Skip to main content

ഭാഷയെ മതവുമായി ബന്ധിപ്പിക്കേണ്ടതില്ല: മുഖ്യമന്ത്രി പിണറായി വിജയൻ

* സംസ്‌കൃതകോളേജ് 130-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം
ഭാഷയെ ഏതെങ്കിലും മതവുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭാഷയെ ഏതെങ്കിലും മതവിഭാഗത്തിന്റെ സ്വകാര്യസ്വത്തായി കാണാനാവില്ല. സംസ്‌കൃതം എന്ന പദം ഒരുപാട് വക്രീകരണങ്ങൾക്ക് ഇരയാവുന്ന കാലഘട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ഗവ.സംസ്‌കൃതകോളേജിന്റെ 130-ാം വാർഷികാഘോഷപരിപാടി ത്രിംശോത്തരിയുടെ ഉദ്ഘാടനവും പുതുതായി നിർമിച്ച അക്കാദമിക ഭവനത്തിന്റെയും ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇന്ത്യയുടെ വൈജ്ഞാനികസമ്പത്തിന്റെ വലിയൊരു ഭാഗം സമാഹൃതമായിരിക്കുന്നത് സംസ്‌കൃതഭാഷയിലാണ്. ആയുർവേദം, ഗണിതം, തത്ത്വചിന്ത, കാവ്യമീമാംസ, സാഹിത്യം തുടങ്ങി ഇന്ത്യ പൗരാണികകാലത്ത് കണ്ടെത്തിയിട്ടുള്ള അറിവുകൾ പലതും ഈ ഭാഷയിലാണ്. ആധുനികകാലത്ത് ശാസ്ത്രീയചിന്തകൾക്ക് ഉൾക്കൊള്ളാനാവാത്ത അന്ധവിശ്വാസങ്ങൾ സംസ്‌കൃതകൃതികളുടെ ചുവടുപിടിച്ച് പ്രചരിക്കുന്നുണ്ടാവാം. ത്യജിക്കേണ്ടവയെ ത്യജിച്ചും ഉൾക്കൊള്ളേണ്ടവയെ ഉൾക്കൊണ്ടും ത്യാജ്യഗ്രാഹ്യവിവേചനത്തോടെ സമീപിക്കുകയാണ് ഇവിടെ വേണ്ടത്. ആ ഭാഷയെ അപ്പാടെ തള്ളിക്കളയേണ്ടതില്ല.
പ്രൊഫസർ പി.സി.ദേവസ്യയുടെ ക്രിസ്തുഭാഗവതം സംസ്‌കൃതഭാഷയുടെ മതനിരപേക്ഷസ്വഭാവമാണ് ഉയർത്തിക്കാട്ടുന്നത്. ജർമനിയിലും ഇംഗ്ളണ്ടിലും മറ്റും സർവകലാശാലകളിൽ സംസ്‌കൃതം പഠിപ്പിക്കുന്നു. സംസ്‌കൃതം ഒരു മൃതഭാഷയാണെന്നും അതിനായി ഒന്നും ചെയ്യേണ്ടതില്ല എന്നും വാദിക്കുന്ന ഒരു കൂട്ടരുണ്ട്. മറുഭാഗത്ത് എല്ലാ വിജ്ഞാനങ്ങളുടേയും അവസാനവാക്ക് സംസ്‌കൃതം ആണെന്നു ധരിക്കുന്നവരുണ്ട്. ഇതരഭാഷകൾക്കു മേലെയാണ് സംസ്‌കൃതം എന്നു നിഷ്‌കർഷിക്കുകയും ചെയ്യുന്നു. രണ്ടുകൂട്ടരുടേയും നിലാപാടുകൾ അംഗീകരിക്കേണ്ടതില്ല.
  നമ്മുടെ സംസ്‌കാരത്തിന്റെയും പൈതൃകതത്തിന്റെയും പ്രതീകസ്ഥാനം വഹിക്കുന്ന കലാലയമാണ് സംസ്‌കൃതകോളേജ്. കേരളചരിത്രത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഒരുപാട് പ്രതിഭകൾ ഇവിടെ പഠിച്ചിട്ടുണ്ട്. യൂണിവേഴ്്സിറ്റി കോളേജും സംസ്‌കൃതകോളേജും തലസ്ഥാനത്തിന്റെ ഹൃദയമിടിപ്പുകളാണ്. ഈ കോളേജുകളെ ശക്തിപ്പെടുത്തും. സംസ്‌കൃതകോളേജിന്റെ അടിസ്ഥാനസൗകര്യവികസനത്തിനായി കിഫ്ബിയിൽനിന്ന് എട്ട് കോടി രൂപ അനുവദിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
യോഗക്കായി സംസ്ഥാനത്ത് ബിരുദ, ബിരുദാനന്തര കോഴ്സുകൾ ആരംഭിക്കുമെന്ന് അധ്യക്ഷത വഹിച്ച ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ.കെ.ടി.ജലീൽ പറഞ്ഞു. അടുത്ത അധ്യയനവർഷം ഒന്നാം ക്ളാസ് മുതൽ ബിരുദാനന്തരബിരുദം വരെയും എൽഎൽബിയും പോളിടെക്നിക്കും തുടങ്ങിയ കാളാസുകൾ ഒരേദിവസം ആരംഭിക്കാനാവുന്ന നിലയിലാണ് മുന്നോട്ടുപോവുന്നതെന്നും മന്ത്രി പറഞ്ഞു.
കൗൺസിലർ ഐഷ ബേക്കർ, പൂർവവിദ്യാർഥിസംഘടന പ്രസിഡന്റ് ഡോ.പി.ലൈലാപ്രസാദ്, ഗവേഷകപ്രതിനിധി രതീഷ് കെ.ആർ, വിദ്യാർഥിയൂണിയൻ പ്രതിനിധി അഭിജിത്ത്, തുടങ്ങിയവർ സംസാരിച്ചു. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഡോ.കെ.കെ.സുമ സ്വാഗതവും പ്രിൻസിപ്പൽ ഡോ.കെ.ഉണ്ണിക്കൃഷ്ണൻ നന്ദിയും പറഞ്ഞു. അന്തർകലാലയ സംസ്‌കൃത നാടകോത്സവവും ദേശീയ വാക്യാർഥസദസ്സും ഉൾപ്പെടെ വിപുലമായ പരിപാടികളാണ് ആഘോഷത്തിന്റെ ഭാഗമായി നടത്തുന്നത്.
പി.എൻ.എക്സ്.2792/19

date