Skip to main content

ജീപ്പ് ഒഴുക്കില്‍പ്പെട്ട് അപകടം: യുവാവിന്റെ മൃതദേഹം കണ്ടെത്തി വെള്ളക്കെട്ടില്‍ വീണ് 62കാരന്‍ മരിച്ചു

ഇരിട്ടിയില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് കാണാതായ ലിതീഷിന്റെ മൃതദേഹം കണ്ടെത്തി. മൂന്ന് ദിവസമായി നടന്ന തെരച്ചിലിനൊടുവില്‍ ചൊവ്വാഴ്ച രാവിലെ 9.30 ന് മണിയോട് വട്ട്യാം തോട് പാലത്തിനടുത്തായാണ് മൃതദേഹം കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നായിരുന്നു തെരച്ചില്‍ നടത്തിയത്. ഞാറാഴ്ച മണിക്കടവ് മാട്ടറ ചപ്പാത്ത് പാലം കടക്കുമ്പോഴായിരുന്നു ജീപ്പ് ഒഴുക്കില്‍പെട്ടത്. 
മൊറാഴ വില്ലേജില്‍ വീടിന് മുന്നിലുള്ള വെള്ളക്കെട്ടില്‍ വീണ് 62 കാരന്‍ മരിച്ചു. നെല്ലിയോട്ട് ബക്കളം കാനോട് സ്വദേശി പ്രേമരാജന്‍ വേലിക്കട്ടാണ് മരിച്ചത്. ശക്തമായ കാറ്റിലും മഴയിലും ഇരിട്ടി താലൂക്കില്‍ അയ്യന്‍കുന്ന് വില്ലേജില്‍ വെള്ളപ്പറമ്പില്‍ ശശിയുടെ വീട് പൂര്‍ണമായും തകര്‍ന്നു. ആലപ്പടമ്പ് വില്ലേജില്‍ കുന്നുമ്മല്‍ ലളിതയുടെ വീടിന് മുകളില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു.
കനത്ത മഴയെത്തുടര്‍ന്ന് കണ്ണൂര്‍ താവക്കര യു പി സ്‌കൂളിലും, ഗവ. ടൗണ്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലും പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ ഇന്നലെയും തുടര്‍ന്നു. 89 പേരാണ്  രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി ഉള്ളത്. താവക്കര യു പി സ്‌കൂളില്‍ 54 പേരും ഗവ. ടൗണ്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 35 പേരുമാണുള്ളത്. 
പി എന്‍ സി/2586/2019
 

date