Skip to main content

മാലിന്യ സംസ്കരണത്തില്‍   മാതൃകയായി കല്ലറയിലെ ഹരിത വാര്‍ഡ്

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ കല്ലറ പഞ്ചായത്തിലെ പത്താം വാര്‍ഡ് പുതിയ മാതൃകയാകുന്നു. പൂര്‍ണമായും ജനകീയ പങ്കാളിത്തത്തോടെ പ്ലാസ്റ്റിക് ശേഖരിച്ച് സംസ്കരിക്കുന്ന പദ്ധതിയാണ് ഇവിടെ വിജയകരമായി നടപ്പാക്കുന്നത്. 

വാര്‍ഡിലെ വീടുകളിലും കടകളിലും സ്ഥാപനങ്ങളിലും 50 കിലോഗ്രാം മാലിന്യം നിറയ്ക്കാവുന്ന 280 ചാക്കുകള്‍ നല്‍കിയിട്ടുണ്ട്. ഈ ചാക്കുകളില്‍ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേനാഗംഗങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ശേഖരിക്കും. 
ഇങ്ങനെ ശേഖരിക്കുന്ന മാലിന്യങ്ങള്‍ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ ഷ്രെഡിംഗ് യൂണിറ്റില്‍ എത്തിക്കും.  സ്കൂള്‍, കോളേജ് വിദ്യാര്‍ഥികളും കുടുംബശ്രീ പ്രവര്‍ത്തകരും യുവ ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബ് അംഗങ്ങളുമാണ് ആദ്യ ഘട്ടത്തില്‍ പ്ലാസ്റ്റിക് ശേഖരിക്കുന്ന വോളണ്ടിയര്‍മാരായി പ്രവര്‍ത്തിച്ചിരുന്നത്.

തുടക്കത്തില്‍ പദ്ധതിക്ക് പ്രതിഷേധങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും ഇപ്പോള്‍ ജനങ്ങളുടെ പൂര്‍ണ സഹകരണമുണ്ടെന്നും ഇ-വേസ്റ്റ് ശേഖരണത്തിനും ഈ മാതൃക പിന്തുടരാന്‍ ലക്ഷ്യമിടുന്നതായും പഞ്ചായത്തംഗം പി.കെ സോമന്‍ പറഞ്ഞു.  
വാര്‍ഡ് പൂര്‍ണമായും ഹരിതാഭമാക്കുന്നതിനും പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ മുന്‍തൂക്കം നല്‍കുന്നത്.  ജൈവ പച്ചക്കറി പരിപോഷിപ്പിക്കുന്നതിനായി സ്കൂള്‍ കുട്ടികള്‍ക്ക് തൈകളും ഗ്രോബാഗുകളും വിതരണം ചെയ്തു.

 പെരുന്തുരുത്ത് എസ്.കെ.വി ഗവണ്‍മെന്‍റ് യു.പി സ്കൂള്‍ മൈതാനത്തിനു സമീപം ജൈവവൈവിധ്യ പാര്‍ക്ക് ഒരുക്കി പച്ചക്കറി തൈകളും ഔഷധ സസ്യങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. 

date