Skip to main content

ആസൂത്രണ സമിതി യോഗം ചേര്‍ന്നു

ജില്ലാ ആസൂത്രണ സമിതി യോഗം ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ചേര്‍ന്നു. മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഭേദഗതി ചെയ്തു പരിഷ്‌ക്കരിച്ച വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. സംയോജിത പദ്ധതികള്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും സംയോജിത പദ്ധതി തുക വിഹിതത്തിലെ ആശയ കുഴപ്പം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. ജില്ലയിലെ മാതൃക/ ന്യൂതന പദ്ധതികളുടെയും നിലവിലെ ഭരണസമിതികള്‍ വിജയിപ്പിച്ച ശ്രദ്ധേയമായ പദ്ധതികളുടെയും വിവരങ്ങള്‍ ലഭ്യമാക്കാന്‍ സമിതി ആവശ്യപ്പെട്ടു. ഇത്തരം പ്രൊജക്ടുകളുടെ സംസ്ഥാനതല അവതരണം നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. പ്രളയാനന്തരം ജില്ലാ നഗര ആസൂത്രണ വിഭാഗം തയ്യാറാക്കിയ ദുരന്ത നിവാരണ ഭൂപടങ്ങള്‍ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറി. പച്ചപ്പ് പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന രാഷ്ട്രീയ ഗ്രാമീണ സ്വരാജ് അഭിയാന്‍ പദ്ധതി യോഗത്തില്‍ വിശദീകരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്തിട്ടുള്ള പല പ്രവൃത്തികളുടെയും നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിട്ടി തുടങ്ങിയ ഏജന്‍സികളില്‍ വര്‍ഷങ്ങളായി ധാരാളം തുക ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേകം യോഗം ചേരാനും തീരുമാനമായി. 

ജില്ലാ പഞ്ചായത്ത് ജീവനം പദ്ധതിക്കായി കുടുംബശ്രീ ജില്ലാ മിഷന്‍ സ്വരൂപിച്ച 3,11,031 രൂപ സിഡിഎസ് അംഗങ്ങളും ജില്ലാ കോര്‍ഡിനേറ്റര്‍ പി. സാജിതയും ചേര്‍ന്ന് പ്രസിഡന്റിനു കൈമാറി. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അരലക്ഷം രൂപയും കൈമാറി. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ.എം സുരേഷ്, ജനപ്രതിനിധികള്‍, ഡിപിസി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.   
 
ആസൂത്രണ സമിതി യാത്രയയപ്പ് നല്‍കി

ഈ മാസം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ.എം സുരേഷ്, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ കെ.പി ഷാജു, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ റജി വര്‍ഗീസ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. മീര മോഹന്‍ദാസ് എന്നിവര്‍ക്ക് ജില്ലാ ആസൂത്രണ സമിതി യാത്രയയപ്പ് നല്കി. കോഴിക്കോട് സ്വദേശിയായ കെ.എം സുരേഷ് 26 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് സര്‍വീസില്‍ നിന്നും വിരമിക്കുന്നത്. കാസര്‍കോട് ജില്ലാ പ്ലാനിങ് ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 20 വര്‍ഷത്തെ സേവനമുള്ള ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ കെ.പി ഷാജു വയനാട് കാവുമന്ദം സ്വദേശിയാണ്. കോട്ടയം സ്വദേശിനിയായ റജി വര്‍ഗീസ് 32 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് വിരമിക്കുന്നത്. ഡോ. മീര മോഹന്‍ദാസ് കോഴിക്കോട് സ്വദേശിയാണ്. സര്‍വീസില്‍ 33 വര്‍ഷത്തെ സേവനമുണ്ട് അവര്‍ക്ക്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, അംഗം ടി. ഉഷാകുമാരി, സെക്രട്ടറി പി.ജി വിജയകുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് പി.എം നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

date