Skip to main content

ഓഖി ദുരിതാശ്വാസ പ്രവർത്തനം:  ജില്ല ഭരണകൂടത്തിന് അഭിനന്ദന പ്രവാഹം.

ആലപ്പഴ : ഓഖി ചുഴലിക്കൊടുങ്കാറ്റ് മൂലം ജില്ലയിലുണ്ടായ  കെടുതികൾ തരണം ചെയ്യുന്നതിന് ജില്ല ഭരണകൂടം നടപ്പാക്കിയ  രക്ഷാ-ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ജില്ല വികസന സമിതി യോഗത്തിൽ ജനപ്രതിനിധികളുടെ അഭിനന്ദന പ്രവാഹം. അപ്രതീക്ഷിതമായുണ്ടായ ദുരന്ത സാഹചര്യം നേരിടുന്നതിന് ജില്ലയിലെ വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികൾ കാര്യക്ഷമവും ത്വരിതഗതിയിൽ കൺട്രോൾ റൂമുകളും ദുരിതാശ്വാസ ക്യാമ്പുകളും തുറന്നതിലൂടെ കൂടുതൽ അപകടങ്ങൾ ഒഴിവാക്കാനായതായും നിയമസഭ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതിനിധി ജോൺ തോമസ്, കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രതിനിധി എം.എൻ ചന്ദ്രപ്രകാശ്, ധനകാര്യമന്ത്രി ഡോ.ടി.എം.തോമസ് ഐസക്കിന്റെ പ്രതിനിധി കെ.ഡി മഹീന്ദ്രൻ എന്നിവർ ചൂണ്ടിക്കാട്ടി.
കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് തീരദേശത്ത് ഉണ്ടാകാനിടയുള്ള ദുരന്തങ്ങൾ മുൻകൂട്ടി കണ്ട് കോസ്റ്റൽ പോലീസിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ വേണമെന്നും മത്സ്യബന്ധനത്തിന്  പോകുന്ന തൊഴിലാളികളുടെ ബോട്ടുകളുമായി ബന്ധപ്പെടുന്നതിന്  പോലീസിന്റെ ബോട്ടുകളിൽ സാറ്റലൈറ്റ് സംവിധാനം  ഏർപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു. ജില്ല കളക്ടർ ടി.വി അനുപമയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേന്ദ്ര-സംസ്ഥാന പദ്ധതികൾ, എം.പി ,എംഎൽ.എ ഫണ്ട് വിനിയോഗം ,അംബേദ്കർ സ്വാശ്രയ ഗ്രാമ പദ്ധതി എന്നിവയുടെ പുരോഗതി അവലോകനം ചെയ്തു. കഴിഞ്ഞ ജില്ല വികസന സമിതി യോഗത്തിൽ ഉന്നയിക്കപ്പെട്ടതിന്റെ അടിസ്ഥനത്തിൽ സ്വീകരിച്ച നടപടികൾ യോഗം ചർച്ച ചെയ്തു.തണ്ണീർമുക്കം ബണ്ടിന്റെ 80 ശതമാനം പണികൾ പൂർത്തീകരിച്ചു.ആറു മാസത്തിനകം നിർമ്മാണം പൂർത്തീകരിക്കാനാകുമെന്നും ജില്ലയിലാകെ 506 ഓരു മുട്ടുകൾ സ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുള്ളതായും മൈനർ ഇറിഗേഷൻ കുട്ടനാട് ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ഹരിപ്പാട് വലിയകുളങ്ങരയിലെ കുടിവെള്ള പദ്ധതിക്കായി നിർമ്മിക്കുന്ന കുഴൽ കിണറിന്റെ നിർമ്മാണം 20 ദിവസത്തിനകം പൂർത്തിയാകും. ജില്ലയിലെ 41 ഗ്രാമ പഞ്ചായത്തുകളിലായി 6,78,172.7 ചതുരശ്രമീറ്റർ കയർ ഭൂവസ്ത്രം വിനിയോഗിച്ചതായി എം.ജി.എൻ.ആർ.ഇ.ജി.എസ് ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ അറിയിച്ചു. 10 കോടി രൂപയുടെ അനുമതി കയർ വകുപ്പിന് നൽകിയിട്ടുണ്ടെങ്കിലും ലഭിച്ചിട്ടില്ല. തമിഴ്‌നാട്ടിൽ നിന്നുള്ള ചകിരി വരവ് നിലച്ച സാഹചര്യത്തിലാണ് കയർ ഭൂവസ്ത്രം നൽകാൻ സാധിക്കാതെ വന്നതെന്ന് കയർ പ്രോജക്ട് ഓഫീസർ അറിയിച്ചു. സംസ്ഥാന പദ്ധതികളിൽ  നവംബർ 30വരെ  60 ശതമാനം തുക വിനിയോഗം നടന്നതായി ജില്ല പ്ലാനിംഗ് ഓഫീസർ കെ.എസ്.ലതി അറിയിച്ചു. ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് ഹാളിൽ നടന്ന യോഗത്തിൽ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ സംബന്ധിച്ചു.

date