Skip to main content

കാലര്‍ഷം: തദ്ദേശ സ്ഥാപനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആസൂത്രണ സമിതി

    കാലവര്‍ഷം ശക്തിയാര്‍ജ്ജിച്ച സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്ന് കര്‍ശന ജാഗ്രതയുണ്ടാകണമെന്ന് ജില്ലാ ആസൂത്രണ സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു. ജില്ലയില്‍ റെഡ് അലേര്‍ട്ട് നിലനില്‍ക്കുന്നതിനാല്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ ആവശ്യമായ മുന്നറിയിപ്പ് നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണം. മാലിന്യങ്ങള്‍ നിറഞ്ഞ് ഓവുചാലുകള്‍ പലതും അടഞ്ഞുകിടക്കുകയാണ്. ഇത് നീക്കം ചെയ്യാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ ആസൂത്രണ സമിതി യോഗത്തിലായിരുന്നു നിര്‍ദ്ദേശം.
    പയ്യാവൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2019-20 ലെ വാര്‍ഷിക പദ്ധതി ഉള്‍പ്പെടെ ഒമ്പത് തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. കല്യാശ്ശേരി, പാനൂര്‍ ബ്ലോക്ക് പഞ്ചായത്തുകള്‍, കാങ്കോല്‍ ആലപ്പടമ്പ്, ചൊക്ലി, മാടായി, നാറാത്ത്, ന്യൂമാഹി, കണിച്ചാര്‍, ചെറുതാഴം ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ പദ്ധതി ഭേദഗതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. മൂന്ന് ഘട്ടമായി ബ്ലോക്ക് തലത്തില്‍ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട ചെലവുകളുടെ പരിശോധന നടത്തുമെന്ന് യോഗം അറിയിച്ചു. ആഗസ്ത് 15 വരെ ഒന്നാംഘട്ട പരിശോധന നടക്കും. ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 15 വരെ രണ്ടാംഘട്ട പരിശോധനയും ഡിസംബര്‍ 15 മുതല്‍ ജനുവരി 15 വരെ മൂന്നാംഘട്ട പരിശോധനയും നടക്കും.
    ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ ഹാരിസ് റഷീദ്, ആസൂത്രണ സമിതി അംഗങ്ങളായ കെ പി ജയബാലന്‍ മാസ്റ്റര്‍, വി കെ സുരേഷ് ബാബു, അജിത്ത് മാട്ടൂല്‍, ടി ടി റംല, പി ജാനകി ടീച്ചര്‍, കെ വി ഗോവിന്ദന്‍, ജില്ലാ പ്ലാനിംഗ് ഓഫിസര്‍ കെ പ്രകാശന്‍, തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
പി എന്‍ സി/2552/2019

date