Skip to main content
 പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ കൊടുമ്പ് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന കെട്ടിട നിര്‍മ്മാണ അനുമതി അദാലത്ത്

ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് മാറ്റം വരുത്താന്‍ നിര്‍ദ്ദേശം

 

കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങളുടെ നിര്‍മ്മാണ ഘടനയില്‍ മാറ്റം വരുത്താന്‍ അദാലത്തില്‍ നിര്‍ദേശം നല്‍കി. കെട്ടിട നിര്‍മ്മാണ നിയമം, നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം എന്നിവ ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്താനാണ് കൊടുമ്പ് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍  നടന്ന പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ അനുമതി അദാലത്തിലൂടെ തീരുമാനമായത്. ഇത് സംബന്ധിച്ച് കൃഷി വകുപ്പ്, അഗ്‌നിശമനസേന വിഭാഗം, തദ്ദേശസ്വയംഭരണ വകുപ്പ് തുടങ്ങിയ വകുപ്പുകള്‍ക്ക് ഫയലുകള്‍ കൈമാറും. കെട്ടിട നിര്‍മാണത്തിന് അനുമതി ആവശ്യപ്പെട്ട്  ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ വഴി ലഭിച്ച അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായുള്ള പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ മൂന്ന് ദിവസങ്ങളിലായാണ് ജില്ലയില്‍ അദാലത്ത് നടത്തിയത്.

ജില്ലയിലെ 88 പഞ്ചായത്തുകളില്‍ നിന്നായി ആകെ 1176 അപേക്ഷകളാണ് ലഭിച്ചത്. കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്, കെട്ടിടം നമ്പര്‍, ക്രമവത്ക്കരണ അപേക്ഷകളാണ് കൂടുതലായും പരിഗണിച്ചത്. ഗ്രാമപഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം. രാമന്‍കുട്ടി, ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ വി. എ. ഗോപി, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗം സീനിയര്‍ സൂപ്രണ്ടുമാര്‍, പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ അദാലത്തിന് നേതൃത്വം നല്‍കി. അകത്തേത്തറ, എലപ്പുള്ളി, കണ്ണാടി, കൊടുമ്പ്, മങ്കര, മരുതറോഡ്, പെരിങ്ങോട്ടുകുറിശ്ശി, പെരുവെമ്പ്, പിരായിരി, പുതുപ്പരിയാരം, പുതുശ്ശേരി, തേങ്കുറിശ്ശി, ആലത്തൂര്‍, അയിലൂര്‍, എരിമയൂര്‍, കാവശ്ശേരി, കിഴക്കഞ്ചേരി, കോട്ടായി,  കുഴല്‍മന്നം, മേലാര്‍കോട്, പുതുക്കോട്, തരൂര്‍, വടക്കഞ്ചേരി, വണ്ടാഴി, ഗ്രാമപഞ്ചായത്തുകളിലെ അപേക്ഷകളാണ് മൂന്നാംദിനം പരിഗണിച്ചത്. ആദ്യരണ്ടു ദിനങ്ങളിലായി 863 അപേക്ഷകളും മൂന്നാംദിനം 313 അപേക്ഷകളുമാണ് പരിഗണിച്ചത്.

 

date