Skip to main content
ആരോഗ്യ ജാഗ്രതാ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം എ.പി.ജെ. അബ്ദുള്‍കലാം ഹാളില്‍ മന്ത്രി വി.എസ്.സുനില്‍കുമാര്‍നിര്‍വഹിച്ച് സംസാരിക്കുന്നു

പകര്‍ച്ചവ്യാധി   ആരോഗ്യ പ്രതിരോധ-ബോധവല്‍കരണ കാമ്പയിനുകള്‍ നടത്തും

 

                പകര്‍ച്ചവ്യാധികള്‍ തടയാന്‍ വാര്‍ഡ്തലം മുതല്‍ സുസജ്ജമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവല്‍കരണ കാമ്പയിനുകളും നടത്തുമെന്ന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു.  ജനുവരി ഒന്ന് മുതല്‍ നടപ്പാക്കുന്ന ആരോഗ്യ ജാഗ്രതാ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം എ.പി.ജെ. അബ്ദുള്‍കലാം ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

                ആരോഗ്യം, റവന്യൂ, തദ്ദേശ സ്വയംഭരണം, ജലവിഭവം,കൃഷി, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളെ ഏകോപ്പിപ്പിച്ചായിരിക്കും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളെന്ന് മന്ത്രി അറിയിച്ചു.  വാര്‍ഡ് മെമ്പര്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, മണ്ഡലം തലത്തില്‍ എം.എല്‍.എ.മാര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.  അടിസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗണ്‍വാടി വര്‍ക്കര്‍മാര്‍, ആശാപ്രവര്‍ത്തകര്‍, പട്ടികജാതി-വര്‍ഗ്ഗ പ്രൊമോട്ടര്‍മാര്‍ എന്നിവരെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തും.  കേരളത്തില്‍ പകര്‍ച്ച വ്യാധികള്‍ക്കെതിരെയുള്ള ജാഗ്രത ശക്തമായതുകൊണ്ടാണ് ഇത്തരം രോഗങ്ങള്‍ ധാരാളമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.   ജില്ലയില്‍ ജനുവരി മുതല്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരി ആദ്യം അവലോകനം ചെയ്യുമെന്നും ഡിഫ്തീരിയപോലുള്ള പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ ശക്തമായ ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു.

                ജില്ലയില്‍ 2015-ല്‍ 111 പേര്‍ക്ക് കുരങ്ങ്പനി ബാധിക്കുകയും 11 പേര്‍ മരിക്കുകയും ചെയ്‌തെങ്കില്‍ 2017-ല്‍ ഒരാള്‍ക്കുപോലും രോഗം ബാധിച്ചിട്ടില്ലെന്നും എന്നാല്‍ മഞ്ഞപ്പിത്തം ഭീഷണിയായി തുടരുകയാണെന്നും യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

                യോഗത്തില്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, എ.ഡി.എം.കെ.എം.രാജു, ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ടി.എന്‍.സാജന്‍, ദേശീയ ആരോഗ്യമിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ഡോ.നിത വിജയന്‍, സ്റ്റേറ്റ് എപ്പിഡമോളജിസ്റ്റ് ഡോ. എ.സുകുമാരന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.ജിതേഷ്, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.പി.ജയേഷ് എന്നിവര്‍ സംസാരിച്ചു.

 

date