Skip to main content

നഗരത്തിലെ വെള്ളക്കെട്ട്:  ദുരന്ത നിവാരണ അതോറിറ്റി നിയമ പ്രകാരം നടപടി

കണ്ണൂര്‍ നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിട്ടു. കണ്ണൂര്‍ കോര്‍പറേഷന്‍, കണ്ണൂര്‍ സര്‍വകലാശാല, റെയില്‍വേ അധികൃതര്‍ക്കാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റി നിയമത്തിലെ സെക്ഷന്‍ 50 പ്രകാരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഇതുമായി ബന്ധപ്പെട്ട് അടിയന്തര നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.
കഴിഞ്ഞ ദിവസം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ സാന്നിധ്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തിനു ശേഷം ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള സംഘം വെള്ളക്കെട്ടുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. സര്‍വകലാശാല ഡ്രെയിനേജ് അവസാനിക്കുന്ന ഭാഗം മുതല്‍ റെയില്‍വേ തുരങ്കം വരെയുള്ള ചെളിയും മാലിന്യങ്ങളും സര്‍വകലാശാലയും കോര്‍പറേഷനും ചേര്‍ന്ന് ഉടന്‍ നീക്കം ചെയ്യണം. മഴവെള്ളത്തോടൊപ്പം മാലിന്യവും എത്തുന്നത് തുടരുമെന്നതിനാല്‍ മഴക്കാലം അവസാനിക്കുന്നതു വരെയുള്ള ദിവസങ്ങളില്‍ ഇതിനായി ശുചീകരണ തൊഴിലാളികളെ കോര്‍പറേഷന്‍ നിയമിക്കണം. റെയില്‍വേ ലൈനിന്  പടിഞ്ഞാറു ഭാഗത്തുള്ള ഡ്രെയിനേജുകളിലെ മാലിന്യങ്ങളും ഉടന്‍ നീക്കണം. പഴയ സ്റ്റാന്റ് ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് റെയില്‍വേ ക്വാര്‍ട്ടേഴ്‌സിന്റെ പിറകു വശത്തുള്ള ഡ്രെയിനേജുകള്‍ വൃത്തിയാക്കാനും പൊട്ടിയ സ്ലാബുകള്‍ നീക്കം ചെയ്യാനും റെയില്‍വേ അധികൃതര്‍ക്കും നിര്‍ദ്ദേശം നല്‍കി. 
അടിയന്തര പരിഹാര നടപടികള്‍ക്കൊപ്പം പ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളാനും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. നിലവില്‍ സര്‍വകലാശാല നിര്‍മിച്ചിട്ടുള്ള ഡ്രെയിനേജ് അതേ വീതിയിലും ആഴത്തിലും റെയില്‍വേ തുരങ്കം വരെ നീട്ടുക, താവക്കര-കസാനക്കോട്ട ഭാഗത്തുള്ള എല്ലാ ഡ്രെയിനേജുകളും കോര്‍പറേഷന്‍ മുന്‍കൈയെടുത്ത് സര്‍വകലാശാലയുടെ വലിയ ഡ്രെയിനേജുമായി ബന്ധിപ്പിക്കുക, വെള്ളം നല്ല രീതിയില്‍ ഒഴുകിപ്പോവും വിധം റെയില്‍വേ തുരങ്കത്തിന് വീതി കൂട്ടുക, റെയില്‍വേയും കോര്‍പറേഷനും ചേര്‍ന്ന് റെയില്‍വേ പാളത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള ഡ്രെയിനേജ് വീതിയും ആഴവും കൂട്ടി പുനര്‍നിര്‍മിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ഇതിനായി നല്‍കിയത്. 
കസാനക്കോട്ട, താവക്കര ഭാഗങ്ങളില്‍ നിന്നുള്ള വെള്ളം ഒഴുകിപ്പോവാന്‍ നേരത്തേവെവ്വേറെ തുരങ്കങ്ങള്‍ ഉണ്ടായിരുന്നതായി സ്ഥലം സന്ദര്‍ശിച്ച സംഘം കണ്ടെത്തിയിരുന്നു. എന്നാല്‍ റെയില്‍വേ ലൈന്‍ ഇരട്ടിപ്പിക്കുന്ന വേളയില്‍ താവക്കര ഭാഗത്തുനിന്നുള്ള വെള്ളം ഒഴുകിപ്പോവുന്നതിനുള്ള തുരങ്കം ഒഴിവാക്കി. ഇതാണ് താവക്കര ഭാഗത്തെ വെള്ളക്കെട്ടിന് പ്രധാന കാരണമെന്നും സംഘം കണ്ടെത്തുകയുണ്ടായി. 
പി എന്‍ സി/2571/2019
 

date