Skip to main content

തദ്ദേശ സ്ഥാപനങ്ങളുടെ പരിഷ്‌കരിച്ച വാര്‍ഷിക പദ്ധതികള്‍ക്കു അംഗീകാരം

ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പരിഷ്‌കരിച്ച വാര്‍ഷിക പദ്ധതികള്‍ക്ക്  ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. 93 ഗ്രാമപഞ്ചായത്തുകള്‍, 12 നഗരസഭകള്‍, 15 ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിവയുടെ പരിഷ്‌കരിച്ച വാര്‍ഷിക പദ്ധതികള്‍ക്കാണു അംഗീകാരം നല്‍കിയത്. ഇതോടെ ഊര്‍ങ്ങാട്ടിരി ഒഴികെയുള്ള മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും പദ്ധതി പരിഷ്‌കരണത്തിന് അംഗീകാരമായി. 2019-20 വര്‍ഷത്തെ പദ്ധതികളുടെ വെറ്റിങ് പുരോഗതിയും യോഗം വിലയിരുത്തി. വെറ്റിങുമായി ബന്ധപ്പെട്ട നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. ഇതിനായി വകുപ്പ് തലത്തില്‍ മീറ്റിങ് വിളിച്ചു ചേര്‍ക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാതല ഉദ്യോഗസ്ഥരോട് യോഗം നിര്‍ദ്ദേശിച്ചു.
വാര്‍ഷിക പദ്ധതിയുടെ അവലോകനത്തിനു മാത്രമായി ഓഗസ്റ്റ് 13, 14 തീയതികളില്‍ ജില്ലാ പ്ലാനിങ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും യോഗം ചേരാനും തീരുമാനിച്ചു.
യോഗത്തില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ആസൂത്രണ സമിതി ചെയര്‍മാനുമായ എ.പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എ.ഡി.എം. എന്‍.എം മെഹറലി, സമിതി അംഗങ്ങളായ ഇ.എന്‍.മോഹന്‍ദാസ്, സി.എച്ച്. ജമീല ടീച്ചര്‍, സലീം കുരുവമ്പലം, വെട്ടം ആലിക്കോയ, എ.കെ.അബ്ദുറഹ്മാന്‍, ഇസ്മായില്‍ മൂത്തേടം, വി.പി.സുലൈഖ, എം.കെ.റഫീഖ, ഷൈനി, എന്‍.അബ്ദുല്‍ നാസര്‍, ജമീല അബൂബക്കര്‍, എ.കെ.നാസര്‍, എ.ടി. സജിത, ജില്ലാ പ്ലാനിങ് ഓഫീസര്‍ വി.ജഗല്‍ കുമാര്‍, ജില്ലാ തല ഉദ്യാഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

date