Skip to main content

ജനകീയം ഈ അതിജീവനം' പ്രളയാനന്തര ജില്ലയ്ക്ക് താങ്ങായി തൊഴിലുറപ്പ് പദ്ധതി 70.75 ലക്ഷം തൊഴില്‍ ദിനങ്ങള്‍ നല്‍കി

 

പ്രളയത്തെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ ജില്ലയിലെ സാധാരണക്കാര്‍ക്ക് താങ്ങായത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. പ്രളയ ബാധിത പ്രദേശങ്ങളുടെ പുനരുദ്ധാരണത്തിനായി 707483 തൊഴില്‍ ദിനങ്ങളാണ് ജില്ലയില്‍ സൃഷ്ടിച്ചത്. 17.47 കോടി രൂപയാണ് ചെലവഴിച്ചത്. 856 പുതിയ പ്രവൃത്തികളും 323 പാര്‍ശ്വഭിത്തി പുനരുദ്ധാരണ പ്രവൃത്തികളും പദ്ധതി ഏറ്റെടുത്തു. അഞ്ചു റോഡുകള്‍ പുതിയതായി നിര്‍മ്മിച്ചു. 4147 പ്രവൃത്തികള്‍ പുതിയ ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
പ്രളയബാധിത ഗ്രാമപഞ്ചായത്തുകളില്‍ 17064.96 ലക്ഷം രൂപ ചെലവഴിച്ച് 52 ലക്ഷം തൊഴില്‍ ദിനങ്ങളാണ് സൃഷ്ടിച്ചത്. 88,682 കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കി ശരാശരി 59 തൊഴില്‍ ദിനം സൃഷ്ടിച്ചു. അവയില്‍ 26033 കുടുംബങ്ങള്‍ 100 ദിനം പൂര്‍ത്തീകരിക്കുകയും 57 കുടുംബങ്ങള്‍  150 ദിവസം പൂര്‍ത്തീകരിക്കുകയും ചെയ്തു. 100നും 150 നും ഇടയില്‍ തൊഴില്‍ ലഭിച്ച 9685 കുടുംബങ്ങളാണുള്ളത്. പ്രളയവുമായി ബന്ധപ്പെട്ട് ജില്ലയുടെ ലേബര്‍ ബഡ്ജറ്റ് 37.20 ലക്ഷം തൊഴില്‍ ദിനം എന്നതില്‍ നിന്നും 47.34 ലക്ഷമാക്കി സംസ്ഥാനമിഷന്‍ പുനര്‍നിര്‍ണ്ണയിച്ചിരുന്നു. അതു പ്രകാരമാണ് 150 ദിവസം തൊഴില്‍ നല്‍കാവുന്ന രീതിയില്‍ കര്‍മ പദ്ധതി  ക്രമീകരിച്ചത്.
പ്രളയക്കെടുതി മൂലം തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണം, പൊതുസ്ഥലങ്ങളിലെ  ജലാശയങ്ങളിലെയും തോടുകളിലെയും വെള്ളക്കെട്ട് നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, തകര്‍ന്ന പൊതു ആസ്തികളുടെ പുനരുദ്ധാരണം തുടങ്ങിയ പ്രവൃത്തികളാണ് ദേശീയ തൊഴിലുറപ്പ്  ഏറ്റെടുത്ത് ചെയ്തിരുന്നത്.

 

date