Skip to main content

ജലസേചന വകുപ്പ് പ്രവർത്തനം ഇനിയും മെച്ചപ്പെടണം- മന്ത്രി കെ. കൃഷ്ണൻകുട്ടി

ജലസേചന വകുപ്പിന്റെ പ്രവർത്തനം ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി. ഇറിഗേഷൻ വിഭാഗം എൻജിനീയർമാരുടെ പ്രവർത്തന അവലോകന യോഗവും ശില്പശാലയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
പൊതുവിൽ മികച്ച പ്രകടനം കാണാമെങ്കിലും ചിലയിടങ്ങളിൽ പ്രവർത്തനത്തിന് വേഗതക്കുറവ് അനുഭവപ്പെടുന്നുണ്ട്. ഇത് മറികടക്കാനായി പുതിയ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കണം. ബജറ്റിൽ പദ്ധതി വിഹിതമായി അനുവദിക്കുന്ന തുക പൂർണമായും ചെലവഴിക്കാൻ സാധിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. 
പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചാൽ വേഗത്തിൽതന്നെ സാങ്കേതികാനുമതി ലഭ്യമാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തയാറാക്കുന്ന പദ്ധതികൾ യാഥാർഥ്യവുമായി പൊരുത്തപ്പെട്ടതാവണം. സാങ്കേതിക മികവ് പുലർത്തുന്ന കാര്യത്തിലും കരുതൽ കാട്ടണം. ഭാവിയിൽ ജലലഭ്യത കുറഞ്ഞുവരും. അന്ന് ജലവിഭവ രംഗത്ത് മികച്ച മാതൃകകളാകാൻ നമ്മുടെ എൻജിനീയർമാർക്ക് കഴിയണമെന്ന് അദ്ദേഹം നിർദേശിച്ചു. പുതിയ സാങ്കേതിക വിദ്യകൾ സ്വീകരിക്കുന്നതിന് ആർജവം കാട്ടണം. സർവീസിൽ പുതുതായി കടന്നുവരുന്നവർ ഇതിൽ കൂടുതൽ താത്പര്യം കാണിക്കുമെന്ന് വിശ്വസിക്കുന്നു. കൃഷിക്കാരുമായുള്ള ബന്ധം മെച്ചപ്പെടുത്തണം. അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാൻ കഴിയണം. 
പ്രതിവർഷം 3000 ടിഎംസി ജലം ലഭിക്കുന്നതിൽ 1500 ടിഎംസി ജലമേ നിലവിൽ പ്രയോജനപ്പെടുത്തുന്നുള്ളൂ. ബാക്കി 1500 ടിഎംസി ജലം ഉപയോഗിക്കാൻ വകുപ്പിന് കഴിയും. ഈ ജലം ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള പുതിയ പദ്ധതികൾ തയാറാക്കണം. സൃഷ്ടിപരമായ ഒരു മാറ്റം ജലസേചന മേഖലയിൽ ഉണ്ടാക്കിയെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടന്ന യോഗത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, വകുപ്പ് സെക്രട്ടറി ഡോ. ബി. അശോക്, ചീഫ് എൻജിനീയർമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പി.എൻ.എക്സ്.2800/19

date