Skip to main content

മനുഷ്യക്കടത്ത് പ്രതിരോധം: യുവതലമുറ ബോധവാന്‍മാരാകണമെന്ന് സബ് ജഡ്ജി

മനുഷ്യനെ കച്ചവട ഉത്പന്നമായി കണക്കാക്കുന്ന മനുഷ്യക്കടത്ത്,  പ്രതിരോധം എന്നിവ സംബന്ധിച്ച് യുവതലമുറ ബോധവാന്‍മാരാകണമെന്ന് ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ എം.തുഷാര്‍ പറഞ്ഞു. കുറ്റകൃത്യങ്ങള്‍ക്ക് ഇരകളാകുന്നവരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വിശ്വാസിന്റേയും ജില്ലാ നിയമ സേവന അതോറിറ്റിയുടേയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോകമനുഷ്യക്കടത്ത് വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ക്കും മനുഷ്യക്കടത്തിനു വിധേയമായവര്‍ക്കും ജില്ലാ നിയമസേവന അതോറിറ്റി മുഖേന സൗജന്യ നിയമസഹായം ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു. 
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍, ലൈംഗിക കച്ചവടം, അവയവ കച്ചവടം, അടിമകച്ചവടം തുടങ്ങി മനുഷ്യക്കടത്തു മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചും ഇരകള്‍ അനുഭവിക്കുന്ന മാനസിക ശാരീരിക പ്രശ്നങ്ങളെക്കുറിച്ചും വിശ്വാസ് സെക്രട്ടറിയും കേന്ദ്ര ആഭ്യന്തര വകുപ്പിലെ മനുഷ്യക്കടത്ത പരിശീലന വിഭാഗം മാസ്റ്റര്‍ ട്രയിനറുമായ പി.പ്രേംനാഥ് മുഖ്യപ്രഭാഷണം നടത്തി. വണ്ടിത്താവളം ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പി.ടി.എ പ്രസിഡന്റ് ഹരിദാസ് അധ്യക്ഷനായി. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുന്‍ ചെയര്‍മാന്‍ വി.പി.കുര്യാക്കോസ്, വിശ്വാസ് ജോയിന്റ് സെക്രട്ടറി അഡ്വ.ആര്‍.ദേവികൃപ, സ്റ്റാഫ് സെക്രട്ടറി ബിജു വിജയന്‍, സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഡോ.പി.വി.ശ്രീകുമാര്‍, ഹെഡ്മാസ്റ്റര്‍ എ.ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.

date