Skip to main content

കേരള സ്റ്റേറ്റ് ബാങ്ക് ഉടന്‍ പ്രാവര്‍ത്തികമാക്കും-മന്ത്രി എ.കെ.ബാലന്‍

സഹകരണ ബാങ്കുകളെ സംയോജിപ്പിച്ചുള്ള കേരള സ്റ്റേറ്റ് ബാങ്ക് പ്രാവര്‍ത്തികമാക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കുമെന്ന്  പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമൃനിയമ-സാംസ്‌ക്കാരിക-പാര്‍ലമെന്ററികാര്യ വകുപ്പു മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. മുണ്ടൂര്‍ പഞ്ചായത്തിലെ കാഞ്ഞിക്കുളം മൈലംപുള്ളി സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രഭാത, സായാഹ്ന, ഒഴിവു ദിന ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്പതു വര്‍ഷക്കാലം നിറഞ്ഞു നിന്ന സഹകരണ പ്രസ്ഥാനം മൂലമാണ് ഇന്നത്തെ കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തിക നില ഭദ്രമാക്കുന്നതെന്നും സഹകരണ ബാങ്കിന്റെ ചെറുകിട വ്യാപാരികള്‍ക്കുള്ള വായ്പാ പദ്ധതിയായ കെയര്‍ലോണ്‍ പദ്ധതിയിലൂടെ കച്ചവട സ്ഥാപനങ്ങള്‍ക്ക് ഏറെ ഗുണം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.വി.വിജയദാസ് എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ ബാങ്കിലേക്കുള്ള ആദ്യനിക്ഷേപം മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ.കുട്ടികൃഷ്ണന്‍ ഏറ്റുവാങ്ങി. ആദ്യ വായ്പാ വിതരണം സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ എസ്.ജോയ്സി നിര്‍വഹിച്ചു. 
പരിപാടിയില്‍ ഡോക്ടര്‍ ജോര്‍ജ്ജ് കുര്യന്‍, ശ്രീകാന്ത്, ജയശങ്കര്‍, മുഹമ്മദ്.പി.ഷംസുദ്ദീന്‍, സ്വാമിനാഥന്‍ എന്നിവരില്‍ നിന്നും നിക്ഷേപം സ്വീകരിച്ചു. മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജു, പാലക്കാട് ബ്ലോക്ക് പഞ്ചായത്തംഗം വി.ലക്ഷ്മണന്‍, സി.സി.ഐ.എം ജില്ലാ കമ്മിറ്റി അംഗം അഡ്വ.പി.എ ഗോകുല്‍ദാസ്, സഹകരണ ബാങ്ക് പ്രസിഡന്റ് പി.ഹരിദാസന്‍, വൈസ് പ്രസിഡന്റ് വി.സി.ശിവദാസ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

date