Skip to main content

സിബിഎല്‍; ഇനി പോരാട്ടം കോട്ടയത്ത്

പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗിലെ രണ്ടാമത്തെ മത്സരപോരാട്ടത്തിനായി കോട്ടയം ഒരുങ്ങുന്നു.   സംസ്ഥാനത്തെ 12 ജലോത്സവങ്ങള്‍ കോര്‍ത്തിണക്കി  സംഘടിപ്പിക്കുന്ന ലീഗിലെ ഒന്‍പത് ചുണ്ടന്‍ വള്ളങ്ങളാണ് കോട്ടയം താഴത്തങ്ങാടിയില്‍ മീനച്ചിലാറ്റില്‍ സെപ്റ്റംബര്‍ ഏഴിന് മാറ്റുരയ്ക്കുക.

ഓരോ മത്സരത്തിനും ഒന്നാം സ്ഥാനം നേടുന്ന വള്ളത്തിന് 10 പോയിന്‍റും രണ്ടാം സ്ഥാനത്തിന് എട്ട് പോയിന്‍റും മൂന്നു മുതല്‍ ഒന്‍പത് വരെ സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് യഥാക്രമം ഏഴ് പോയിന്‍റ് മുതല്‍  ഒരു പോയിന്‍റുവരെയാണ് ലഭിക്കുക. ഇതിനുപുറമെ മത്സരത്തില്‍ ഏറ്റവും മികച്ച സമയം കുറിക്കുന്ന വള്ളത്തിന് അഞ്ച് പോയിന്‍റ് ബോണസുണ്ട്. 

ഓരോ ജലോത്സവത്തിലേയും ഒന്നു മുതല്‍  മൂന്നുവരെ സ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപ, മൂന്ന് ലക്ഷം രൂപ, ഒരു ലക്ഷം രൂപ എന്ന ക്രമത്തിലാണ് സമ്മാനത്തുക. പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും നാലു ലക്ഷം രൂപ വീതം ബോണസുമുണ്ട്.  

ലീഗിലെ  12 മത്സരങ്ങളും പൂര്‍ത്തിയാകുമ്പോള്‍ പോയിന്‍റ് നിലയില്‍ മുന്നില്‍ എത്തുന്ന ടീമാണ് സിബിഎല്‍ കിരീടം സ്വന്തമാക്കുക. 25 ലക്ഷം രൂപയാണ് ജേതാക്കള്‍ക്കുളള സമ്മാനത്തുക. രണ്ടാം സ്ഥാനക്കാര്‍ക്ക് 15 ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 10 ലക്ഷം രൂപയും ലഭിക്കും.
ആലപ്പുഴയില്‍ നടന്ന നെഹ്രു ട്രോഫി ജലോത്സവത്തോടെ തുടക്കം കുറിച്ച സിബിഎല്‍ നവംബര്‍ 23 ന് കൊല്ലത്ത് പ്രസിഡന്‍റ് ട്രോഫി ജലോത്സവത്തോടെയാണ് സമാപിക്കുക.

date