Skip to main content

ജില്ലാ പദ്ധതി സമര്‍പ്പണം ജനുവരി 12 ന് 

 

ജില്ലയെ പിന്നോട്ടടിക്കുന്ന വികസന മാതൃകകള്‍ മാറ്റിവച്ച് ജാഗ്രതയുളള സമീപനമാണ് ജില്ലാ പദ്ധതി രൂപീകരണത്തില്‍ പുലര്‍ത്തുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി. ജില്ല പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി നടന്ന കരട് റിപ്പോര്‍ട്ടുകളുടെ വിലയിരുത്തല്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനുവരി 12ന് അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. എല്ലാ മേഖലയും ഉള്‍പ്പെട്ട പദ്ധതി റിപ്പോര്‍ട്ടാണ് രൂപീകരിക്കുന്നത്. നദീ പുന:സംയോജനം, ടൂറിസം വികസനം, ജൈവകൃഷി തുടങ്ങി ജില്ലയുടെ വികസന സാധ്യതകളെയെല്ലാം ഉള്‍ക്കൊളളിക്കും. അദ്ദേഹം പറഞ്ഞു. 

 

  സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ വിദഗ്ധ സമിതിക്കു മുന്നില്‍ ജില്ലാ പദ്ധതിയുടെ ഭാഗമായ 26 ഉപസമിതികള്‍ തയ്യാറാക്കിയ കരട് റിപ്പോര്‍ട്ടുകളാണ് അവലോകനം ചെയ്തത്. ഡോ. എന്‍. രമാകാന്തന്‍, എ. കസ്തൂരി രംഗന്‍, മാര്‍ട്ടിന്‍ പാട്രിക്, കെ. അര്‍ജ്ജുനന്‍, എസ്. ജമാല്‍ എന്നിവരാണ് വിദഗ്ദ്ധ സമിതി അംഗങ്ങള്‍. വിലയിരുത്തിയ കരട് റിപ്പോര്‍ട്ട് അഭിപ്രായ രൂപീകരണത്തിന് 23ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കും. ജനുവരി അഞ്ചോടു കൂടി വികസന സെമിനാര്‍ നടത്തി അന്തിമ രൂപം നല്‍കും. യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ലിസമ്മ ബേബി, പെണ്ണമ്മ ജോസഫ്, ബെറ്റി റോയ് മണിയങ്ങാട്ട്, ജയേഷ് മോഹന്‍, ശോഭാ സലിമോന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ് പി മാത്യു, ഉപസമിതി കണ്‍വീനര്‍മാരായ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

                                                   (കെ.ഐ.ഒ.പി.ആര്‍-2152/17)    

date