍ സ്ഥാപിക്കാന്‍ ഉപയോഗിക്കുന്നുണ്ട്.
 വിവിധ ഏജന്‍സികളുടേതായി 1032000 തൈകളാണ് തയ്യാറാക്കിയത്. തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ 442000, സാമൂഹ്യ വനവത്ക്കരണ വിഭാഗത്തിന്റെ 575000, കൃഷി വകുപ്പിന്റെ 15000 വീതം തൈകളാണ് തയ്യാറായിട്ടുള്ളത്. അഞ്ച് വര്‍ഷത്തെ പരിപാലനം കൂടി ഉറപ്പ് വരുത്തിയാണ് തൈകള്‍ നടുന്നത്.
    പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പാണ്ടിക്കാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആസ്യ ടീച്ചര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. ഹരിതകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ പി. രാജു പദ്ധതി അവതരണം നടത്തി. തൊഴിലുറപ്പ് പദ്ധതി ജില്ലാ അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ ദേവകി., സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍  അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.വി ഹരികൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ പി.കെ മൈമൂന ടീച്ചര്‍, മെമ്പര്‍ ടി.എച്ച് മൊയ്തീന്‍, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തംഗങ്ങളായ ഫസീല,ബുഷ്റ, റോഷ്നി കെ ബാബു,  സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വേലായുധന്‍, പി.ടി.എ പ്രസിഡന്റ് മുഹമ്മദ് സാദിഖ് എന്നിവര്‍ പ്രസംഗിച്ചു. വണ്ടൂര്‍ ബി.ഡി.ഒ സന്തോഷ് സ്വാഗതവും സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ സലാം നന്ദിയും പറഞ്ഞു.

 

date