Skip to main content

പൂപ്പൊലി     അന്താരാഷ്ട്ര പുഷ്പ-ഫല പ്രദര്‍ശന മേളക്ക് തുടക്കമായി ·               ജില്ല ഇനി പുഷ്പകൃഷിയുടെ പ്രത്യേക കാര്‍ഷിക മേഖല

 

                അന്താരാഷ്ട്ര പുഷ്പ-ഫല പ്രദര്‍ശന മേള പൂപ്പൊലിക്ക് പുതുവര്‍ഷപ്പുലരിയില്‍ അമ്പലവയലില്‍ തുടക്കമായി. കേരള കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ്, കേരള കാര്‍ഷിക സര്‍വകലാശാല, അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം എന്നിവ സംയുക്തമായി ഒരുക്കുന്ന പൂപ്പൊലി ജനുവരി 18 വരെയാണ് നടക്കുക.പൂപ്പൊലി ടൂറിസം മാപ്പില്‍ ഇടം പിടിക്കാന്‍ സ്ഥിരമായ കലണ്ടര്‍ ഷെഡ്യൂള്‍ ആവശ്യമായതിനാല്‍ എല്ലാ വര്‍ഷവും ജനുവരി ഒന്നു മുതലായിരിക്കും ഇനി മേള നടത്തുക.  കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്താനുളള നടപടിയുടെ ഭാഗമായും കൂടിയാണ് പൂപ്പൊലി സംഘടിപ്പിക്കുന്നത്.

 

കേരളത്തിന്റെ കാര്‍ഷിക സംസ്‌കൃതിയും സാധ്യതയും നേരിട്ട് മനസിലാക്കാനും മുന്നേറാനും പൂപ്പൊലി കൊണ്ട് കഴിയും. വയനാടിന്റെ പാരമ്പര്യവും വൈവിധ്യവും വിളിചോതുന്ന നെല്ലിനങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സര്‍വകലാശാലയുടെ പാടത്ത് വിവിധ ഇനത്തില്‍പ്പെട്ട നെല്‍ കൃഷി ഒരുക്കിയിട്ടുണ്ട്. 12 ഏക്കറിലധികം വ്യാപിച്ചു കിടക്കുന്ന പൂപ്പൊലി ഉദ്യാനത്തില്‍ വിവിധ നിറത്തിലുളള ആയിരത്തി നാനൂറോളം റോസ് ഇനങ്ങള്‍, ആയിരത്തി അഞ്ഞൂറില്‍പ്പരം ഡാലിയ ഇനങ്ങള്‍, വിവിധ രാജ്യങ്ങളില്‍ നിന്നായി ശേഖരിച്ച അഞ്ഞൂറോളം ഓര്‍ക്കിഡുകള്‍, കള്ളിമുള്‍ ചെടികള്‍, വൈവിധ്യമാര്‍ന്ന അലങ്കാര ചെടികള്‍, പഴവര്‍ഗ്ഗങ്ങള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.    കാര്‍ഷിക പ്രവര്‍ത്തിപരിചയ മോഡലുകള്‍, ഉന്നതനിലവാരമുളള നടീല്‍ വസ്തുക്കളുടെയും മികച്ചയിനം വിത്തിനങ്ങളുടെയും വിപണനവും പ്രദര്‍ശനവും മേളയുടെ പ്രത്യേകതയാണ്. 6 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 30 രൂപയാണ് പൂപ്പൊലിക്ക് പ്രവേശ ഫീസ് ഈടാക്കുന്നത്.

 

                ഈ വര്‍ഷം മുതല്‍ പുഷ്പ കൃഷിയുടെ പ്രത്യേക കാര്‍ഷിക മേഖലയായി വയനാടിനെ മാറ്റാനാണ് പദ്ധതി.  ഇതിന്റെ ഭാഗമായി ഇന്ത്യന്‍ ഓര്‍ക്കിഡ് സൊസൈറ്റിയുടെ   നേതൃത്വത്തില്‍ മാര്‍ച്ചില്‍ അന്തരാഷ്ട്ര ഓര്‍ക്കിഡ് പ്രദര്‍ശനം മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടത്തും. ആദ്യമായിട്ടാണ് ഇന്ത്യന്‍ ഓര്‍ക്കിഡ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രദര്‍ശനവും ശില്‍പശാലയും നടത്തുന്നത്. പുഷ്പകൃഷിയിലൂടെ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പുവരുത്തുന്ന രീതിയിലാണ്  പ്രത്യേക കാര്‍ഷിക മേഖല പ്രവര്‍ത്തിക്കുക.വയനാടിനെ  പുഷ്പ കൃഷിക്ക ് പേരുകേട്ട ചൈനയിലെ കുമ്മിങ്ങിന്റെ ചെറിയ പതിപ്പാക്കി മാറ്റാണ് ലക്ഷ്യമിടുന്നത്. സുഗന്ധ നെല്ലിന്റേയും പ്രത്യേക കൃഷി മേഖലയായി പ്രഖ്യാപിക്കുന്നതിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്.

date