Skip to main content

നാടന്‍കലാരൂപങ്ങളുമായി  ഡിറ്റിപിസിയുടെ ഉത്സവം 2018   അറ് മുതല്‍ 12   വരെ അടൂരിലും കടമ്മനിട്ടയിലും

    കേരളീയ തനത് കലാരൂപങ്ങളുടെ മഹോത്സവമായ ഉത്സവം 2018 ഈ മാസം ആറ് മുതല്‍ 12 വരെ അടൂര്‍ ചേന്നംപള്ളി ക്ഷേത്രമൈതാനിയിലും കടമ്മനിട്ട പടേനി ഗ്രാമത്തിലുമായി നടക്കും. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തിലാണ് ഉത്സവം 2018 സംഘടിപ്പിക്കുന്നത്. കേരളീയ സാംസ്കാരിക പൈതൃകത്തിന്‍റെ അടിസ്ഥാനവും വികാസവും അടയാളപ്പെടുത്തുന്ന നാടന്‍കലാരൂപങ്ങളാണ് ഏഴ് ദിവസങ്ങളിലായി അടൂരിലും കടമ്മനിട്ടയിലും അരങ്ങേറുന്നത്. 
    ഉത്സവം 2018ന്‍റെ അടൂരിലെ ഉദ്ഘാടനം ആറിന് വൈകിട്ട് അഞ്ചിന് അടൂര്‍ ചേന്നംപള്ളി ക്ഷേത്ര മൈതാനത്ത് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിക്കും. പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രസന്നകുമാരി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നഗരസഭാധ്യക്ഷ ഷൈനി ജോസ്, ജില്ലാ പഞ്ചായത്തംഗം റ്റി.മുരുകേഷ്, ബ്ലോക്ക് പഞ്ചായത്തംഗം മായ ഉണ്ണികൃഷ്ണന്‍, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് എ.പി.സന്തോഷ്, വാര്‍ഡംഗം കുഞ്ഞുമോള്‍ കൊച്ചുപാപ്പി, ഡിറ്റിപിസി എക്സിക്യൂട്ടീവ് അംഗം പി.ബി.ഹര്‍ഷകുമാര്‍,  സെക്രട്ടറി എ.ഷംസുദീന്‍, ഇന്ദിര ഗോപാലകൃഷ്ണന്‍, അഖില്‍ പെരിങ്ങനാടന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൈകിട്ട് ആറ് മുതല്‍ ഉത്തരമലബാര്‍ പുലയന്‍ അനുഷ്ഠാന കലാകേന്ദ്രം കണ്ണൂര്‍ അവതരിപ്പിക്കുന്ന ചിമ്മാനക്കളി, കെന്ത്രോണ്‍ തെയ്യം, കണ്ണൂര്‍ മഹാദേവഗ്രാമം കോല്‍ക്കളി സംഘം അവതരിപ്പിക്കുന്ന കോല്‍ക്കളി ചരടുകുത്തിക്കളി എന്നിവ നടക്കും. 
    ഏഴിന് വൈകിട്ട് ആറ് മുതല്‍ ഇടുക്കി വെള്ളയന്‍കാത്തി പരമ്പരാഗത നൃത്തസംഘം അവതരിപ്പിക്കുന്ന പളിയനൃത്തം, തിരുവല്ല പാട്ടില്ലം നാട്ടറിവ് കലാഗവേഷണ പഠന കേന്ദ്രം അവതരിപ്പിക്കുന്ന നാടന്‍പാട്ട് എന്നിവ നടക്കും. എട്ടിന് വൈകിട്ട് ആറിന് പാലക്കാട് തിരുവാഴിയോട് പൈതൃകം കലാവേദി അവതരിപ്പിക്കുന്ന തിരിയുഴിച്ചില്‍, തിരുവനന്തപുരം നാടന്‍ കലാസമിതിയുടെ നാടന്‍പാട്ട് എന്നിവയും ഒമ്പതിന് വൈകിട്ട് ആറ് മുതല്‍ കോട്ടയം മണികണ്ഠോദയ കലാസമിതിയുടെ ഉടുക്കുപാട്ട്, കോഴിക്കോട് സാംസ്കാരിക വേദിയുടെ നാഗകാളി തെയ്യം എന്നിവയും നടക്കും. 10ന് വൈകിട്ട് ആറ് മുതല്‍ കണ്ണൂര്‍ അഖിലേഷ് നയിക്കുന്ന ഭദ്രകാളി തെയ്യം, തിരുവനന്തപുരം വിശ്വകലാകേന്ദ്രത്തിന്‍റെ പറയന്‍തുള്ളല്‍ എന്നിവയും 11ന് വൈകിട്ട് ആറ് മുതല്‍ പാലക്കാട് തോല്‍പ്പാവക്കൂത്ത് സംഘത്തിന്‍റെ തോല്‍പ്പാവക്കൂത്ത്, കണ്ണൂര്‍ ഉത്തരകേരള തെയ്യം കലാകേന്ദ്രത്തിന്‍റെ നിണബലി എന്നിവയും നടക്കും. 12ന് വൈകിട്ട് ആറ് മുതല്‍ തിരുവനന്തപുരം ക്ഷേത്രവാദ്യ കലാമണ്ഡലം അവതരിപ്പിക്കുന്ന കളമെഴുത്തും പാട്ടും തൃശൂര്‍ കിഴിവിരി ചാത്തിരി സംഘം അവതരിപ്പിക്കുന്ന സംഘക്കളി എന്നിവയും അരങ്ങേറും. 
    ഉത്സവം 2018ന്‍റെ കടമ്മനിട്ടയിലെ ഉദ്ഘാടനം ആറിന് വൈകിട്ട് അഞ്ചിന് കടമ്മനിട്ട പടേനി ഗ്രാമത്തില്‍ വീണാജോര്‍ജ് എംഎല്‍എ നിര്‍വഹിക്കും. നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കടമ്മനിട്ട കരുണാകരന്‍,  ജില്ലാ പഞ്ചായത്തംഗം സൂസന്‍ അലക്സ്, ബ്ലോക്ക് പഞ്ചാത്തംഗം എം.എസ്.ദീപ, നാരങ്ങാനം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് അമ്പിളി ഹരിദാസ്, പടേനി ആചാര്യന്‍ കടമ്മനിട്ട വാസുദേവന്‍ പിള്ള, പടേനിഗ്രാമം പ്രസിഡന്‍റ് അഡ്വ.കെ.ഹരിദാസ്, ഡിറ്റിപിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ആര്‍.അജയകുമാര്‍, മനോജ് ചരളേല്‍, സെക്രട്ടറി എ.ഷംസുദ്ദീന്‍, കെ.കെ.വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 
    ആറിന് വൈകിട്ട് ആറ് മുതല്‍ പാലക്കാട് ഇരവാളന്‍ ഡാന്‍സ് ഗ്രൂപ്പ് അവതരിപ്പിക്കുന്ന കൊട്ടുമരം ആട്ടം, പാലക്കാട് പകാനും സംഘവും അവതരിപ്പിക്കുന്ന പൊറാട്ട് നാടകം എന്നിവ നടക്കും. ഏഴിന് വൈകിട്ട് ആറ് മുതല്‍ കണ്ണൂര്‍ രാമചന്ദ്രപണിക്കരും സംഘവും അവതരിപ്പിക്കുന്ന തെയ്യം, തിരുവനന്തപുരം കാരുണ്യ കലാസമിതിയുടെ കാക്കാരിശ്ശി നാടകം എന്നിവയും എട്ടിന് വൈകിട്ട് ആറ് മുതല്‍ പാലക്കാട് ആസാദ് കലാസംഘത്തിന്‍റെ ഇരുളുനൃത്തം, വര്‍ക്കല ശ്രീനിവാസന്‍റെയും സംഘത്തിന്‍റെയും പാക്കനാരാട്ടവും നടക്കും. ഒമ്പതിന് വൈകിട്ട് ആറ് മുതല്‍ തൃശ്ശൂര്‍ കെ.പി.നന്ദിപുലം ആന്‍ഡ് പാര്‍ട്ടിയുടെ കുറത്തിയാട്ടം, കണ്ണൂര്‍ സരിത് ബാബുവും സംഘവും അവതരിപ്പിക്കുന്ന കോതാമൂരിയാട്ടം എന്നിവയും 10ന് കണ്ണൂര്‍ അസീസ് തൈനേരിയും സംഘവും അവതരിപ്പിക്കുന്ന ദഫ്മുട്ട് കോല്‍ക്കളിയും പയ്യന്നൂര്‍ യോദ്ധാ കളരിപ്പയറ്റ് അക്കാദമിയുടെ ചരട് കുത്തിക്കളി എന്നിവയും നടക്കും. 11ന് വൈകിട്ട് ആറ് മുതല്‍ എറണാകുളം യുവജന ചവിട്ടുനാടകം കലാസമിതിയുടെ ചവിട്ടുനാടകവും 12ന് പയ്യന്നൂര്‍ ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെ പയ്യന്നൂര്‍ കോല്‍ക്കളി ചരടുകുത്തിക്കളി എന്നിവയും കാസര്‍ഗോഡ് ഗ്രാമ്യകലാസംഘത്തിന്‍റെ മംഗലംകളിയും അരങ്ങേറും.                                            (പിഎന്‍പി 20/18)

date