Skip to main content

ഓരോ വീടും വായനശാല: ഗൃഹലൈബ്രറികളൊരുക്കി  പെരിങ്ങാനം ഗവ. എല്‍ പി സ്‌കൂള്‍

സ്‌കൂളില്‍ വിപുലമായ ലൈബ്രറി സ്ഥാപിക്കുന്നതോടൊപ്പം ഓരോ വിദ്യാര്‍ഥിയുടെയും വീട്ടില്‍ ലൈബ്രറിയൊരുക്കി പെരിങ്ങാനം ഗവ.എല്‍ പി സ്‌കൂള്‍ അധികൃതര്‍. വിദ്യാര്‍ഥികളുടെയും ഒപ്പം രക്ഷിതാക്കളുടെയും വായനാശീലം വളര്‍ത്തുക, എല്ലാ വിദ്യാര്‍ഥികളെയും സ്വതന്ത്രവായനക്കാരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
സ്‌കൂളിലെ ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ വീടുകളിലാണ് ആദ്യ ഘട്ടത്തില്‍ ലൈബ്രറിയൊരുക്കുക.  എല്‍ കെ ജി - യു കെ ജി ക്ലാസുകളിലെ കുട്ടികളുടെ വീട്ടുകളിലേക്കും ശേഷം പെരിങ്ങാനത്തെ മുഴുവന്‍ വീടുകളിലേക്കും ലൈബ്രറി വ്യാപിപ്പിക്കാനും സ്‌കൂള്‍ അധികൃതര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. 25 ഓളം കുട്ടികളുടെ വീടുകളില്‍ ഇതിനോടകം ലൈബ്രറി ആരംഭിച്ചു കഴിഞ്ഞു. പ്രശസ്തരുടെ പുസ്തകങ്ങള്‍ കൂടാതെ ബാലമാസികകള്‍, മുന്‍ വര്‍ഷങ്ങളിലെ ടെക്സ്റ്റ്- നോട്ടു ബുക്കുകള്‍ തുടങ്ങിയവയും ഉള്‍കൊള്ളിച്ചുള്ളതാണ് ഗൃഹ ലൈബ്രറി. തില്ലങ്കേരി ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 
കുട്ടികളില്‍ വായനാശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളാണ് സ്‌കൂളിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്നത്. വീടുകളില്‍ ലൈബ്രറി ഒരുക്കുന്നതിന് മുന്നോടിയായി നേരത്തെ സ്‌കൂളില്‍ ലൈബ്രറി പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. കൂടാതെ 'എന്നെ ഞാനാക്കിയ പുസ്തകം' എന്ന പേരില്‍ നാട്ടുകാര്‍ക്കും രക്ഷിതാക്കള്‍ക്കുമായി നിരൂപണ മത്സരം സംഘടിപ്പിക്കുകയും വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയ്യുന്നതിനായി  പുസ്തകത്തൊട്ടില്‍ എന്ന പദ്ധതിയും ഇവിടെ നടത്തി വരുന്നു. കുട്ടികളുടെ ജന്മദിനത്തിലാണ് പുസ്തകത്തൊട്ടിലില്‍ പുസ്തകം നിക്ഷേപിക്കുക. കൂടാതെ വായനാ പക്ഷാചരണത്തോടനുബന്ധിച്ച് സ്‌കൂളില്‍ പുസ്തക പരിചയമെന്ന പരിപാടിയും സംഘടിപ്പിച്ചു. ഒരു ദിവസം ഒരു വിദ്യാര്‍ഥി, അധ്യാപകന്‍, രക്ഷിതാവ് എന്ന നിലയില്‍ അവര്‍ വായിച്ച പുസ്തകം അസംബ്ലിയില്‍ അവതരിപ്പിക്കുന്നതാണ് പരിപാടി.
പി എന്‍ സി/2592/2019

date