Skip to main content

അശ്വമേധം - രണ്ടാം ഘട്ടം ആഗസ്റ്റില്‍

 

 

കുഷ്ഠരോഗ നിര്‍ണ്ണയ പ്രചരണ പരിപാടി അശ്വമേധം രണ്ടാം ഘട്ടം ജില്ലയില്‍ ആഗസ്റ്റ് 14 മുതല്‍ 27 വരെ നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ .വി അറിയിച്ചു. കുഷ്ഠ രോഗബാധിതരെ കണ്ടെത്തി ചികിത്സിച്ചു സുഖപ്പെടുത്തുക എന്ന സുസ്ഥിര വികസനലക്ഷ്യം കൈവരിക്കുന്നതിനുള്ള തീവ്രയജ്ഞത്തിന്റെ ഭാഗമായാണ് പരിപാടി നടത്തുന്നത്.

2018 ഡിസംബറില്‍ ഒന്നാം ഘട്ടം അശ്വമേധ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ 13 പുതിയ രോഗബാധിതരെ കണ്ടെത്തി ചികിത്സക്കു വിധേയരാക്കിയിട്ടുണ്ട്. കണ്ടെത്തിയവരില്‍ ഒരു കുട്ടിയും ഒരു ഇതര സംസ്ഥാന തൊഴിലാളിയും ഉള്‍പ്പെടുന്നു.

സംസ്ഥാന തലത്തില്‍ അശ്വമേധം ഒന്നാം ഘട്ടത്തില്‍ നൂറ്റി തൊണ്ണൂറ്റിയെട്ട് രോഗബാധിതരെ കണ്ടെത്തിയിരുന്നു.

 

ജില്ലയില്‍ നിലവില്‍ 98 കുഷ്ഠരോഗബാധിതര്‍ ചികിത്സയിലുണ്ട്.

അശ്വമേധത്തിന്റെ ഭാഗമായി പരിശീലനം ലഭിച്ച ആരോഗ്യ വളണ്ടിയര്‍മാര്‍ ഗൃഹസന്ദര്‍ശനം നടത്തി രോഗലക്ഷണങ്ങള്‍ സംശയിക്കുന്നവരെ കണ്ടെത്തി രോഗനിര്‍ണ്ണയം നടത്തി സൗജന്യമായി ചികിത്സ ലഭ്യമാക്കും. 

വായുവിലൂടെ പകരുന്ന കുഷ്ഠരോഗാണുക്കള്‍ ബാധിച്ചാല്‍ രോഗ പ്രതിരോധശേഷി കുറഞ്ഞവരില്‍ നിറം മങ്ങിയതോ, ചുവന്നതോ ആയ പാടുകളായി രോഗം പ്രത്യക്ഷപ്പെടുന്നു. ഈ പാട്ടുകളില്‍ സ്പര്‍ശനശേഷി കുറവായിരിക്കും. കൂടാതെ തിളക്കമുള്ള ചര്‍മ്മം, കൈകാലുകളിലെ വിട്ടുമാറാത്ത മരവിപ്പ്, നാഡികളില്‍ തടിപ്പും വേദനയും, ഉണങ്ങാത്ത വ്രണങ്ങള്‍ എന്നീ ലക്ഷണങ്ങളോടെയും രോഗം പ്രത്യക്ഷപ്പെടാം. 

ഗൃഹസന്ദര്‍ശനം നടത്തുന്ന വളണ്ടിയര്‍മാരോട് സഹകരിച്ച് മേല്‍പ്പറഞ്ഞ ലക്ഷണങ്ങളുള്ളവര്‍ പരിശോധനക്കു വിധേയരാകണമെന്ന് ഡി എം ഒ അഭ്യര്‍ത്ഥിച്ചു. വ്യക്തികളുടെ സ്വകാര്യത സംരക്ഷിച്ചു കൊണ്ട് വിദഗ്ദ പരിശോധനയും ചികിത്സയും ലഭ്യമാക്കുമെന്നും ഡി എം ഒ അറിയിച്ചു.

date