Skip to main content

കാലവര്‍ഷം; പകര്‍ച്ചവ്യാധി പ്രതിരോധ  നടപടികള്‍ ഊര്‍ജ്ജിതമാക്കി

കാലവര്‍ഷം ശക്തമായതോടെ കോട്ടയം ജില്ലയില്‍ പകര്‍ച്ചവ്യാധി പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കി. ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.  

ദുരിതാശ്വാസ ക്യാമ്പുകളില്‍ ആരോഗ്യ വകുപ്പിന്‍റെയും ആയുര്‍വേദ, ഹോമിയോ വിഭാഗങ്ങളുടെയും സേവനം എല്ലാ ദിവസവും ഉറപ്പാക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ക്യാമ്പുകളില്‍ കുടിക്കുന്നതിന് തിളപ്പിച്ചാറിയ വെള്ളം ലഭ്യമാക്കണം.  പൊതുസ്ഥലങ്ങളിലും വീടുകളിലും വെള്ളം കെട്ടിക്കിടന്ന് കൊതുകള്‍ വളരുന്ന സാഹചര്യം ഒഴിവാക്കണം. 

വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും കൂത്താടി നശീകരണപ്രവര്‍ത്തനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ നടപ്പാക്കാനും ഉപേക്ഷിച്ച ടാര്‍വീപ്പകളില്‍ കൂത്താടി വളരുന്ന സാഹചര്യം ഒഴിവാക്കാനും യോഗം തീരുമാനിച്ചു. 

എലിപ്പനി ഉള്‍പ്പെടെയുള്ള ജന്തുജന്യ രോഗങ്ങളെ പ്രതിരോധിക്കാന്‍  പ്രത്യേക പ്രചാരണ പരിപാടികള്‍ നടത്തും. എലികളെ  നശിപ്പിക്കുന്നതിന്  പൊതുജനങ്ങളുടെ സഹകരണത്തോടെ നടപടി സ്വീകരിക്കും. 

വായുവിലൂടെ പകരുന്ന രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി സ്കൂളുകള്‍ കേന്ദ്രീകരിച്ചു നടത്തുന്ന തൂവാല വെറുമൊരു തുണിയല്ല എന്ന പേരിലുള്ള പ്രചാരണ  പരിപാടി വ്യാപകമാക്കാനും യോഗം തീരുമാനിച്ചു. 

date