Skip to main content

അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്ക് അത്താണിയായി സഖി: രജിസ്റ്റര്‍ ചെയ്തത് 190 ഓളം കേസുകള്‍ 

അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും അഭയം നല്‍കുന്നതിന് വനിതാ- ശിശു വികസന വകുപ്പുകളുടെ നേതൃത്വത്തില്‍ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ച സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ എത്തുന്നത് നിരവധി കേസുകള്‍. വിവിധ സംഭവങ്ങളിലായി 189 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഗാര്‍ഹിക അതിക്രമത്തിനിരയാകുന്നവരാണ് സെന്ററിലെത്തുന്നവരില്‍ ഭൂരിഭാഗവും. രജിസ്റ്റര്‍ ചെയ്ത 189 കേസുകളില്‍ 119 ഉം ഇത്തരത്തിലുള്ളതാണ്. പോക്‌സോ കേസുകളാണ് തൊട്ടുപുറകില്‍. 21 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തു. ലൈംഗികാതിക്രമം-9, ശാരീരിക പീഡനം-8, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം-2, തൊഴിലിടങ്ങളിലെ ചൂഷണം-2, ആസിഡ് ആക്രമണം-2, സൈബര്‍ കുറ്റകൃത്യങ്ങള്‍-1, മറ്റുള്ളവ-25 എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്ത മറ്റ് കേസുകള്‍. 
അതിക്രമങ്ങള്‍ക്ക് ഇരയാവുന്ന സ്ത്രീകള്‍ക്ക് അതിജീവനത്തിനായുള്ള സേവനങ്ങള്‍ ഒരു കുടക്കീഴില്‍ നല്‍കുകയാണ്  വണ്‍ സ്റ്റോപ്പ് സെന്ററിന്റെ ലക്ഷ്യമിടുന്നത്. 2018 ഫിബ്രുവരി മൂന്നിനാണ് കൂത്തുപറമ്പ് താലൂക്ക് ആശുപത്രി കെട്ടിടത്തില്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഗാര്‍ഹിക അതിക്രമം, ലൈംഗികാതിക്രമം, ശാരീരികാതിക്രമം, കടത്തിക്കൊണ്ടുപോകല്‍, ആസിഡ് ആക്രമണം എന്നിവോക്കിരയാകുന്ന സ്ത്രീകള്‍ക്ക് നേരിട്ടും സാമൂഹ്യ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ മുഖേനയും സെന്ററില്‍ ബന്ധപ്പെടാം. നിയമ സഹായം, വൈദ്യ സഹായം, കൗണ്‍സലിംഗ്, പോലീസ് സുരക്ഷ, അടിയന്തര സഹായം, താല്‍ക്കാലിക അഭയം തുടങ്ങിയ സേവനങ്ങള്‍ സെന്ററിലൂടെ ലഭിക്കും. 58 പേര്‍ക്ക് കൗണ്‍സലിംഗും, 55 പേര്‍ക്ക് വൈദ്യ സഹായവും, 54 പേര്‍ക്ക് നിയമ സഹായവും ഇതുവരെ ലഭ്യമാക്കിയിട്ടുണ്ട്. 
2015 ഏപ്രില്‍ ഒന്നിന് കേന്ദ്ര വനിതാശിശു വികസന മന്ത്രാലയം പ്രഖ്യാപിച്ച സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ പദ്ധതി രാജ്യത്ത് 100 ജില്ലകളിലാണ് നടപ്പിലാക്കിയത്. കേരളത്തില്‍ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ ഉള്‍പ്പെടെ അഞ്ച് സെന്ററുകളാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലാ കലക്ടര്‍ ചെയര്‍മാനായ മാനേജ്മെന്റ് കമ്മിറ്റിയാണ് വണ്‍ സ്റ്റോപ്പ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ് ദൈനംദിന മേല്‍നോട്ട ചുമതല. ജില്ലയില്‍ കണ്ണൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ കൂടി വണ്‍ സ്റ്റോപ്പ് സെന്റര്‍ ആരംഭിക്കും. ഇതിനായുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
പി എന്‍ സി/2591/2019
 

date