Skip to main content
 കണ്ണൂർ നഗരത്തിലെ വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതുമായി  ബന്ധപ്പെട്ട യോഗം 

കാലവര്‍ഷം: കണ്ണൂര്‍ നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിക്ക് നിര്‍ദേശം

പ്രശ്‌ന സ്ഥലങ്ങളില്‍ സംയുക്ത പരിശോധന നടത്തി 
    കണ്ണൂര്‍ നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അടിയന്തര നടപടി കൈക്കൊള്ളാന്‍ ഇതുസംബന്ധിച്ച് കലക്ടറുടെ ചേംബറില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ബന്ധപ്പെട്ടവരുടെ യോഗം നിര്‍ദേശം നല്‍കി. കണ്ണൂര്‍ നഗരത്തില്‍ കോര്‍പ്പര്‍േഷന്റെ ഡ്രെയിനേജുകള്‍ മഴക്ക് മുമ്പ് തന്നെ വൃത്തിയാക്കി വെള്ളമൊഴുകുന്നതിനുള്ള തടസ്സങ്ങള്‍ നീക്കിയിരുന്നതായി മേയര്‍ ഇ പി ലത പറഞ്ഞു. എന്നാല്‍ റെയില്‍വെയുടെയും സര്‍വ്വകലാശാലയുടെയും സ്ഥലങ്ങളിലെ ഡ്രെയിനേജ് തടസ്സപ്പെട്ടതാണ് നഗരത്തില്‍ വെള്ളക്കെട്ടിന് ഇടയാക്കിയതെന്നും അവര്‍ പറഞ്ഞു. പടന്നപ്പാലം, മഞ്ചപ്പാലം എന്നിവിടങ്ങളില്‍ കോര്‍പ്പറേഷന്‍ തൊഴിലാളികളും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് ഡ്രെയിനേജുകള്‍ വൃത്തിയാക്കിയതായും മേയര്‍ പറഞ്ഞു. 
    കണ്ണൂര്‍ സര്‍വ്വകലാശാലയും റെയില്‍വെ അധികൃതരും ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും മേയര്‍ ആവശ്യപ്പെട്ടു. സര്‍വ്വകലാശാലയുടെ സ്ഥലത്ത്കൂടെയുള്ള ഡ്രെയിനേജില്‍ ഒഴുക്ക് തടസ്സപ്പെട്ടതാണ് സമീപ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടാകാന്‍ കാരണമെന്നും വെള്ളം ഒഴുക്കാന്‍ ഡ്രെയിനേജിലെ മണ്ണ് മാറ്റണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. റെയില്‍വെയുടെ സ്ഥലത്തെ ഡ്രെയിനേജ് അടഞ്ഞതാണ് പഴയ ബസ്സ്‌സ്റ്റാന്‍ിനടുത്തെ അണ്ടര്‍ പാസില്‍ വെള്ളം നിറയാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. ഈ കാര്യങ്ങളില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവൃത്തി നടത്തണമെന്ന് കെ സുധാകരന്‍ എംപി പറഞ്ഞു. ഇതിനായി റെയില്‍വെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. കോര്‍പ്പറേഷന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പ്രതിനിധികളുമായി ആലോചിച്ച് എത്രയും വേഗം ഈ പ്രവൃത്തി നടത്തണമെന്ന് യോഗം നിര്‍ദേശിച്ചു. സര്‍വ്വകലാശാല, റെയില്‍വെ, പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷന്‍, റവന്യു, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, കോര്‍പ്പറേഷന്‍ പ്രതിനിധികള്‍ അടങ്ങിയ സംഘം ഈ സ്ഥലങ്ങളില്‍ സംയുക്ത പരിശോധന നടത്തി. ആവശ്യമായ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. താല്‍ക്കാലിക പരിഹാരത്തിനുള്ള നടപടികള്‍ക്കൊപ്പം ശാശ്വത പരിഹാരത്തിനാശ്യമായ നിര്‍ദേശവും സംയുക്ത പരിശോധനയുടെ ഭാഗമായി രൂപീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍ദേശിച്ചു.
    യോഗത്തിന്റെ തീരുമാന പ്രകാരം സര്‍വ്വകലാശാല, അണ്ടര്‍പാസ് പ്രദേശങ്ങള്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, മേയര്‍ ഇ പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ് എന്നിവര്‍ സന്ദര്‍ശിച്ചു. സംയുക്ത സംഘവും ഈ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തി.
    യോഗത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ സുധാകരന്‍ എംപി, മേയര്‍ ഇ പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, എഡിഎം ഇ പി മേഴ്‌സി, കണ്ണൂര്‍ തഹസില്‍ദാര്‍ വി എം സജീവന്‍, കോര്‍പ്പറേഷന്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. പി ഇന്ദിര, കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സര്‍വ്വകലാശാലയുടെയും റെയില്‍വെയുടെയും ്രപതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.
പി എന്‍ സി/2544/2019

date