Skip to main content

പ്രീ അദാലത്ത് സംഘടിപ്പിച്ചു

 
ജില്ലയില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ ജില്ലാതലത്തില്‍ നടത്തുന്ന ഫയല്‍ അദാലത്തിന് മുന്നോടിയായി  ജില്ലാകലക്ടര്‍ ജാഫര്‍ മലികിന്റെ  അധ്യക്ഷതയില്‍ പ്രീ അദാലത്ത് സംഘടിപ്പിച്ചു. ജൂലൈ 29ന് ജില്ലാതലത്തില്‍ നടത്തുന്ന ഫയല്‍ അദാലത്തില്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ അദാലത്തില്‍ ചര്‍ച്ച ചെയ്തു.  ഒരു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള എല്ലാ ഫയലുകളിലും അദാലത്ത് നടത്തി നടപടി സ്വീകരിക്കണം. അദാലത്തില്‍ പരിഗണിക്കാന്‍ കഴിയാത്ത അപേക്ഷകളില്‍ കാരണം അപേക്ഷകര്‍ക്ക് ബോധ്യപ്പെടുത്തി നല്‍കാനും കലക്ടര്‍ നിര്‍ദേശം നല്‍കി. നെല്‍വയല്‍ സംരക്ഷണ നിയമം, തണ്ണീര്‍ത്തട സംരക്ഷണ നിയമം എന്നിവയുമായി ബന്ധപ്പെട്ടുള്ള അപേക്ഷകളിലാണ് പഞ്ചായത്തുകളില്‍ തീര്‍പ്പുകല്‍പ്പിക്കാനാകാതെ കെട്ടികിടക്കുന്ന ഫയലുകള്‍ കൂടുതലും. അത്തരം അപേക്ഷകള്‍ ജില്ലാതല അദാലത്തില്‍ പരിഹരിക്കും. പത്തിലധികം ഫയലുകള്‍ തീര്‍പ്പാക്കാനുള്ള 35 പഞ്ചായത്തുകളിലെ വില്ലേജ് ഓഫീസര്‍മാര്‍, കൃഷി ഓഫീസര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ക്കാണ് പ്രീ അദാലത്ത് സംഘടിപ്പിച്ചത്.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പ്രീ അദാലത്തില്‍ പെരിന്തല്‍മണ്ണ സബ്കലക്ടര്‍ അനുപം മിശ്ര, ആര്‍.ഡി.ഒ ഡോ.ജെ.ഒ അരുണ്‍, ഡപ്യൂട്ടി കലക്ടര്‍ പി. പ്രസന്നകുമാരി,  ഡി.ഡി.എ പി.ടി ഗീത, ജില്ലാ ഫയര്‍ ഫോഴ്സ് ഓഫീസര്‍ മൂസ വടക്കേതില്‍, ടൗണ്‍ പ്ലാനര്‍ പി.ടി ദീപ, അസിസ്റ്റന്റ് ഡെപ്യൂട്ടി പഞ്ചായത്ത് ഇ.എ രാജന്‍, എല്‍.എസ്.ജി.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സി.ചന്ദ്രന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

date