Skip to main content

  ക്ഷീരമേഖല രണ്ട് വര്‍ഷത്തിനകം സ്വയംപര്യാപ്തമാകും: മന്ത്രി കെ.രാജു

 

സര്‍ക്കാര്‍ പ്രഖ്യാപനുസരിച്ച് രണ്ടുവര്‍ഷത്തിനകം ക്ഷീര മേഖല സ്വയം പര്യാപ്തമാവുമെന്ന്  ക്ഷീര വികസന, മൃഗ സംരക്ഷണ,വനംവന്യജീവി വകുപ്പ്മന്ത്രി കെ രാജു പറഞ്ഞു. കഴിഞ്ഞ ഒന്നേകാല്‍ വര്‍ഷംകൊണ്ട് പതിനേഴര ശതമാനമാണ് ക്ഷീര മേഖലയിലെ ഉല്‍പ്പാദന വര്‍ധനവ്. അനുയോജ്യവകുപ്പുകളെയും സംഘങ്ങളെയും യോജിപ്പിച്ച് കൃത്യമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതാണ് നേട്ടങ്ങള്‍ക്ക് കാരണം. ക്ഷീരവികസന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ നെന്മാറയില്‍ നടന്ന ദ്വിദിന ജില്ലാ ക്ഷീര കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പാല്‍ ഉത്പാദനത്തില്‍ പാലക്കാട് ജില്ലയ്ക്കുണ്ടായ ആറു ശതമാനം വളര്‍ച്ച പത്ത് ശതമാനമായി ഉയര്‍ത്തണം. ഇതിനുവേണ്ട എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കും.  പാല്‍ ഉത്പാദനം കൂടുതല്‍ ഉളളതും വികസന സാധ്യതകള്‍ ഉള്ളതുമായ പട്ടാമ്പി,മലമ്പുഴ,ചിറ്റൂര്‍,കൊല്ലംകോട് ബ്ലോക്കുകളെ ഡയറി സോണായി മന്ത്രി പരിപാടിയില്‍  പ്രഖ്യാപിച്ചു. ഇതനുസരിച്ച് അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഓരോ വര്‍ഷവും  അന്‍പതുലക്ഷം രൂപ  വീതം അധികം ലഭിക്കും.   ബഡ്ജറ്റില്‍ ക്ഷീരമേഖലക്കായി സര്‍ക്കാര്‍ നൂറ്റി ഏഴുകോടിയാണ് നീക്കിവെച്ചിരിക്കുന്നത്. ഇതിനുപുറമെയാണ് തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതി വിഹിതമായി മുന്നൂറുകോടി നീക്കി വെച്ചിരിക്കുന്നത്. ഇത്രയും തുക ക്ഷീര മേഖലയ്ക്കായി വകയിരുത്തുന്നത്  ചരിത്രത്തില്‍ ആദ്യമാണ്.  തദ്ദേശ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ ശ്രദ്ധേയമായ  ഇടപെടല്‍ നടത്തുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.  
 നിലവിലുള്ള  മൂവായിരത്തി എണ്ണൂറു ക്ഷീര സംഘങ്ങളില്‍ ഭൂരിഭാഗവും മികച്ച പ്രവര്‍ത്തനം നടത്തുന്നുണ്ട്. ചിലത് മേഖലയ്ക്ക്  പേര് ദോഷം ഉണ്ടാക്കുന്നത് ഒഴിവാക്കാന്‍ വകുപ്പ് ഡയറക്റ്റര്‍ ഉള്‍പ്പെടെയുള്ളവര്‍  പരിശോധന നടത്തണം. ക്ഷീര കര്‍ഷകരുടെ പണം സംഘങ്ങളില്‍ കൂടുതല്‍ ദിവസം  സൂക്ഷിക്കുന്ന രീതി പുന:പരിശോധിക്കണം. ക്ഷേമനിധി കുടിശിക ഉള്ള  സംഘങ്ങള്‍  ഉടന്‍ അടച്ചുതീര്‍ക്കണം.  ഡിസംബര്‍  വരെയുളള ക്ഷേമ  പെന്‍ഷന്‍ കൊടുത്തുതീര്‍ക്കാനുള്ള നടപടി സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൊടും ചൂടില്‍ പാല്‍ ഉത്പ്പാദനം കുറയുന്ന പാലക്കാട് ജില്ലയിലെ കാലികള്‍ക്ക് മാത്രമായി പ്രത്യേക ധാതു മിശ്രിതം ക്ഷീര വകുപ്പ് വികസിപ്പിച്ചു കഴിഞ്ഞു. ഇത് ഉപയോഗിച്ചാല്‍ പാലില്‍ ഫാറ്റ്, എസ്, എന്‍, എഫ് അളവുകള്‍ കൂടും. മാത്രമല്ല 12 രൂപ വരെ അധിക വരുമാനം കര്‍ഷകന് ലഭിക്കുകയും ചെയ്യും. പദ്ധതിയുടെ പൈലെറ്റ് പ്രോജക്റ്റ് നടപ്പാക്കാന്‍ നെന്മാറ, ചിറ്റൂര്‍ മേഖലകളെ തിരഞ്ഞെടുത്തതായി മന്ത്രി അറിയിച്ചു. ക്ഷീര കര്‍ഷകന് ന്യായവില ഉറപ്പാക്കാന്‍  മേഖലയ്ക്ക് കഴിഞ്ഞു. പുതിയതായി മേഖലയിലേക്ക് വരുന്നവര്‍ക്ക് എല്ലാ പ്രോത്സാഹനവും നല്‍കുമെന്നും മന്ത്രി പറഞ്ഞു. പരിപാടിയില്‍ ഡയറി ഡയറക്ടറിയുടെ പ്രകാശനവും മന്ത്രി നിര്‍വ്വഹിച്ചു.  കയറാടി ക്ഷീരസംഘത്തിന്‍റെ ആതിഥേയത്വത്തില്‍ നടന്ന പരിപാടിയില്‍ കെ ബാബു എം എല്‍ എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ശാന്തകുമാരി, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി വി രാമകൃഷ്ണന്‍, ക്ഷീര കര്‍ഷക സംഗമ കമ്മറ്റി ചെയര്‍മാന്‍ കെ എന്‍ മോഹന്‍, ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ എബ്രഹാം ടി ജോസഫ് , ക്ഷീര വികസന വകുപ്പ്  ഡെപ്യൂട്ടി ഡയറക്ടര്‍ പി എ ബീന,  ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ:കെ രാജന്‍,എം.ആര്‍.സി.എം.പി.യു ചെയര്‍മാന്‍ കെ എന്‍ സുരേന്ദ്രന്‍ നായര്‍,    ജില്ലാ,ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിച്ച ക്ഷീര കര്‍ഷകരെ  പരിപാടിയില്‍ ആദരിച്ചു. 

date