Skip to main content

കാൻ തൃശൂർ പദ്ധതിക്ക് തുടക്കമായി

ക്യാൻസർ മുൻകൂട്ടി കണ്ടെത്തി ചികിത്സിക്കുക, രോഗത്തെകുറിച്ച് അവബോധം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ജില്ലാ പഞ്ചായത്ത് തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് നടപ്പിലാക്കുന്ന കാൻ തൃശൂർ പദ്ധതിക്ക് തുടക്കമായി. ടൗൺഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് പദ്ധതി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അർബുദ രോഗികൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിൽ തുടക്കം കുറിക്കുന്ന ഈ പദ്ധതി വളരെ പ്രാധാന്യം അർഹിക്കുന്നുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് പറഞ്ഞു. കാൻസറിന്റെ ലക്ഷണങ്ങളുള്ള വ്യക്തികളെ മുൻകൂട്ടി കണ്ടെത്തി രോഗ നിർണയം ത്വരിതഗതിയിലാക്കി ചികിത്സ ഉറപ്പാക്കുക, രോഗപ്രതിരോധ പ്രവർത്തനങ്ങളും പാലിയേറ്റീവ് കെയർ പ്രവൃത്തികളും ശക്തിപ്പെടുത്തുക, ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിൽ പരിശോധന സൗകര്യവും ചികിത്സാ സൗകര്യവും ഉറപ്പാക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്‌ക്രീനിങ് ക്യാമ്പുകൾ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ പരിശോധന ആവശ്യമുള്ളവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ നടത്തുമെന്നും അവർ പറഞ്ഞു.
പദ്ധതിക്കായി 2019-2020, 2020-21 സാമ്പത്തിക വർഷങ്ങളിൽ ഒരു കോടി 29 ലക്ഷം രൂപയുടെ ധനസഹായമാണ് വകയിരുത്തിയത്. ജില്ലാ പഞ്ചായത്തിന്റെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നടത്തപ്പെടുന്ന സംയുക്ത ക്യാൻസർ നിയന്ത്രണ പരിപാടിയാണിത്. പദ്ധതിയുടെ ജില്ലാതല പരിശീലനം പൂർത്തിയായി. പരിശീലനം ലഭിച്ച ആശാപ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ എന്നിവർ ഓരോ വീട്ടിലും എത്തി രോഗസ്ഥിരീകരണം ആവശ്യമുളളവരെ കണ്ടെത്തി ക്യാമ്പിലേക്ക് എത്തുവാൻ നിർദ്ദേശിക്കുന്നു. ക്യാമ്പിൽ വെച്ച് അർബുദരോഗ ലക്ഷണങ്ങൾ കണ്ടാൽ രണ്ടാംഘട്ട പരിശോധനക്ക് അയ്ക്കുന്നു. ഈ ഘട്ടത്തിൽ മാമോഗ്രാം, ബയോപ്‌സി, സ്‌കാനിങ്, എക്‌സറേ, എഫ്എൻഎസി, പാപ്‌സ് മിയർ ടെസ്റ്റുകൾ, മറ്റു അനുബന്ധ പരിശോധനകൾ എന്നിവ വിവിധ സ്വകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ സൗജന്യമായി ചെയ്തു കൊടുക്കുന്നു. 2019 നവംബർ മാസത്തോടെ പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തീകരിക്കും. ജില്ലാ ജനറൽ ആശുപത്രിയിൽ ക്യാൻസർ രോഗിചികിത്സക്കുളള കൊബാൾട്ട് യൂണിറ്റി ഉൾപ്പെടെയുളള ചികിത്സ സൗകര്യവും പദ്ധതി ഉറപ്പാക്കുന്നു.
വൈസ് പ്രസിഡണ്ട് എൻ കെ ഉദയപ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ മേയർ അജിത വിജയൻ, സംഗീത നാടക അക്കാദമി ചെയർപേഴ്‌സൺ കെപിഎസി ലളിത എന്നിവർ വിശിഷ്ടാതിഥികളായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജുള അരുണൻ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ പത്മിനി ടീച്ചർ എന്നിവർ സംസാരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ ജെ റീന പദ്ധതി വിശദീകരിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി വി സതീശൻ സന്ദേശം നൽകി.

date