Skip to main content

കുഷ്ഠരോഗ നിര്‍ണയം: അശ്വമേധം രണ്ടാംഘട്ട ക്യാമ്പയിന്‍  ആഗസ്ത് 14 മുതല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നു

ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജ്ജന പരിപാടി അശ്വമേധത്തിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ ആഗസ്ത് 14 ന് തുടക്കമാകും. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്റെ ഭാഗമായി വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍  ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ഗൃഹസന്ദര്‍ശനത്തിലൂടെ രോഗബാധിതരെ കണ്ടെത്തി ചികിത്സ നല്‍കുക വഴി കുഷ്ഠരോഗ നിര്‍മാര്‍ജ്ജനമാണ് ക്യാമ്പയിന്റെ ലക്ഷ്യം.  
ആഗസ്ത് 14 മുതല്‍ 27 വരെയാണ് അശ്വമേധം പരിപാടി സംഘടിപ്പിക്കുന്നത്. രോഗലക്ഷണങ്ങളെ കുറിച്ച് ആളുകളെ ബോധവാന്മാരാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.  ഇതിനായി ആശാപ്രവര്‍ത്തകരുള്‍പ്പെടുന്ന സ്‌ക്വാഡ് രൂപീകരിച്ച് ഗൃഹസന്ദര്‍ശനം നടത്തും. രോഗലക്ഷണമുള്ളതായി സംശയം തോന്നുന്നവരെ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധിക്കുകയും ആവശ്യമെങ്കില്‍ വിദഗ്ധ ചികിത്സ നല്‍കുകയും ചെയ്യും. ഗൃഹസന്ദര്‍ശനത്തിന് പുറമെ കുടുംബശ്രീ, വിദ്യാലയങ്ങള്‍ എന്നിവ വഴിയും രോഗനിര്‍മാര്‍ജന പ്രചരണം നടത്തും. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും.
പരിപാടിയുടെ ഭാഗമായി പഞ്ചായത്ത്, മുനിസിപ്പാലിറ്റി, വാര്‍ഡ് തലങ്ങളില്‍ യോഗം ചേരാന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. മെഡിക്കല്‍ ഓഫീസര്‍മാര്‍, ആശപ്രവര്‍ത്തകര്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍ എന്നിവര്‍ക്ക് വരും ദിവസങ്ങളില്‍ പരിശീലനം നല്‍കും. സ്‌കൂളുകളില്‍ അധ്യാപകര്‍ വഴി രോഗനിര്‍മാര്‍ജ്ജനത്തെ കുറിച്ച് അവബോധം നല്‍കും. ഇതിന് മുന്നോടിയായി ആഗസ്ത് 13 ന് സ്‌കൂളുകളില്‍ പ്രതിജ്ഞ ചൊല്ലും.
ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ ഡോ.ഹാരിസ് റഷീദ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക്, ഡിഎംഒ (ഐഎസ്എം) ഡോ. എസ് ആര്‍ ബിന്ദു, ജില്ലാ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ വി അവിനാഷ് സുന്ദര്‍, ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. പി എം ജോതി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  
പി എന്‍ സി/2572/2019

date