Skip to main content

സ്മാര്‍ട്ട് ഐ.ടി ലാബ് ഉദ്ഘാടനം

    പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രമാകുന്ന പെരിന്തല്‍മണ്ണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്മാര്‍ട്ട് ഐടി ലാബ് ആരംഭിച്ചു.  നഗരസഭ വിജയപഥം പദ്ധതിയില്‍ പൂര്‍ത്തിയായ ലാബ് നഗരസഭാ ചെയര്‍മാന്‍ എം .മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു. ഇതോടെ സ്‌കൂളിലെ ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി, ഐടി എന്നിങ്ങനെ നാല് ലാബുകള്‍ സ്മാര്‍ട്ട് ലാബുകളായി മാറി. 23 കോടി രൂപ ചെലവിലാണ് സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നത്. പത്ത് കോടി സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായും 13 കോടി രൂപ നഗരസഭ ഫണ്ടില്‍ നിന്നുമാണ്  കണ്ടെത്തുന്നത്. 2020 മേയില്‍ പ്രവര്‍ത്തനം  പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഹയര്‍സെക്കന്‍ഡറി ബ്ലോക്കിന്റെ  നിര്‍മാണം പൂര്‍ത്തിയായി. ഹൈസ്‌കൂള്‍ ബ്ലോക്കിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.
21 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ഐടി ലാബില്‍ ഒരേസമയം 65 വിദ്യാര്‍ഥികള്‍ക്ക് പ്രാക്ടിക്കല്‍ നടത്താനുള്ള സൗകര്യമുണ്ട്. അത്യാധുനിക ഫര്‍ണിച്ചറുകളും ലാപ്‌ടോപ്, കംപ്യൂട്ടര്‍ അനുബന്ധ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതോടെ അന്താരാഷ്ട്ര നിലവാരത്തില്‍ ലാബുകള്‍ സജ്ജമാക്കിയ സ്‌കൂളായി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാറി.
പി.ടി.എ പ്രസിഡന്റ് ടി.കെ ജയന്‍ അധ്യക്ഷനായി. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ കിഴിശ്ശേരി മുസ്തഫ, കൈറ്റ്  ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ റഷീദ് , പ്രിന്‍സിപ്പല്‍ വി കെ ഫൗസിയ, പി മുഹമ്മദ് അഷ്‌റഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
 

date