Skip to main content

ജില്ലാതല അക്ഷരയാത്ര ആഗസ്ത് 10 ന് സാക്ഷരതാ സമിതി യോഗം ചേര്‍ന്നു

സംസ്ഥാന സാക്ഷരത മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അക്ഷരയാത്രയുടെ ജില്ലാതല ഉദ്ഘാടനം ആഗസ്ത് 10 ന് നടുവില്‍ ഗ്രാമപഞ്ചായത്തില്‍ നടക്കും. ജില്ലയിലെ 146 കോളനികള്‍ സന്ദര്‍ശിച്ച് പഠനം പൂര്‍ത്തിയാക്കാത്തവരെ കണ്ടെത്തി തുടര്‍പഠനം ഉറപ്പാക്കുക, തുല്യതാ പ്രവര്‍ത്തനങ്ങളും സാമൂഹ്യ സാക്ഷരതാ പ്രവര്‍ത്തനങ്ങളും വ്യാപിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിപുലമായ രീതിയില്‍ പരിപാടി സംഘടിപ്പിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാക്ഷരതാ സമിതി യോഗം തീരുമാനിച്ചു. 
ജില്ലാതല തുടര്‍വിദ്യാഭ്യാസ കലോത്സവം സെപ്തംബറില്‍ മട്ടന്നൂരില്‍ വെച്ച് നടത്താനും യോഗത്തില്‍ ധാരണയായി. ഇതുമായി ബന്ധപ്പെട്ട സംഘാടക സമിതി യോഗം പിന്നീട് ചേരും. സാക്ഷരത നാല്, ഏഴ്, പത്താംതരം, ഹയര്‍സെക്കന്‍ഡറി പഠിതാക്കള്‍, പ്രേരക്മാര്‍, ട്രാന്‍സ്‌ജെന്‍ഡര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കായി കൈയ്യെഴുത്ത്, വായന, ക്ലാസിക്കല്‍ ഡാന്‍സ് തുടങ്ങി 19 ഇനങ്ങളില്‍ മത്സരം സംഘടിപ്പിക്കും. ഇതര സംസ്ഥാന തൊഴിലാളികളുടെ കലാപരിപാടികളും അരങ്ങേറും. ഇതിന് പുറമെ തുല്യതാ ക്ലാസുകള്‍ നടത്തുന്ന സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യം ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കാനും തീരുമാനിച്ചു. ജില്ലാ സാക്ഷരതാ മിഷന്റെ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും യോഗത്തില്‍ പ്രകാശനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍ മാസ്റ്റര്‍, ആസൂത്രണ സമിതി അംഗം കെ വി ഗോവിന്ദന്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസര്‍ സതീഷ് ബാബു, ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ എം കെ മഹറൂഫ്, സാക്ഷരതാ സമിതി അംഗങ്ങളായ പയ്യന്നൂര്‍ കുഞ്ഞിരാമന്‍, ടി സുരേഷ് ബാബു, വിആര്‍വി ഏഴോം, സി വസന്ത തുടങ്ങിയവര്‍ പങ്കെടുത്തു. 
പി എന്‍ സി/2593/2019

 

date