Skip to main content

പാലാ നഗരസഭയില്‍ അഗതിരഹിത കേരളം  പദ്ധതിക്ക് തുടക്കമായി

അഗതികളെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന അഗതിരഹിത കേരളം പദ്ധതിക്ക് പാലാ നഗരസഭയില്‍ തുടക്കമായി. ഒന്നര കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ഗുണഭോക്താക്കള്‍ക്കുള്ള ഭക്ഷണ കിറ്റിന്‍റെ വിതരണം നഗരസഭ ചെയര്‍പേഴ്സണ്‍ ബിജി ജോജോ നിര്‍വഹിച്ചു. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ മുഖേന 111 ഗുണഭോക്താക്കള്‍ക്കാണ് ഭക്ഷണ കിറ്റുകള്‍ നല്‍കിയത്. 

പയര്‍വര്‍ഗങ്ങള്‍, വെളിച്ചെണ്ണ, പഞ്ചസാര, മുട്ട, പാല്‍ എന്നിവയാണ് വിതരണം ചെയ്തത്. ഒരംഗം മാത്രമുള്ള കുടുംബത്തിന് 500 രൂപയുടെ കിറ്റും രണ്ടു പേരുള്ള കുടുംബത്തിന് 700 രൂപയുടെ കിറ്റും മൂന്നും അതില്‍ കൂടുതലും അംഗങ്ങളുള്ള കുടുംബങ്ങള്‍ക്ക് 900 രൂപയുടെ കിറ്റുമാണ് നല്‍കിയത്. 

 ആശ്രയ പദ്ധതിയിലെ അംഗങ്ങളെയും പുതിയ ഗുണഭോക്താക്കളെയും ചേര്‍ത്താണ് പദ്ധതി ആരംഭിച്ചത്. 
ഗുണഭോക്താക്കള്‍ക്ക് നഗരസഭയുടെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി വീട്, കുടിവെള്ളം, വൈദ്യുതി തുടങ്ങിയവയ്ക്ക് സഹായം നല്‍കും. സംസ്ഥാന കുടുംബശ്രീ മിഷന്‍ നല്‍കുന്ന ചലഞ്ച് ഫണ്ടില്‍ ഉള്‍പ്പെടുത്തി ഭക്ഷണം, മരുന്ന്, കുട്ടികള്‍ക്കുള്ള പഠന സഹായം തുടങ്ങിയവയും ലഭ്യമാക്കും.

നഗരസഭ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പൊതുമരാമത്തുകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പ്രഫ. സതീഷ് ചൊള്ളാനി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ മെംബര്‍ സെക്രട്ടറി ആര്‍. സുധാകുമാരി, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സിബില്‍ തോമസ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ശ്രീകല അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

date