Skip to main content

അനധികൃത ഖനനം; വാഹനങ്ങള്‍ പിടിച്ചെടുത്തു

അനധികൃതമായി പാറയും മണ്ണും ഖനനം നടത്തിയിരുന്ന സ്ഥലത്ത് സബ് കളക്ടര്‍ ഈഷ പ്രിയയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ ലോറികളും ഉപകരണങ്ങളും പിടിച്ചെടുത്തു. ഇന്ന് (ജൂലൈ 24) രാവിലെ ആറിനാണ് അയര്‍ക്കുന്നം   പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപമുള്ള ഖനനസ്ഥലത്ത് റെയ്ഡ് നടത്തിയത്.

മൂന്നു ടിപ്പര്‍ ലോറികള്‍,  ഹിറ്റാച്ചി,  ജാക് ഹാമര്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തത്. ഇവ പിന്നീട് അയര്‍ക്കുന്നം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. 

കാലവര്‍ഷത്തെത്തുടര്‍ന്ന് എല്ലാത്തരം ഖനന പ്രവര്‍ത്തനങ്ങളും നിരോധിച്ച ജില്ലാ കളക്ടറുടെ ഉത്തരവ് ലംഘിച്ചാണ് ഇവിടെ ഖനനം നടത്തി പാറയും മണ്ണും പുറത്തേക്ക് കൊണ്ടുപോയിരുന്നത്. ഖനനത്തിന് മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പിന്‍റെ അനുമതിയും ലഭിച്ചിരുന്നില്ല. 
അനധികൃത ഖനനം നടത്തിയതിനും ദുരന്തനിവാരണ നിയമ ലംഘനത്തിനും നടപടി സ്വീകരിക്കുമെന്ന് സബ് കളക്ടര്‍ അറിയിച്ചു. 
അയര്‍ക്കുന്നം വില്ലേജ് ഓഫീസര്‍ എന്‍. ആര്‍. രാജേഷ്, കുമരകം വില്ലേജ് ഓഫീസര്‍ തോമസുകുട്ടി,  അയര്‍ക്കുന്നം എ.എസ്.ഐ സനല്‍കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ എം.ആര്‍. അനില്‍കുമാര്‍ എന്നിവര്‍ റെയ്ഡ് നടപടികളില്‍ പങ്കെടുത്തു. 

date