Skip to main content

യുവപ്രതിഭാ അവാര്‍ഡ്ദാന ചടങ്ങിന് കണ്ണൂര്‍ വേദിയാകും: സംഘാടക സമിതി രൂപീകരിച്ചു

സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് 2018 ലെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭ പുരസ്‌കാര വിതരണത്തിന് കണ്ണൂര്‍ വേദിയാകും. അന്തര്‍ദേശീയ യുവജന ദിനമായ ആഗസ്ത് 12 ന് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. വിവിധ വിഭാഗങ്ങളിലായി അമ്പതോളം അവാര്‍ഡുകളാണ് വിതരണം ചെയ്യുന്നത്. യുവപ്രതിഭാ പുരസ്‌കാര വിതരണ ചടങ്ങിന് ഇതാദ്യമായാണ് കണ്ണൂര്‍ വേദിയാകുന്നത്. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. 
സാമൂഹ്യപ്രവര്‍ത്തനം, മാധ്യമപ്രവര്‍ത്തനം, കല, സാഹിത്യം, ഫൈന്‍ ആര്‍ട്‌സ്, കായികം, ശാസ്ത്രം, സംരഭകത്വം, കൃഷി എന്നീ മേഖലകളിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച യൂത്ത് ക്ലബ്ബുകള്‍, യുവാ ക്ലബ്ബുകള്‍, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. അവാര്‍ഡ് നിര്‍ണയം പൂര്‍ത്തിയായതായി യുവജനക്ഷേമ മെമ്പര്‍ സെക്രട്ടറി ആര്‍ എസ് കണ്ണന്‍ അറിയിച്ചു. ജൂലൈ അവസാന വാരത്തോടെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷനായും യുവജന ക്ഷേമ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ആര്‍ എസ് കണ്ണന്‍ ജനറല്‍ കണ്‍വീനറുമായ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് രൂപീകരിച്ചത്. സബ്ബ് കമ്മിറ്റികള്‍ പിന്നീട് രൂപീകരിക്കും. 
ചടങ്ങില്‍ എഡിഎം ഇ പി മേഴ്‌സി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ പി ജയബാലന്‍, ടി ടി റംല, ജില്ലാ പഞ്ചായത്ത് അംഗം അജിത്ത് മാട്ടൂല്‍, യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പൃത്തിയില്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ കെ പവിത്രന്‍, നെഹ്റു യുവ കേന്ദ്ര ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഭയ് ശങ്കര്‍, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സരിന്‍ ശശി തുടങ്ങിയവര്‍ സംസാരിച്ചു.
പി എന്‍ സി/2585/2019

 

date