Skip to main content

റിപ്പബ്ലിക് ദിനാഘോഷം : ദേശീയപതാക മാനദണ്ഡങ്ങള്‍ പാലിക്കണം

 

    റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് ദേശീയ പതാക ഉപയോഗിക്കുമ്പോള്‍ സര്‍ക്കാര്‍ - സ്വകാര്യ സ്ഥാപനങ്ങളും മറ്റ് ഏജന്‍സികളും നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് എ.ഡി.എം. എസ്.വിജയന്‍ നിര്‍ദേശിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായുളള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കലക്റ്ററേറ്റില്‍ എ.ഡി.എം. ന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇത് സംബന്ധിച്ച് എല്ലാ വകുപ്പുകളും സര്‍ക്കാര്‍ നിര്‍ദ്ദേശം പിന്തുടരാന്‍ ആവശ്യപ്പെട്ടു.
    ജനുവരി 26 ന് രാവിലെ കോട്ടമൈതാനത്ത് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ വിവിധ സേനാംഗങ്ങള്‍ പങ്കെടുക്കും. മലമ്പുഴ ജനഹര്‍ നവോദയ വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ കലാപരിപാടിയില്‍ അവതരിപ്പിക്കും.  സ്വാതന്ത്ര്യ സമര സേനാനികള്‍, മറ്റ് പ്രമുഖ വ്യക്തികള്‍ മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി പ്രത്യേക ഇരിപ്പിടങ്ങള്‍ സജ്ജമാക്കും. പരേഡിനെത്തുന്ന വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കുന്ന മറ്റ് ജീവനക്കാര്‍ക്കും ലഘുഭക്ഷണം നല്‍കുന്നതിന് ജില്ലാ സപ്ലൈ ഓഫീസറെ ചുമതലപ്പെടുത്തി.  റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ വിദ്യാര്‍ഥികളുടെ യാത്രാസൗകര്യം ഉറപ്പാക്കും. കോട്ടമൈതാനത്ത് ആരോഗ്യ വകുപ്പ് ആവശ്യമായ മെഡിക്കല്‍ സംഘത്തെ സജ്ജമാക്കും. രാവിലെ 7.30 ന് സ്വാതന്ത്ര്യസമര സേനാനികളുടെ സാന്നിധ്യത്തില്‍  രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തും. റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി കോട്ടമൈതാനവും പരിസരവും വൃത്തിയാക്കുന്നതിനും പ്രധാനപ്പെട്ട കെട്ടിടങ്ങള്‍ അലങ്കരിക്കുന്നതിനും ആവശ്യമായ നിര്‍ദ്ദേശം നല്‍കാന്‍ നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തി. റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് അതത് ഓഫീസില്‍ നടക്കുന്ന പരിപാടികളിലോ ജില്ലാതല പരിപാടികളിലോ എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട അടുത്ത യോഗം ജനുവരി 15 ന് രാവിലെ 11.30ന് കലക്റ്ററേറ്റില്‍ ചേരും.

date