Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

നിയമസഭാ സമിതി തെളിവെടുപ്പ് ആഗസ്റ്റ് 14 ന്
സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പുകള്‍ സംബന്ധിച്ച നിയമസഭാ സമിതിയുടെ തെളിവെടുപ്പ് യോഗം ആഗസ്റ്റ് 14 ന് രാവിലെ 10.30 മണിക്ക് കലക്ടറേറ്റില്‍ ചേരും.
പി എന്‍ സി/2681/2019

സര്‍ക്കാര്‍ ഓഫീസുകളില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മുന്‍ഗണ: 
നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണം
സര്‍ക്കാര്‍ ഓഫീസുകളില്‍ നികുതി ബില്‍ കൗണ്ടറുകള്‍ തുടങ്ങി പൊതുജനങ്ങള്‍ ഇടപാടുനടത്തുന്ന സ്ഥലങ്ങളിലെല്ലാം മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് കര്‍ശനമായി പാലിക്കാന്‍ നിര്‍ദ്ദേശം. എല്ലാ സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങളുടെ ഓഫീസുകളിലും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ വകുപ്പുമേധാവികള്‍ ഏര്‍പ്പെടുത്തണം.  സര്‍ക്കാര്‍ സേവന കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്‍മാര്‍, ഗുരുതരമായി രോഗം ബാധിച്ചവര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് വരി നില്‍ക്കാതെ മുനഗണനയില്‍ സേവനം ലഭ്യമാക്കേണ്ടതാണെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്.
പി എന്‍ സി/2682/2019

സെമിനാര്‍ മാറ്റി
ജില്ലയിലെ ഫെര്‍ട്ടിലൈസര്‍, പെസ്റ്റിസൈഡ് ഡീലര്‍മാര്‍ക്ക് ആഗസ്ത് രണ്ടിന് രാവിലെ 10 മണിക്ക് തളിപ്പറമ്പ് ജൈവവൈവിധ്യ കേന്ദ്രത്തില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന സെമിനാര്‍ മാറ്റിയതായി കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
പി എന്‍ സി/2683/2019

തേക്ക് തൈകള്‍ വില്‍പനക്ക്
കണ്ണവം ഫോറസ്റ്റ് റേഞ്ചിലെ ചെറുവാഞ്ചേരി സെന്‍ട്രല്‍ നഴ്‌സറിയില്‍ ഉല്‍പാദിപ്പിച്ച തേക്ക് ഉള്‍പ്പെടെയുള്ള റൂട്ട് ട്രയിനര്‍ തൈകള്‍ വില്‍പനക്ക്  തയ്യാറായി.  തൈ ഒന്നിന് 20 രൂപ പ്രകാരം നഴ്‌സറിയില്‍ ലഭിക്കും.  ഫോണ്‍: 0490 2300971, 8547602665, 8547602671, 8547602659.
പി എന്‍ സി/2684/2019

സൗജന്യ തയ്യല്‍ പരിശീലനം
ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്ററിന്റെ തളിപ്പറമ്പ് നാടുകാണിയിലുള്ള സെന്ററില്‍ മൂന്ന് മാസത്തെ സൗജന്യ തയ്യല്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.  പത്താം ക്ലാസ് യോഗ്യതയുള്ള 18 വയസ് പൂര്‍ത്തിയായ യുവതികള്‍ ആഗസ്ത് അഞ്ചിനകം ഓഫീസില്‍ നേരിട്ട് ബന്ധപ്പെടുക.  ഫോണ്‍: 0460 2226110, 9744917200.
പി എന്‍ സി/2685/2019

പ്രവാസി പുനരധിവാസ പദ്ധതി: ഫീല്‍ഡ് ക്യാമ്പ് 13 ന്
നോര്‍ക്കയുടെ പുനരധിവാസ പദ്ധതിയില്‍ വായ്പാ സഹായം എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി  ഫീല്‍ഡ് ക്യാമ്പ് സംഘടിപ്പിക്കുന്നു.  കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ  സഹകരണത്തോടെ ആഗസ്റ്റ് 13 ന് രാവിലെ 10 മണിക്ക്  കോഴിക്കോട് കല്ലായ് റോഡിലെ സ്നേഹാഞ്ജലി ഓഡിറ്റോറിയത്തിലാണ് വായ്പാ നിര്‍ണയ ക്യാമ്പ് നടത്തുന്നത്.
ചുരുങ്ങിയത് രണ്ടു വര്‍ഷം വിദേശത്ത് ജോലി  ചെയ്ത ശേഷം നാട്ടില്‍ മടങ്ങിയെത്തിയവര്‍ക്ക് വായ്പയ്ക്ക് അപേക്ഷിക്കാം.  ഫീല്‍ഡ് ക്യാമ്പില്‍ അപേക്ഷകരുടെ വായ്പാ യോഗ്യതാ നിര്‍ണ്ണയം, വിവിധ പദ്ധതികള്‍ പരിചയപ്പെടുത്തല്‍, പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ സര്‍ക്കാര്‍ മാനേജ്മെന്റ് സ്ഥാപനമായ സി എം ഡി യുടെ വിദഗ്ദ്ധര്‍ നല്‍കും. യോഗ്യതയുള്ള അപേക്ഷകര്‍ക്ക്  നിബന്ധനകള്‍ക്കു വിധേയമായി അന്നേ ദിവസം തന്നെ വായ്പ അനുവദിക്കും. 
സംരംഭകര്‍ക്ക് മൂലധന, പലിശ സബ്സിഡികള്‍ ലഭ്യമാക്കുന്ന പദ്ധതിയിന്‍ കീഴില്‍ സംരംഭകരാകാന്‍ താല്പര്യമുളളവര്‍ നോര്‍ക്ക റൂട്ട്സിന്റെ വെബ് സൈറ്റായ www.norkaroots.org യില്‍  ആവശ്യരേഖകളായ പാസ്പോര്‍ട്ട്, പദ്ധതിയുടെ വിവരണം, അപേക്ഷകന്റെ ഫോട്ടോ എന്നിവ അപ്ലോഡ് ചെയ്ത് മുന്‍കൂര്‍ പേര് രജിസ്റ്റര്‍ ചെയ്യണം.  ഇതോടൊപ്പം തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കല്‍ തുക ഉള്‍പ്പെടെയുള്ള ലഘു വിവരണവും,  2 വര്‍ഷത്തെ വിദേശവാസം തെളിയിക്കുന്ന പാസ്പോര്‍ട്ടിലെ പേജുകള്‍, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്് എന്നിവയുടെ അസ്സലും പകര്‍പ്പും, 3 പാസ്സ്പോര്‍ട്ട് സൈസ്സ് ഫോട്ടോയും അന്നേദിവസം കൊണ്ടുവരണം.
കൂടുതല്‍ വിവരങ്ങള്‍ 04712329738 (സി എം ഡി സഹായ കേന്ദ്രം), 1800 425 3939 (ടോള്‍ഫ്രീ നമ്പര്‍ - ഇന്ത്യയില്‍ നിന്ന്), 00918802012345 (വിദേശത്തു നിന്ന് -മിസ്ഡ് കോള്‍ സേവനം ഉള്‍പ്പെടെ), 0471-2770581 എന്നീ നമ്പറുകളില്‍ ലഭിക്കും. 
പി എന്‍ സി/2686/2019

കിണര്‍ റീചാര്‍ജിംഗ്:
പ്ലംബര്‍മാരുടെ കൂട്ടായ്മ രൂപീകരിക്കുന്നു
വരള്‍ച്ചയില്ലാത്ത കണ്ണൂര്‍ എന്ന ലക്ഷ്യത്തോടെ ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടവും ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സമ്പൂര്‍ണ കിണര്‍ റീചാര്‍ജിങ്  പദ്ധതിക്കായി പ്ലംബര്‍ തൊഴിലറിയുന്നവരുടെയും  താല്‍പര്യമുള്ളവരുടെയും കൂട്ടായ്മ ഒരുക്കുന്നു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉള്‍പ്പെടെയുള്ള പദ്ധതികളുടെ സഹായത്തോടെ നടപ്പിലാക്കുന്ന കിണര്‍ റീചാര്‍ജിങ് പ്രവര്‍ത്തനങ്ങളുടെ നിര്‍വ്വഹണമാണ്  കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നത്. കിണര്‍ റീചാര്‍ജിംഗില്‍ പരിശീലനം, ബോധവത്കരണം, തുടങ്ങിയവയും ഈ കൂട്ടായ്മ  വഴി നിര്‍വ്വഹിക്കും. ഐ ടി ഐകളില്‍ പ്ലംബര്‍ കോഴ്സിന് പഠിക്കുന്ന വിദ്യാര്‍ഥികളെയും കൂട്ടായ്മയില്‍ പങ്കെടുപ്പിക്കും. ജില്ലയില്‍ ഡിസംബര്‍ മാസത്തിനുള്ളില്‍ അരലക്ഷം കിണറുകളെങ്കിലും റീചാര്‍ജ് ചെയ്യുകയാണ് ലക്ഷ്യം. കിണര്‍ റീചാര്‍ജ് ടാങ്കുകളില്‍ നിറക്കുന്ന ക്ലീനിങ് ഘടകങ്ങളുടെ സംഘാടനവും കൂട്ടായ്മ നിര്‍വ്വഹിക്കും. ചെറു ഗ്രുപ്പുകളായാണ് കൂട്ടായ്മ പ്രവര്‍ത്തിക്കുക. 
താല്‍പര്യമുള്ളവര്‍ ആഗസ്ത് അഞ്ചിനകം ഹരിത കേരളം ജില്ലാ മിഷനില്‍  7356043371 വാട്‌സ്ആപിലൂടെ പേര് രജിസ്റ്റര്‍ ചെയ്യണം.   ഗ്രാമ പഞ്ചായത്ത് ഓഫീസുകളിലും പേര് രജിസ്റ്റര്‍ ചെയ്യാം.
പി എന്‍ സി/2687/2019 

വൈദ്യുതി ബില്ല് അടക്കുന്നതില്‍ സമയമാറ്റം 
ശിവപുരം എലക്ട്രിക്കല്‍ സെക്ഷനില്‍ വൈദ്യുതി ബില്ലുകള്‍ അടക്കുന്നതിനുള്ള സമയം രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് 1.15 വരെയും ഉച്ചയ്ക്ക് ശേഷം രണ്ടു മണി മുതല്‍ മൂന്ന് മണി വരെയും മാത്രമായിരിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കൂടാതെ 2000 രൂപയില്‍ കൂടുതല്‍ ബില്‍ തുകയുള്ള ഗാര്‍ഹികേതര ഉപഭോക്താക്കള്‍ ബില്ലുകള്‍ ഓണ്‍ലൈന്‍ വഴി അടക്കണം. 
പി എന്‍ സി/2687/2019

തീയതി നീട്ടി
ജൂലൈയില്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് അനുവദിച്ച ഭക്ഷ്യധാന്യങ്ങളുടെ വിതരണം ആഗസ്ത് ഒന്നു വരെ നീട്ടിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പി എന്‍ സി/2690/2019

എഞ്ചിനീയറിംഗ് കോളേജില്‍ അധ്യാപക നിയമനം
കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സിവില്‍ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഭാഗങ്ങളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിനായി അഡ്‌ഹോക് അധ്യാപകരുടെ പാനല്‍ തയ്യാറാക്കുന്നു.  ബന്ധപ്പെട്ട എഞ്ചിനീയറിംഗ് വിഭാഗങ്ങളിലോ വിഷയങ്ങളിലോ ഉള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.  സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ സ്ട്രക്ചറല്‍ എഞ്ചിനീയറിംഗ് അഭിലഷണീയ യോഗ്യതയാണ്.  താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പരിചയം തെളിയിക്കുന്ന അസ്സല്‍  സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്ത് രണ്ടിന് രാവിലെ 9.30 ന് പ്രിനസിപ്പല്‍ മുമ്പാകെ ഹാജരാകണം. 
കെമിസ്ട്രി, ഫിസിക്‌സ് എന്നീ വിഭാഗങ്ങളില്‍ പാനല്‍ തയ്യാറാക്കുന്നതിനായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉള്ള ബിരുദാനന്തര ബിരുദവും നെറ്റ്/യുജിസിയും ആണ് അടിസ്ഥാന യോഗ്യത.  പി എച്ച് ഡി അധിക യോഗ്യതയായി പരിഗണിക്കും.  താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍  യോഗ്യതയും പരിചയവും തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്ത് അഞ്ചിന് രാവിലെ 9.30 ന് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.  കൂടുതല്‍ വിവരങ്ങള്‍ www.gcek.ac.in ല്‍ ലഭിക്കും.  ഫോണ്‍: 0497 2780226.
പി എന്‍ സി/2691/2019

ആയുഷ്മാന്‍ ഭാരത്- കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി 
കാര്‍ഡ് വിതരണം നാളെമുതല്‍
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടപ്പാക്കുന്ന ആയുഷ്മാന്‍ ഭാരത്- കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കാര്‍ഡ് ഇന്ന് (ജൂലൈ 31) മുതല്‍ വിതരണം ചെയ്യും. കഴിഞ്ഞ വര്‍ഷം പുതുക്കിയ ആര്‍ എസ് ബി വൈ കാര്‍ഡ്/ പ്രധാനമന്ത്രിയുടെ കത്ത്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, എന്നിവ സഹിതം അനുവദിച്ചിട്ടുള്ള കേന്ദ്രങ്ങളില്‍ നേരിട്ട് ഹാജരാവണം. 50 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്.  തീയതി, പഞ്ചായത്ത്, കേന്ദ്രം എന്ന ക്രമത്തില്‍.  നാളെ(ജൂലൈ 31)- പിണറായി- പിണറായി പഞ്ചായത്ത് ഹാള്‍, ജൂലൈ 31, ആഗസ്റ്റ് ഒന്ന്- ചപ്പാരപ്പടവ് - ചപ്പാരപ്പടവ് പഞ്ചായത്ത് ഓഫീസ്, എരമം കുറ്റൂര്‍- സി ഡി എസ് ഹാള്‍, മാതമംഗലം, ആഗസ്റ്റ് ഒന്ന്- മൊകേരി- മോകേരി പഞ്ചായത്ത് ഓഫീസ്, ആഗസ്റ്റ് ഒന്ന്, രണ്ട്- കാങ്കോല്‍ ആലപ്പടമ്പ-കാങ്കോല്‍ ആലപ്പടമ്പ പഞ്ചായത്ത് ഹാള്‍, ഏഴോം- ഏഴോം പഞ്ചായത്ത് ഹാള്‍, ആഗസ്റ്റ് രണ്ട്, മൂന്ന്- കടന്നപ്പള്ളി- ചന്തപ്പുര സാംസ്‌കാരിക നിലയം, ആലക്കോട്- ആലക്കോട് കമ്മ്യൂണിറ്റി ഹാള്‍.
അംഗത്വം നേടുന്ന കുടുംബത്തിന് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിവിധ സര്‍ക്കാര്‍, സ്വകാര്യ, സഹകരണ ആശുപത്രികളിലൂടെ ലഭിക്കും.
പി എന്‍ സി/2692/2019

ഭരണാനുമതിയായി
സണ്ണി ജോസഫ് എം എല്‍ എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും 5.5 ലക്ഷം രൂപ വിനിയോഗിച്ച് ഉളിയില്‍ സൗത്ത് എല്‍ പി സ്‌കൂളിന് പാചകപ്പുര നിര്‍മ്മിക്കുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി. 
പി എന്‍ സി/2693/2019

ലേലം ചെയ്യും 
കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത അഴീക്കോട് സൗത്ത് അംശം ദേശം റി.സ 625/9 ല്‍പ്പെട്ട 4.15 ആര്‍ വസ്തു ആഗസ്റ്റ് 30 ന് രാവിലെ 11 മണിക്ക് അഴീക്കോട് സൗത്ത് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. 
പി എന്‍ സി/2694/2019

date