Skip to main content

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്  ഒറ്റക്കെട്ടായി മുന്നോട്ടെന്ന് ജില്ലാ വികസനസമിതി 

    ജനുവരി ഒന്ന് മുതല്‍ ജില്ലയിലാരംഭിക്കുന്ന പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളില്‍  എല്ലാ വകുപ്പുകളും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ജനപ്രതിനിധികളും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് ജില്ലാ വികസന സമിതി. 
    കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് പടര്‍ന്നു പിടിച്ച ഡെങ്കി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ ജില്ലയില്‍ ഏറെ ദുരിതം വിതച്ച സാഹചര്യത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍  ഏകോപനത്തോടെ മഴയ്ക്ക് വളരെ മുമ്പ് തന്നെ ചെയ്യുന്നതിന് തീരുമാനമായത്. സംസ്ഥാനത്തൊട്ടാകെ ആരോഗ്യ  വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും വിവിധ വകുപ്പുകളും ബഹുജന പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന ആരോഗ്യജാഗ്രത 2018 ന്റെ ജില്ലയിലെ മുന്നൊരുക്കങ്ങള്‍ ആരോഗ്യവകുപ്പ് ഡി.ഡി.സി യില്‍ അവതരിപ്പിച്ചു.  വൈറല്‍ðപനി, ഡെങ്കിപ്പനി, എച്ച്-1 എന്‍-1, എലിപ്പനി, മലമ്പനി, ചെള്ളുപ്പനി, വയറിളക്ക രോഗങ്ങള്‍, ഹെപ്പെൈറ്ററ്റിസ് എ, കോളറ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്കെതിരെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായി പരിശീലന ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും ശുചീകരണവും കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും.      
    വന്യമൃഗങ്ങളുടെ അക്രമണത്താല്‍ വലയുന്ന നെയ്യാര്‍ഡാം, അമ്പൂരി, കള്ളിക്കാട് മേഖലകളില്‍ സര്‍ക്കാര്‍ 10 കി.മീ ചുറ്റളവില്‍ സംരക്ഷണ വേലി കെട്ടാന്‍ അഞ്ചുകോടി രൂപ  അനുവദിച്ചിട്ടും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളതെന്ന് സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ ചൂണ്ടിക്കാട്ടി.  ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ന്ന് അഞ്ചുചങ്ങല പ്രശ്‌നത്തിന് നീതിയുക്തമായ പരിഹാരം കണ്ടെത്തി  സുരക്ഷാ വേലി നിര്‍മ്മാണം അടിയന്തരമായി ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  
     പാറമടകളുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ പുറമ്പോക്ക,് തരിശുഭൂമിയില്‍ ഖനനം നടത്തുന്നതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സി.കെ ഹരീന്ദ്രന്‍ എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.  സര്‍വേ പൂര്‍ത്തിയാക്കി ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും അന്തിമ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിര്‍മാണമേഖലയെയും ക്വാറിത്തൊഴിലാളികളെയും പ്രതികൂലമായി ബാധിക്കുന്നതിനാല്‍  നിയമപരമായി പ്രവര്‍ത്തിക്കുന്ന ലൈസന്‍സുള്ള ക്വാറികളുടെ  നിരോധനം അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.  ക്വാറിയുടകളുടെയും ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരുടെയും യോഗം ഉടന്‍ വിളിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 
    എസ്.ടി കോളനികളുടെ നവീകരണത്തിന് ഒരു കോടി രൂപ വീതം അനുവദിച്ചിട്ടുള്ള സാഹചര്യത്തില്‍ സമഗ്രവികസനം സാധ്യമായ രീതിയില്‍ നിര്‍വഹണ ഏജന്‍സിയെ നിയമിക്കുന്നതിനുള്ള നടപടി വേണമെന്ന് ഡി.കെ മുരളി എം.എല്‍.എ ആവശ്യപ്പെട്ടു.  കെ.എസ്.ആര്‍.ടി.സി സര്‍വീസുകളുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങളും എം.എല്‍.എ ഡി.ഡി.സിയുടെ ശ്രദ്ധയില്‍പ്പെടുത്തി. നെല്ലനാട് ഗ്രാമപഞ്ചായത്തിലെ ആധുനിക മത്സ്യമാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുന്നതിന് പഞ്ചായത്ത് അധികൃതര്‍ക്ക്  നിര്‍ദ്ദേശം നല്‍കുമെന്ന് എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി ജില്ലാ കളക്ടര്‍ അറിയിച്ചു. 
    നെയ്യാര്‍ ഇറിഗേഷന്‍ പ്രോജക്ടുമായി ബന്ധപ്പെട്ട മംഗലയ്ക്കല്‍, കൊറ്റംപള്ളി പ്രദേശങ്ങളിലെ കനാല്‍ പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഐ.ബി സതീഷ് എം.എല്‍.എ ആവശ്യപ്പെട്ടു.  അളന്ന് കല്ലുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ അടുത്ത ആഴ്ച തന്നെ ആരംഭിക്കുമെന്ന് റവന്യൂ, സര്‍വേ, ഇറിഗേഷന്‍ അധികൃതര്‍ അറിയിച്ചു. കട്ടയ്‌ക്കോട് റിംഗ് റോഡ് നിര്‍മ്മാണം ആരംഭിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
    ഓഖി ദുരന്ത ദുരിതാശ്വാസ വിതരണ പുരോഗതി സംബന്ധിച്ച  വി.എസ് ശിവകുമാര്‍ എം.എല്‍.എ യുടെ അന്വേഷണത്തിന് ദുരിതാശ്വാസ വിതരണ നടപടികള്‍ പുരോഗമിക്കുകയാണെന്ന് കളക്ടര്‍ അറിയിച്ചു. 
      എം.എല്‍.എ , എം.പി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ബസ്‌ഷെല്‍റ്ററുകളുടെ അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ ആളില്ലാതാവുന്ന സ്ഥിതി പരിശോധിക്കണമെന്ന് കെ. മുരളീധരന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ഭരണാനുമതി നല്‍കുന്ന സമയത്തുതന്നെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ ഇതിന് ചുമതലപ്പെടുത്തുന്നതിന് ഭാവിയില്‍ നടപടി സ്വീകരിക്കുന്നതിന് കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
  ജില്ലാ പോലീസ് മേധാവി പി. അശോക് കുമാര്‍, ജില്ലാ പ്‌ളാനിംഗ് ഓഫീസര്‍ വി.എസ് ബിജു, എം.പി, എം.എല്‍.എമാരുടെ പ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.    
 

date