Skip to main content

മൊറട്ടോറിയം ആനുകൂല്യങ്ങള്‍ കര്‍ഷകരില്‍ എത്തിക്കാന്‍ നടപടിയെടുക്കും                                 :മന്ത്രി വി.എസ് സുനില്‍കുമാര്‍

· കര്‍ഷകരുടെ ജീവനും വിളകള്‍ക്കും സംരക്ഷണ ഉറപ്പാക്കും
· മുഴുവന്‍ കര്‍ഷകര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്

   പ്രളയബാധിത വില്ലേജുകളിലെ ബാങ്കു വായ്പകള്‍ക്ക് പ്രഖ്യാപിക്കപ്പെട്ട മൊറട്ടോറിയം ആനുകൂല്യം മുഴുവന്‍ കര്‍ഷകരിലും എത്തിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്ന്    കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. സാമ്പത്തിക സാക്ഷരത  യജ്ഞത്തിന്റെ ഭാഗമായുളള വായ്പ പുനക്രമീകരണവും മൊറട്ടോറിയത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം കല്‍പ്പറ്റ ജില്ലാ സഹകരണ ബാങ്കില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷവും മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും വായ്പ പുനക്രമീകരിക്കണമെന്ന കാര്യം കര്‍ഷകരിലേക്ക് എത്തിക്കാന്‍ സാധിക്കാത്തതിനാല്‍   കര്‍ഷകര്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതിന്റെ നേട്ടം പൂര്‍ണ്ണമായും ലഭിച്ചില്ല. ഈ പ്രാവശ്യവും ജില്ലയിലെ മുഴുവന്‍ വില്ലേജുകളെയും പ്രളയബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്.  വായ്പ പുനക്രമീകരിക്കണമെന്ന കാര്യം കര്‍ഷകരിലേക്ക് എത്തിക്കാന്‍ പ്രത്യേകം ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണം. ഓരോ പഞ്ചായത്തുകളിലും  ആരെല്ലാം വായ്പയെടുത്തു എന്ന് കണ്ടെത്തി അവരെയെല്ലാം  വിളിച്ച് ചേര്‍ത്ത് മൊറട്ടോറിയം വ്യവസ്ഥങ്ങള്‍ ബോധ്യപ്പെടുത്തണം. സെപ്തംബര്‍ അവസാനത്തോടെ ക്യാമ്പുകള്‍ പൂര്‍ത്തീകരിക്കണമെന്നും മന്ത്രി പറഞ്ഞു. കര്‍ഷകരുടെ വായ്പകള്‍ സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കാനും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമായി ബാങ്കുകളുമായി സഹകരിച്ച് സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്.

 കൃഷി മുഖ്യ ഉപജീവനമാര്‍ഗ്ഗമാക്കിയ  മുഴുവന്‍ പേരെയും സംരക്ഷിക്കുന്ന നയമാണ് സര്‍ക്കാറിനുളളത്.  ഇതില്‍ പ്രാധാനമായ ഒന്നാണ് മുഴുവന്‍ കാര്‍ഷിക വിളകള്‍ക്കും വിള ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തുകയെന്നത്. നിലവില്‍ 26 വിളകള്‍ക്ക് കുറഞ്ഞ പ്രീമിയത്തില്‍ ഇന്‍ഷൂറന്‍സ് സംരക്ഷണം ലഭ്യമാണ്. പദ്ധതിയുടെ പരിധിയില്‍ കൂടുതല്‍ ഇനങ്ങളെ കൂടി ഉള്‍പ്പെടുത്താനാണ് തീരുമാനം. ഇതിലൂടെ കര്‍ഷകരുടെ പ്രധാന വിളകളെയെല്ലാം സംസ്ഥാന ഇന്‍ഷൂറന്‍സിന്റെ പരിധിയിലേക്ക് കൊണ്ട് വരാന്‍ സാധിക്കും. ഒരു കൃഷിഭവന്റെ കീഴിലുമുളള മുഴുവന്‍ കര്‍ഷകര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കുകയാണ്.  ഇതിലൂടെ കര്‍ഷകന്റെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കും. സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന കര്‍ഷക ക്ഷേമബോര്‍ഡ് ബില്ലു കൂടി വരുന്നതോടെ ബോര്‍ഡില്‍  അംഗങ്ങളായവര്‍ക്ക് ലൈഫ് ഇന്‍ഷൂറന്‍സ്, ആരോഗ്യ ഇന്‍ഷൂറന്‍സ്, പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ കൂടി ലഭ്യമാവും. ഇത്തരത്തില്‍ സമഗ്രമായ രീതിയില്‍ കര്‍ഷകരുടെ ജീവന്‍ സുരക്ഷയും വിള ഇന്‍ഷൂറന്‍സും ഉറപ്പ് വരുത്തി കൊണ്ട് പരിപൂര്‍ണ്ണമായ  ഒരു കര്‍ഷക ക്ഷേമ സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം.

     തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളിലുണ്ടായ പ്രളയം കര്‍ഷകരെ വലിയ സാമ്പത്തിക പ്രതിനസന്ധിയിലേക്ക്  തളളിവിട്ട സാഹചര്യമാണ് സംസ്ഥാനത്തുണ്ടായത്. കര്‍ഷകരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് സ്ഥിരമായ കൗണ്‍സിംലിംഗ് സെന്റുറുകള്‍ ആവശ്യമെങ്കില്‍  മന്ത്രി പറഞ്ഞു.  യോഗത്തില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ഡി.ജി.എം എന്‍.കെ കൃഷ്ണന്‍കുട്ടി, ലീഡ് ബാങ്ക് മാനേജര്‍ ജി. വിനോദ്, ടി.ജെ മത്തായി തുടങ്ങിയവര്‍ സംസാരിച്ചു.
 
 

date